ലണ്ടൻ: കോവിഡിന്റെ തീവ്രതയളക്കുന്ന വ്യാപന നിരക്ക്, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം, മരണനിരക്ക് എന്നീ മൂന്ന് കാര്യങ്ങളിലും തുടർച്ചയായ കുറവാണ് ബ്രിട്ടനിൽ ഉണ്ടാകുന്നത്. നിയന്ത്രണങ്ങൾ ഏതാണ്ട് പൂർണ്ണമായി നീക്കിയിട്ടും കോവിഡ് വ്യാപനത്തിനെ ശക്തി കുറയുന്നത് ഏറെ പ്രതീക്ഷകളാണ് നൽകുന്നത്. കോവിഡിനെ പിടിച്ചുകെട്ടിയ ബ്രിട്ടീഷ് മാതൃകയെ ഇപ്പോൾ ലോകം മുഴുവൻ ഉറ്റുനോക്കുകയാണ്. തുടർച്ചയായ പത്താം ദിവസമാണ് പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നത്.

ഇന്നലെ ബ്രിട്ടനിൽ 58,899 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്‌ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 29.9 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. അതുപോലെ 193 കോവിഡ് മരണങ്ങളാണ് ഇന്നലെ രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്‌ച്ചയിലേതിനെ അപേക്ഷിച്ച് 24 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ളത്. ലഭ്യമായ ഏറ്റവും അവസാനത്തെ കണക്കുകൾ പ്രകാരം ഫെബ്രുവരി 7 ന് 1395 കോവിഡ് രോഗികളേയാണ് ചികിത്സാർത്ഥം ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. തൊട്ടു മുൻപത്തെ ആഴ്‌ച്ചയിലേതിനേക്കാൾ 12.6 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ളത്.

കണക്കുകൾ എല്ലാം അനുകൂലമായതോടെ ഇംഗ്ലണ്ടിന്റെ പാത പിന്തുടർന്ന് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ എല്ലാം തന്നെ പിൻവലിക്കാൻ ബ്രിട്ടനിലെ മറ്റ് അംഗരാജ്യങ്ങളെ പ്രേരിപ്പിക്കാനുള്ള ശ്രമം വൈറ്റ്ഹാൾ ആരംഭിച്ചതായി അറിയുന്നു. ഈ മാസം അവസാനത്തോടെ കൊറോണയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ പൂർണ്ണമായും പിൻവലിക്കാനാണ് ഇംഗ്ലണ്ട് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. മറ്റു അംഗരാജ്യങ്ങളെക്കൊണ്ടും അന്നേ ദിവസം നിയന്ത്രണങ്ങൾ എല്ലാം പിൻവലിപ്പിക്കാനാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ശ്രമിക്കുന്നത്.

നേരത്തേ നിശ്ചയിച്ചതിലും ഒരു മാസം മുൻപേ കോവിഡ് നിയന്ത്രണങ്ങൾ എല്ലാം പിൻവലിക്കുമെന്ന് ബോറിസ് ജോൺസൺ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 24 നാണ് കോവിഡ് സ്വാതന്ത്ര്യ ദിനമായി നിശ്ചയിച്ചിരിക്കുന്നത്. അതിനിടെ 12 വയസ്സിൽ താഴെയുള്ള കുട്ടികൾ വാക്സിൻ എടുത്തിട്ടില്ലെങ്കിലും സ്പെയിനിൽ പ്രവേശിക്കുവാനുള്ള അനുമതി സ്പാനിഷ് സർക്കാർ നൽകി. ഹാഫ് ടേം ഒഴിവുകാല യാത്രയ്ക്കായി പോകാനിരിക്കുന്ന ആയിരക്കണക്കിന് ബ്രിട്ടീഷ് കുടുംബങ്ങൾക്ക് ഏറെ ആനന്ദം നൽകുന്ന ഒരു ഉത്തരവാണത്.

മറുഭാഗത്ത് ബ്രിട്ടന്റെ വാകിസിൻ പദ്ധതിയും അതിന്റെ പാരമ്യതയിലാണ്. ഇന്നലെ 34,203 പേർക്ക് കൂടി ബൂസ്റ്റർ ഡോസ് നൽകി ഇതോടെ വൈറസിനെതിരെ സമ്പൂർണ്ണ സംരക്ഷണം നേടിയവരുടെ എണ്ണം 37.7 മില്യൺ ആയി ഉയർന്നു. 11,614 പേർക്ക് ആദ്യ ഡോസും നൽകി. ഇതോടെ രാജ്യത്തെ മൊത്തം ജനസംഖ്യയിൽ 91.3 ശതമാനം പേർക്ക് വാക്സിന്റെ ഒരു ഡോസെങ്കിലും ലഭിച്ചു കഴിഞ്ഞു.

ഡെല്റ്റക്രോൺ സ്ഥിരീകരിച്ച് ബ്രിട്ടീഷ് ആരോഗ്യ വകുപ്പ്

അതിവ്യാപനശേഷിയുള്ള ഓമിക്രോണും അതി പ്രഹരശേഷിയുള്ള ഡെൽറ്റയും സംഗമിച്ച് അതീവ വ്യാപനശേഷിയും പ്രഹരശേഷിയും ഉള്ള ഡെൽറ്റക്രോൺ എന്ന വകഭേദം ഉണ്ടായേക്കാം എന്ന അഭ്യുഹങ്ങൾ ഏറെ പരന്നിരുന്നു. അഭ്യുഹങ്ങൾ മാത്രമല്ല, പേര്പറഞ്ഞുകൊണ്ടല്ലെങ്കിലും ഇത്തരത്തിലുള്ള ഒരു വകഭേദത്തിന് സാധ്യതയുണ്ടെന്ന് ശാസ്ത്രലോകവും മുന്നറിയിപ്പ് നൽകിയിരുന്നു. ഇപ്പോൾ അത് യഥാർത്ഥമാവുകയാണ്/ ബ്രിട്ടനിൽ ഒരാളിലെങ്കിലും ഇത്തരത്തിലുള്ള ഒരു വകഭേദത്തെ കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് മേധാവികൾ അറിയിച്ചു.

രണ്ട് വകഭേദങ്ങൾ ഒരേസമയം ബാധിക്കുമ്പോഴാണ് ഇത്തരത്തിൽ പുതിയ വകഭേദം ഉണ്ടാകാൻ സാധ്യതയുള്ളത്. അത്തരത്തിലുള്ള ഒന്നാണ് ഇപ്പൊൾ ഈ രോഗിയിൽ ഉള്ളത് എന്നാണ് പറയപ്പെടുന്നത്. എന്നാൽ, ഇത് ബ്രിട്ടനിൽ സംഭവിച്ചതാണോ അതോ മറ്റെവിടെയെങ്കിലും നിന്ന് ഇത്തരത്തിലുള്ള ഒരു വകഭേദം ഇയാളെ ബാധിച്ചതാണോ എന്നത് വ്യക്തമായിട്ടില്ല. മാത്രമല്ല, ഈ പുതിയ വക്ഭേദം രോഗം ഗുരുതരമാക്കുമോ എന്നകാര്യവും വ്യക്തമായിട്ടില്ല.