ഒരാൾക്ക് ഡിമെൻഷ്യ വരുമോയെന്ന് അഞ്ചുവർഷംമുമ്പുതന്നെ കൃത്യമായി പ്രവചിക്കാവുന്ന പരിശോധനയ്ക്ക് ശാസ്ത്രജ്ഞർ രൂപം നൽകി. മണം തിരിച്ചറിയാനുള്ള കഴിവ് പരിശോധിച്ചാണ് രോഗസാധ്യത മുൻകൂട്ടി അറിയാനാകുന്നത്. സാധാരണ നമുക്കുചുറ്റുമുള്ള മണങ്ങളിൽ അഞ്ചിൽ നാലെണ്ണമെങ്കിലും തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ രോഗസാധ്യത മറ്റുള്ളവരേക്കാൾ ഇരട്ടിയാണെന്ന് ഷിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ പറയുന്നു.

മണം തിരിച്ചറിയാനുള്ള ശേഷി എത്ര കുറയുന്നുവോ അത്രയും രോഗസാധ്യത കൂടുതലാണെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. മീൻ, ഓറഞ്ച്, പെപ്പർമിന്റ്, റോസ്, തോൽ എന്നിങ്ങനെ നമുക്കുചുറ്റും സർവസാധാരണമായ വസ്തുക്കളുടെ മണം തിരിച്ചറിയുന്നതിലൂടെ തന്നെ രോഹസാധ്യത മുൻകൂട്ടി കാണാനാവുമെന്നതുകൊണ്ട് ഈ പരിശോധന ആർക്കും നടത്താവുന്നതേയുള്ളൂ. ഇതനുസരിച്ചുള്ള സൂചനകൾ രോഗം മുൻകൂട്ടി കണ്ടെത്തി പ്രതിരോധിക്കാൻ സഹായിക്കും.

മുൻകൂട്ടിത്തന്നെ മരുന്നുകൾ കഴിച്ചുതുടങ്ങാനും ജീവിതശൈലിയിൽ മാറ്റം വരുത്താനും സാധിക്കും. ഇത് രോഗത്തിന്റെ പ്രഹരശേഷി കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു. രോഗം ശരീരത്തിൽ പിടിപെട്ടാലും 20 വർഷം വരെ തിരിച്ചറിയപ്പെടാതെ കിടക്കുമെന്നതാണ് ഡിമൻഷ്യയുടെ വലിയ അപകടം. പലപ്പോഴും രോഗം മൂർഛിക്കുന്ന ഘട്ടത്തിൽമാത്രമാകും സൂചനകൾ പ്രകടമാവുക.

ഡിമെൻഷ്യയുടെ ആദ്യ സൂചനകൾ പ്രകടമാകുന്നത് തലച്ചോറിലെ ഏതുഭാഗത്തെയാണെന്ന ഗവേഷണത്തിലായിരുന്നു ശാസ്ത്രലോകം. മണം തിരിച്ചറിയാനുള്ള കഴിവാണ് ആദ്യം നഷ്ടപ്പെടുകയെന്ന ഗവേഷണഫലം ആ നിലയ്ക്കുള്ള വലിയ കണ്ടെത്തലാണ്. തലച്ചോറിലെ ഓൾഫാക്ടറി ന്യൂറോൺസിനെയാണെന്ന് ഗവേഷകർ പറയുന്നു.

മണം തിരിച്ചറിയാനുള്ള ശേഷിയിലുണ്ടാകുന്ന വ്യത്യാസം അൽഷിമേഴ്‌സ് മുൻകൂട്ടി കണ്ടെത്താൻ സഹായിക്കുമെന്ന് നേരത്തേ ഗവേഷകർ മനസ്സിലാക്കിയിരുന്നു. ഹൈപ്പോസ്മിയയെന്നും അനോസ്മിയയെന്നുമാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. പീനട്ട് ബട്ടർ ടെസ്റ്റ് എന്നാണ് ഇതറിയപ്പെടുന്നത്. മണം തിരിച്ചറിയാനുള്ള കഴിവ് എത്രത്തോളമുണ്ടെന്നതിൽനിന്ന് രോഗത്തിന്റെ ശക്തി തിരിച്ചറിയാനാകുമെന്നും ഗവേഷകർ പറയുന്നു.