തിരുവനന്തപുരം: പറയുന്ന കാര്യങ്ങൾ വ്യക്തമായി മനസ്സിലാകണമെങ്കിൽ അടുത്ത് തന്നെ ഇരിക്കണം. ചിലപ്പോഴൊക്കെ വാക്കുകൾ പകുതി മുറിഞ്ഞ് പോകുന്നുമുണ്ട്.. 764 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുന്ന ശ്രീജിത്തിന്റെ ആരോഗ്യ നില ഓരോ നിമിഷവും ഗുരുതരമായി കൊണ്ടിരിക്കുകയാണ്. നിരാഹാര സമരം നിരന്തരമായി തുടരുന്ന ശ്രീജിത്ത് ഇപ്പോൾ എല്ലും തോലുമായി എന്ന അവസ്ഥയിലാണ്. ആദ്യമായി സമരത്തിന് വന്ന സുമുഖനായ ശ്രീജിത്ത് ഇന്ന് ക്ഷീണം കാരണം എണീറ്റ് നിൽകാൻ പോലും പറ്റാത്ത രീതിയിൽ അവശനാണ്. സമരത്തിന്റെ ആദ്യ ഘട്ടത്തിൽ ദിവസവും ഒരുനേരം ആഹാരം കഴിച്ചിരുന്ന ശ്രീജിത്ത് ഇപ്പോൾ ആഴ്ചയിലൊരിക്കലാണ് ഭക്ഷണം കഴിക്കുന്നത്.

ആഴ്ചയിൽ ഒരിക്കൽ ഭക്ഷണം കഴിക്കുന്നതിന് പുറമേ വെള്ളം മാത്രം കുടിച്ചാണ് ശ്രീജിത്ത് മുന്നോട്ട് പോകുന്നത്. ഇപ്പോൾ കുറച്ച് ദിവസമായി വെള്ളമിറക്കാൻ പോലും ശ്രീജിത്ത് ബുദ്ധിമുട്ടുന്നുണ്ട്. ഇടയ്ക്ക് പരിശോധന നടത്തിയ ഡോക്ടർ പോലും പറഞ്ഞത് ഇഔ അവസ്ഥയിൽ മുന്നോട്ട് പോകുന്നത് ജീവന് ആപത്താണെന്നാണ്. എന്നാൽ ഇതൊന്നും തന്നെ ശ്രീജിത്തിനെ സമരത്തിൽ നിന്നും പിന്തിരിപ്പിക്കുന്നില്ല. ഇവിടെ കിടന്ന് ചത്താലും ശരി സിബിഐ അന്വേഷണം പ്രഖ്യാപിക്കാതെ പിന്മാറില്ലെന്നാണ് ശ്രീജിത്തിന്റെ പക്ഷം.

ശരീരത്തിലെ ഷുഗറിന്റെ അളവ് ക്രമാധീതമായി കുറഞ്ഞിട്ടുണ്ട്. പ്രഷറും കൂടുതലാണ്. പിന്നെ ശരീരത്തിന് അത്യാവശ്യം വേണ്ട യാതൊരു പോഷകങ്ങളുമില്ല. കിഡ്നിയുടെ പ്രവർത്തനം പരിശോധിക്കണം.ശ്രീജിത്തിന്റെ ശരീരത്തിൽ ഇത്രയും കാര്യങ്ങൾ ഗുരുതരമാണ്. ശ്രീജിത്തും മരിച്ച ശ്രീജിവും ഉൾപ്പടെ മൂന്ന് മക്കളാണ് ഇവരുടെ മാതാവ് രമണിക്ക്. ഒരു മകൻ നഷ്ടപ്പെട്ട് കഴിഞ്ഞ അവർ ഇപ്പോൾ രണ്ടാമത്തെ മകനും നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ്. സമരമിരിക്കുന്ന ശ്രീജിത്തിനെ കാണാൻ ഇടയ്ക്ക് ഇടയ്ക്ക് നെയ്യാറ്റിൻകരയിലെ വീട്ടിൽ നിന്നും അമ്മ എത്താറുണ്ട്.

