കൗമാരക്കാലത്ത് ലൈംഗികാതിക്രമത്തിന് ഇരയായിരുന്നുവെന്ന് അമേരിക്കൻ ഗായികയും ഗാനരചയിതാവുമായ ഡെമി ലോവാട്ടോ. അമിതമായി മയക്കുമരുന്ന് കഴിച്ച രാത്രിയിലാണ് താൻ ആദ്യമായി ലൈം​ഗിക ചൂഷണത്തിന് ഇരയായതെന്നും ഡെമി ലോവാട്ടോ ഈയടുത്തായി പുറത്തിറങ്ങിയ ഡോക്യൂ സീരീസിൽ വ്യക്തമാക്കുന്നു. താൻ അമിതമായി മയക്കു മരുന്ന് കഴിച്ച രാത്രി ഒരു മയക്കുമരുന്ന് ഇടപാടുകാരൻ തന്നോട് മോശമായി പെരുമാറിയതെന്നാണ് താരം വെളിപ്പെടുത്തുന്നത്.

ചൊവ്വാഴ്‌ച്ച SXSW ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച 'ഡെമി ലോവാട്ടോ: ഡാ9സിങ് വിത് ദ ഡെവിൾ' എന്ന നാല് ഭാഗങ്ങളുള്ള ഡോക്യുമെന്ററിയിലാണ് 28 വയസുകാരിയായ താരം തന്റെ അനുഭവങ്ങളെക്കുറിച്ച് മനസു തുറന്നത്. 2018 ജൂലൈയിൽ നടന്ന സംഭവത്തെക്കുറിച്ച് 'ഹാർട്ട് അറ്റാക്ക്' എന്ന പാട്ടു പാടിയ താരം പറയുന്നത് അന്ന് ഏകദേശം മരിച്ചു എന്നുറപ്പിച്ചു എന്നാണ്. 'ഞാൻ അമിതായി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു. ഈ അവസരം മുതലെടുക്കപ്പെട്ടു'. സംഭവം നടന്ന രാത്രി ഹെറോയിനിൽ ഫെന്റെയ്ൽ മിക്സ് ചെയ്തായിരുന്നു ലോവാട്ടോ ഉപയോഗിച്ചിരുന്നതെന്ന് സുഹൃത്തായ സിറാ മിച്ചേൽ പറയുന്നു. മയക്കുമരുന്ന് ഇടപാടുകാരൻ അവൾക്ക് കൂടുതൽ മയക്കു മരുന്ന് നൽകി അബോധാവസ്ഥയിൽ ആക്കിയെന്ന് മിച്ചേൽ സാക്ഷ്യപ്പെടുത്തുന്നു.

വർഷങ്ങളോളം ലഹരിക്ക് അടിമയായിരുന്ന താരം തന്റെ ഈ ശീലത്തെക്കുറിച്ച് ആരാധകരുടെ മുന്നിൽ ‘സിംപ്‌ളി കോംപ്‌ളിക്കേറ്റഡ്' എന്ന ഡോക്യുമെന്ററിയിലൂടെ വെളിപ്പെടുത്തിയിരുന്നു. അക്കാലത്ത് താൻ നേരിട്ടിരുന്ന ദുരിതത്തെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചുമെല്ലാം താരം വ്യക്തമാക്കുകയും ചെയ്തിരുന്നു. 17-ാം വയസ്സിൽ കൊക്കെയ്ൻ രുചിച്ച് നോക്കിക്കൊണ്ട് ലഹരി വഴിയിൽ എത്തിയ ലോവാട്ടോ തന്റെ പിതാവ് കടുത്ത മദ്യപാനി ആയിരുന്നെന്നും നേരത്തേ വെളിപ്പെടുത്തിയിരുന്നു.