ന്യൂഡൽഹി: കള്ളപ്പണ വേട്ട ലക്ഷ്യമിട്ടുള്ള നോട്ട് നിരോധനം കൊണ്ട് എന്തെങ്കിലും ഫലം ഗുണം ലഭിച്ചോ എന്നത് സംബന്ധിച്ച ചർച്ചകൾ നടക്കുകയാണിപ്പോൾ. 97 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്നാണ് പൊതുവിലയിരുത്തൽ. ഇതിനിടെയാണ് രാജ്യവ്യാപകമായി കണക്കിൽ പെടാത്ത പണത്തിന്റെ വിവരങ്ങൾ പുറത്തുവരുന്നത്. നോട്ട് നിരോധനത്തിന് ശേഷം കണക്കിൽപെടാത്ത നാല് ലക്ഷത്തോളം കോടി രൂപ ബാങ്കുകളിൽ നിക്ഷേപമായി എത്തിയതായി ആദായ നികുതി വകുപ്പ് വ്യക്തമാക്കി. സഹകരണ ബാങ്കുകളും ഇതിൽ ഉൾപ്പെടും.

മൂന്നു ലക്ഷത്തിനും നാല് ലക്ഷം കോടിക്കും ഇടയിലുള്ള സംഖ്യ ബാങ്കുകളിൽ എത്തിയതായാണ് പ്രാഥമിക കണക്ക്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പി.ടി.ഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 60 ലക്ഷം ബാങ്ക് അക്കൗണ്ടിലായി രണ്ട് ലക്ഷത്തിലധികം രൂപയുടെ വീതം നിക്ഷേപം വന്നു.

നിഷ്‌ക്രിയ അക്കൗണ്ടുകളിൽ 25,000 കോടി രൂപ നിക്ഷേപിക്കപ്പെട്ടു. നവംബർ എട്ടിന് ശേഷം വായ്പ തിരിച്ചടവായി 80,000 കോടി രൂപയും ബാങ്കുകളിലെത്തി. വിവിധ സഹകരണ ബാങ്കുകളിലായി എത്തിയ 16000 കോടി രൂപയുടെ ഉറവിടവും അന്വേഷിക്കും. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ മാത്രം 10,700 കോടി രൂപയുടെ നിക്ഷേപം വന്നു.

പ്രാഥമികമായി നടത്തിയ പരിശോധനയിലാണ് ഇത്രയും തുകയുടെ കള്ളപ്പണം ബാങ്കിലെത്തിയതായി ആദായനികുതി വകുപ്പ് പറയുന്നത്. ഈ നിക്ഷേപങ്ങളെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്നും വകുപ്പ് പറയുന്നു. നിഷ്‌ക്രിയ അക്കൗണ്ടുകൾ വ്യാപകമായി കള്ളപ്പണം വെളുപ്പിക്കാൻ ഉപയോഗിച്ചതായും 25,000 കോടി രൂപ ഇവയിൽ നിക്ഷേപിച്ചതായും കണ്ടെത്തി. ഇതിനെല്ലാം പുറമെ നവംബർ എട്ടിന് ശേഷം വായ്പ തിരിച്ചടവുകളും കൂടുതലായി. 80,000 കോടി രൂപയാണ് വായ്പ തിരിച്ചടവ് ഇനത്തിൽ ബാങ്കുകളിൽ തിരിച്ചെത്തിയത്.