മകനെ കാണാനായി സെക്രട്ടേറിയറ്റിന് മുന്നിൽ എത്തുമ്പോൾ ആ അമ്മ കൈയിൽ ഒരു പൊതി ഭക്ഷണവും കരുതും. സ്നേഹത്തോടെ കൊടുക്കുമ്പോൾ മകൻ അത് നിരസിക്കില്ലെന്ന പ്രതീക്ഷയിലാണ് അമ്മ എത്തുന്നത്. എന്നാൽ ഒരു കാരണവശാലും താൻ ഭക്ഷണം കഴിക്കില്ലെന്ന തീരുമാനം മാറ്റാൻ ശ്രീതിത്ത് ഒരിക്കൽപോലും തയ്യാറായിരുന്നില്ല. പിന്നെ കൊണ്ട് വരുന്ന ഭക്ഷണം വെറുതെ പാഴാക്കി കളയണ്ടെന്ന് കരുതി സമീപത്തെ ഏതെങ്കിലും സമരപന്തലിലെ ആളുകൾക്ക് നൽകിയ ശേഷം കണ്ണുകൾ തുടച്ച് ആ അമ്മ മടങ്ങും.

പിന്തുണയുമായി സമരപന്തലിലേക്ക് യുവാക്കളുടെ ഒഴുക്ക്

നിരവധി ആളുകളാണ് ഇപ്പോൾ ശ്രീജിത്തിന് പിന്തുണയുമായി സമരപന്തലിലേക്ക് എത്തുന്നത്. ഇത്രയും കാലം ഒറ്റയ്ക്ക് സമരം ചെയ്ത തനിക്ക് ഇപ്പോൾ നിരവധി പേരുടെ പിന്തുണ ലഭിക്കുന്നുവെന്നും അതുകൊണ്ട് തന്നെ സമരം വിജയിക്കുമെന്നും അനിയന്റെ ഘാതകരായ പൊലീസുകാർക്കെതിരെ സിബിഐ അന്വേഷണത്തിലൂടെ നടപടി വരുമെന്നുമാണ് ശ്രീജിത്ത് കരുതുന്നത്.സംസ്ഥാന സർക്കാർ മുൻപ് സിബിഐക്ക് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചുവെങ്കിലും സംസ്ഥാനത്ത് നിന്ന് നിരവധി കേസുകൾ ഇപ്പോൾ തന്നെ ഉണ്ടെന്ന് സിബിഐ മറുപടി നൽകിയിരുന്നു.

അയൽവാസിയെ പ്രണയച്ചതിന്റെ പേരിൽ പൊലീസുകാർ തല്ലികൊന്ന തന്റെ അനിയന് നീതി കിട്ടണം എന്നാവിശ്യപ്പെട്ടാണ് ശ്രീജിത്ത് നിരാഹാരം തുടങ്ങിയത്. ഇത് സംബന്ധിച്ച വാർത്തകൾ ആ്ദ്യം മുതൽ റിപ്പോർട്ട് ചെയ്തിരുന്നത് മറുനാടൻ മലയാളിയാണ്. ശ്രീജിത്തിന്റെ നിരാഹാര സമരം ആരംഭിച്ചിട്ട് 764 ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു. ഇനിയും അയാൾക്ക് നീതികിട്ടിയില്ലെങ്കിൽ ഒരു മകനെ നഷ്ടപെട്ട അമ്മയ്ക്ക് അവരുടെ മറ്റൊരു മകനെ കൂടി ബലി നൽകേണ്ടി വരുമെന്ന അവസ്ഥയിലാണ് സോഷ്യൽ മീഡിയയിൽ കാമ്പയിൻ ശക്തമായത്.

