ന്യൂഡൽഹി : 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയ കേന്ദ്രസർക്കാർ തീരുമാനത്തിന് ഫ്രാൻസിന്റെ പിന്തുണ. നാലു ദിവസത്തെ സന്ദർശനത്തിനായാണ് ഫ്രഞ്ച് മന്ത്രി ഇന്ത്യയിൽ എത്തിയ ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഴാൻ മാർക്ക് അയ്‌റോൾട്ടാണ് നിലപാട് വിശദീകരിച്ചത്. കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറച്ച തീരുമാനമാണ് ഇത് കാണിക്കുന്നതെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രി പറഞ്ഞു. 'അവർ ശരിയായ പാതയിലാണ്' എന്നാണ് കേന്ദ്രത്തിന്റെ നീക്കങ്ങളെ ഫ്രഞ്ച് മന്ത്രി വിശേഷിപ്പിച്ചത്.

മോദിയുടെ നേതൃത്വത്തിൽ എടുത്ത പല തീരുമാനങ്ങളും വിദേശനിക്ഷേപത്തെ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നും വാർത്താ ഏജൻസിയായ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയെയും കേന്ദ്രനയങ്ങളെയും ഴാൻ മാർക്ക് അയ്‌റോൾട്ട് പുകഴ്‌ത്തി. 'മെയ്ക്ക് ഇൻ ഇന്ത്യ' എന്നത് മികച്ച നീക്കമാണ്. അതിന്റെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ട്. എല്ലാ ആശംസകളും നേരുന്നു. ഇത്തരമൊരു പദ്ധതിയുടെ ഭാഗമാകാൻ സാധിച്ചതിൽ നന്ദി പറയുന്നുവെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രി പറഞ്ഞു.

ഇന്ത്യ നടപ്പാക്കിയ നോട്ട് അസാധുവാക്കൽ ശക്തമായ തീരുമാനമാണ്. കള്ളപ്പണത്തിനും അഴിമതിക്കും നികുതിവെട്ടിപ്പുകാർക്കുമെതിരെയുള്ള മോദിയുടെ പോരാട്ടമാണ് ഇതിലൂടെ കാണുന്നത്. പുതിയ നീക്കത്തിലൂടെ വലിയൊരു മാറ്റമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഡിജിറ്റൽ സമ്പദ് വ്യവസ്ഥപോലുള്ള നീക്കങ്ങളും ലക്ഷ്യമിടുന്നു. പുതിയ നീക്കങ്ങളെ നല്ല രീതിയിലാണ് ഞങ്ങൾ നോക്കിക്കാണുന്നത്. സംരംഭകർക്ക് മികച്ച പിന്തുണ നൽകുന്നതാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഴാൻ മാർക്ക് അയ്‌റോൾട്ട് പറഞ്ഞു.