ഇത്രയും ദിവസമായി മഴയും വെയിലും കൊണ്ട് ഇവിടെ കിടന്ന ശ്രീജിത്തിന് പിന്തുണയുമായി ഇപ്പോൾ യുവാക്കളാണ് രംഗതെത്തിയിരിക്കുന്നത്. ഇവർ രാഷ്ട്രീയഭേദമന്യേ ഒരുമിച്ച് നിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്. രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ ശ്രീജിത്തിന് പിന്തുണയർപ്പിച്ച് വീണ്ടും ക്യാമ്പയിനുകൾ സജീവമാണ്.ഒരു രാഷ്ട്രീയ പാർട്ടിയുടേയും കൊടി പിടിക്കാതെ സിപിഎമ്മുകാരനും ബിജെപിക്കാരനും കോൺഗ്രസുകാരനുമൊക്കെ ഒരുമിച്ച് തന്നെ ഈ വിഷയത്തിൽ ഇടപെടുമെന്നാണ് സെക്രട്ടേറിയറ്റ് പടിക്കൽ ശ്രീജിത്തിനെ കാണാൻ എത്തിയ ഒരു യുവാവ് പ്രതികരിച്ചത്.

ശ്രീജിവിന്റെ ജീവനെടുത്തത് അയൽക്കാരിയുമായുള്ള പ്രണയം

ശ്രീജിത്തിന്റെ അനിയൻ ശ്രീജിവ് ചെയ്ത തെറ്റ് അയൽവാസിയായ യുവതിയെ പ്രണയിച്ചുവെന്നതാണ് ആ യുവാവിന്റെ ജീവൻ നഷ്ടമാകാൻ ഇടയാക്കിയ സംഭവം. പെൺകുട്ടിയുടെ ബന്ധുക്കൾ ഉന്നത സ്വാധീനമുപയോഗിച്ച് പൊലീസിൽ ശ്രീജിനെ കള്ളക്കേസിൽ കുടുക്കി അകത്തിട്ട് പെരുമാറിയാണ് കൊലപ്പെടുത്തിയത്. ഈ സംഭവ്തതിൽ പൊലീസ് തന്നെയാണ് തെറ്റ്കാരെന്നും കുടുംബത്തിന് നഷ്ട പരിഹാരം നൽകണമെന്നും പൊലീസ് കംപ്ലയിന്റ്സ് അതോരിറ്റി വിധിക്കുകയും ചെയ്തു. എന്നാൽ ചിരിച്ച് കൊണ്ട് ശ്രീജിവിന്റെ സഹോദരൻ ശ്രീജിത്ത് ആവശ്യപ്പെട്ടത് ഇത്രമാത്രം. എനിക്ക് പണമൊന്നും നഷ്ടപരിഹാരമായി വേണമെന്നില്ല എന്റെ അനിയനെ കൊന്നവർക്കെതിരെ നിയമനടപടി വേണം. കൊലപാതകം സിബിഐ അന്വേഷിക്കണം.ഈ ആവശ്യം നേടിയെടുക്കും വരെ സെക്രട്ടേറിയറ്റ് പടിക്കൽ സമരം കിടക്കും ചാവുന്നെങ്കിൽ അങ്ങ് ചാവട്ടെ. ശ്രീജിത്ത് ഇപ്പോഴും പറഞ്ഞു.

2014 മെയ് 21നാണ് ശ്രീജിവ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് മരിക്കുന്നത്. അയൽക്കാരിയായ യുവതിയുമായി ശ്രീജിനുണ്ടായിരുന്ന പ്രണയബന്ധമാണ് പൊലീസിന്റെ കൊടും ക്രൂരതയ്ക്ക് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. പരേതനായ ശ്രീധരൻ-രമണി എന്നിവരുടെ മൂന്നു ആൺമക്കളിൽ എറ്റവും ഇളയവനായിരുന്നു കൊല്ലപ്പെട്ട ശ്രീജിവ്. അടുപ്പത്തിലായിരുന്ന അയൽവാസിയായ പെൺകുട്ടിയുടെ അച്ഛനുമായി ശ്രീജിവ് വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് എറണാകുളത്തേക്ക് മൊബൈൽ റിപ്പയറിംങ്ങ് ഷോപ്പിൽ ജോലിക്ക് പോവുകയുമായിരുന്നു. ഇതിനിടയിലാണ് പെൺകുട്ടിയുടെ വിവാഹം നടത്താൻ വീട്ടുകാർ തീരുമാനിച്ചത്. എറണാകുളത്ത് ജോലി ചെയ്യുന്ന സമയത്ത് ശ്രീജിവ് വീട്ടുകാരുമായി പോലും അധികം സംസാരിച്ചിരുന്നില്ല.

2014 മെയ് 12ന് രാത്രി ഒരു സംഘം പൊലീസുകാർ വീട്ടിലേക്ക് അതിക്രമിച്ച് കടന്നു ശ്രീജിവിനെ അന്വേഷിക്കുകയായിരുന്നു. എന്താണ് കാര്യമെന്നാരാഞ്ഞ കുടുംബത്തോട് വെറും പെറ്റിക്കേസാണെന്നാണ് പൊലീസ് നൽകിയ വിശദീകരണം. ശ്രീജിവ് എത്തിയാൽ ഉടൻ തന്നെ സ്റ്റേഷനുമായി ബന്ധപ്പെടാൻ പറയണമെന്നും പറഞ്ഞ ശേഷമാണ് പൊലീസ് മടങ്ങിയത്. ഒരാഴ്ചയ്ക്ക് ശേഷം ശ്രീജിവിന്റെ സുഹൃത്ത് രാജീവ് ശ്രീജിവിനെ പൂവാറിൽ വച്ച് പൊലീസ് പിടികൂടിയെന്ന് ശ്രീജിത്തിനെ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് സ്റ്റേഷനിൽ അന്വേഷച്ചെങ്കിലും അവർക്ക് അറസ്റ്റിനെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല.

തുടർന്ന് തൊട്ടടുത്ത ദിവസം പാറശ്ശാല സ്റ്റേഷനിലെ രണ്ടു പൊലീസുകാർ വീട്ടിലെത്തി ശ്രീജിവ് പൊലീസ് കസ്റ്റഡിയിൽ വച്ച് വിഷം കഴിച്ചുവെന്നും ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്നും അറിയിച്ചു. തുടർന്ന് ആശുപത്രയിലെത്തിയപ്പോൾ കണ്ടത് കൈകാലുകൾ കെട്ടിയിട്ട നിലയിൽ കിടക്കുന്ന ശ്രീജിവിനെയാണ്. എന്തിനാണ് പാറശ്ശാല പൊലീസ് തങ്ങളുടെ അതിർത്തിയിൽ പെടാത്ത സ്ഥലത്തുനിന്നും പെറ്റിക്കേസെന്നു പറഞ്ഞ ശേഷം പൊലീസ് പിടികൂടിയതെന്തിനെന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരം പൊലീസിന്റെ ഭാഗത്തുനിന്നും ലഭിച്ചില്ലെന്നും ശ്രീജിത് പറയുന്നു.

അനിയന് നീതി കിട്ടണം എന്നാവിശ്യപ്പെട്ട് സമരം ചെയ്ത ശ്രീജിത്തിനേയും പൊലീസുകാർ വെറുതേ വിട്ടില്ല. സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാരം കിടക്കുന്നത് കാരണം ജോലിക്ക് പോലും പോകാൻ പറ്റാത്ത അവസ്ഥ കാരണം ഇടയ്ക്ക് വൈകുന്നേരങ്ങളിൽ കപ്പലണ്ടി കച്ചവടം നടത്തിയിരുന്നു. സമരം ചെയ്യാൻ വന്നവൻ സമരം ചെയ്താൽ മതി എന്ന് പറഞ്ഞ പൊലീസ് അത് അവസാനിപ്പിച്ചു. പിന്നെ വായിക്കാൻ ശ്രീജിത്തുകൊണ്ട് വന്ന പുസ്തകങ്ങൾ പൊലീസ് എ.ആർ ക്യാമ്പിൽ കൊണ്ട് പോയി കത്തിച്ച് കളയുകയും ചെയ്തിരുന്നു.

വെള്ളത്തിൽ വരച്ച വരപോലെ സർക്കാർ നൽകിയ ഉറപ്പുകൾ

ശ്രീജിത്തിന്റെ പോരാട്ടത്തിന് സൈബർ ലോകത്തിന്റെ അകമഴിഞ്ഞ പിന്തുണ ഉണ്ടാകുമ്പോൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കം ഇപ്പോൾ സമരപന്തലിൽ എത്തിയിരുന്നു. എന്നാൽ, ചെന്നിത്തലയും ശ്രീജിത്തിനെ പിന്തുണക്കുന്നവരുടെ വാക്കിന്റെ ചൂടറിഞ്ഞു. യുഡിഎഫ് സർക്കാറിന്റെ കാലത്താണ് ഇതെല്ലാം നടന്നതെന്നതിനാൽ ചെന്നിത്തല എന്തു ചെയ്തു എന്നതായിരുന്നു ഇവരുടെ ചോദ്യം.

ഇടപെട്ട് വേണ്ട കാര്യങ്ങൾ ചെയ്യാമെന്ന് കഴിഞ്ഞ യുഡിഎഫ് സർക്കാർ നൽകിയ വാക്ക് വെള്ളത്തിൽ വരച്ച വരയായി മാറിയെന്ന് ശ്രീജിത്തും പറയുന്നു. പിന്നീട് പിണറായി വിജയൻ അധികാരത്തിൽ വന്ന ശേഷം ശ്രീജിത്തിനെ ഓഫീസിൽ വിളിച്ച് വരുത്തി നഷ്ടപരിഹാര തുക ഉടനെ കിട്ടുമെന്നും വേണ്ടത് ചെയ്യാമെന്നും ഉറപ്പ് നൽകിയെങ്കിലും നഷ്ടപരിഹാര തുക കിട്ടിയതല്ലാതെ ഒന്നും തന്നെ സംഭവിച്ചില്ല. തന്റെ ആവശ്യം സിബിഐ അന്വേഷണമാണെന്നും അത് നടപ്പിലാവാതെ സമരം അവസാനിപ്പിക്കില്ലെന്നും തീരുമാനിച്ച ശ്രീജിത് സമരം തുടർന്നു. പിന്നീട് പിസി ജോർജ് എംഎൽഎ വിഷയം നിയമസഭയുടെ ശ്രദ്ധിയിൽ കൊണ്ട് വരികയും സമര സ്ഥലത്ത് നേരിട്ടെത്തി നാരങ്ങനീർ നൽകി സമരം അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

രാഷ്ട്രീയക്കാർ തന്നെ ഓരോ തവണയും ഓരോ കടലാസ് കാണിച്ച് സിബിഐ വരുന്നു, ഉടനെ അന്വേഷിക്കാം എന്നൊക്കെ പറയുന്നെങ്കിലും ഒന്നും വന്നില്ല. എത്രയും വേഗം അത് ലഭിക്കുമെന്നാണ് 763ാം ദിവസത്തിലും ശ്രീജിത്തിന്റെ പ്രതീക്ഷ. വെയിലും മഴയും കൊണ്ട് തിരക്കേറിയ നഗരപാതയിൽ ശ്രീജിത്തിനെ കാണുന്ന ഹൃദയമുള്ള ഒരാൾക്കും സങ്കടം അടക്കാനാകില്ല. രാഷ്ട്രീയക്കാരുട കാപട്യ സമരങ്ങൾക്ക് സാക്ഷിയാകേണ്ടി വന്ന സെക്രട്ടറിയേറ്റ് ഇപ്പോഴാണ് ജീവൻ പണയം വെച്ച് സഹോദരന് നീതി നേടി ഇറങ്ങിയ യുവാവിന്റെ സമരത്തെ കാണുന്നത്. കേരള സമീഹത്തിൽ നിന്നും വലിയ പിന്തുണ തന്നെയാണ് ശ്രീജിത്തിന് ലഭിക്കുന്നത്.