പാറ്റ്‌ന: അസുഖം മൂലം മരിച്ച ഭാര്യയെ വീട്ടിലേക്കു കൊണ്ടുപോകാൻ ഒരു വാഹനം നല്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ സർക്കാർ ആശുപത്രി അധികൃതർ നിഷേധിച്ചു. പ്രൈവറ്റ് ആമ്പുലൻസിനായി സമീപിച്ചപ്പോൾ ചോദിച്ച തുക കൊടുക്കാനില്ല. 60കാരനായ ശങ്കർ സായയും മകൻ പപ്പുവും ചേർന്ന് വയോധികയുടെ മൃതദേഹം മോട്ടോർസൈക്കിൾവച്ചുകൊണ്ടു വീട്ടിലേക്കു പോയി. വടക്കുകിഴക്കൻ ബിഹാറിലെ പുർണിയയിലാണ് ഹൃദയഭേദകമായ സംഭവം.

അമ്മയുടെ മൃതദേഹം നടുക്കിരുത്തി അച്ഛനും മകനും മോട്ടോർ സൈക്കിളിൽ പോകുന്ന ചിത്രം ആരുടെ മനസിലും വേദന ഉളവാക്കുന്നതാണ്. ശങ്കർ സായയുടെ ഭാര്യ സുശീല ദേവി വെള്ളിയാഴ്ചയാണ് പുർണിയയിലെ സർക്കാർ ആശുപത്രിയിൽ മരിച്ചത്.

'എന്റെ ഭാര്യയുടെ മൃതദേഹം വീട്ടിലെത്തിക്കുന്നതിന് ഡ്യൂട്ടിയിലുണ്ടായിരുന്ന മെഡിക്കൽ സ്റ്റാഫിനോട് ഒരു വാഹനം നൽകാൻ ആവശ്യപ്പെട്ടു. നിങ്ങൾ സ്വന്തം നിലയിൽ സംഘടിപ്പിക്കണമെന്നാണ് അധികൃതർ പറഞ്ഞത്, ഇതിന് ശേഷം ഒരു സ്വകാര്യ ആംബുലൻസ് ഡ്രൈവറെ സമീപിച്ചു. ഇയാൾ 25,00 രൂപയാണ് ആവശ്യപ്പെട്ടത്. ഇത് നൽകാൻ എനിക്ക് സാധിച്ചില്ല' - ശങ്കർ സായ പറഞ്ഞു.

അന്ത്യകർമങ്ങൾക്കായി മൃതദേഹം വീട്ടിലെത്തിക്കാൻ മറ്റു വഴികൾ ഇല്ലാതിരുന്നപ്പോഴാണ് അച്ഛനും മകനും ചേർന്ന് മോട്ടോർസൈക്കിളിൽ ഇരുത്തിക്കൊണ്ടുപോയത്. തുണികൊണ്ട് അമ്മയുടെ മൃതദേഹം മകന്റെ നെഞ്ചോടു ചേർത്തുകെട്ടി. പിന്നിലിരുന്ന അച്ഛനും മൃതദേഹത്തെ ചേർത്തു പിടിച്ചു.

അച്ഛനും മകനും പഞ്ചാബിൽ കൂലിപ്പണി ചെയ്യുന്നവരാണ്. സുശീലയുടെ മൃതദേഹം കൊണ്ടുപോകുന്ന സമയം ആശുപത്രിയിൽ മോർച്ചറി വാൻ ഉണ്ടായിരുന്നില്ലെന്നും ഇത്തരം സന്ദർഭത്തിൽ അവരവർ തന്നെ വാഹനം ഒരുക്കലാണ് പതിവെന്നും സംഭവത്തെക്കുറിച്ച് പുർണിയ സിവിൽ സർജൻ എം.എം.വസീം പ്രതികരിച്ചു. സംഭവം ദൗർഭാഗ്യഗരമാണ്, ഇതേക്കുറിച്ച് അന്വേഷിക്കാൻ ഉത്തവിട്ടിട്ടുണ്ടെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പങ്കജ് കുമാർ അറിയിച്ചു.

ഹൃദയത്തിൽ നൊമ്പരം ഉണർത്തുന്ന ഇത്തരം കാഴ്ച ഇതാദ്യമല്ല. ഒഡീഷയിൽനിന്നും ഉത്തർപ്രദേശിൽനിന്നും നേരത്തേ ഇത്തരം വാർത്തകൾ പലപ്പോഴായി വന്നിട്ടുണ്ട്. ആമ്പുലൻസിനു നല്കാൻ പണമില്ലാത്തതിനാൽ ഭാര്യയുടെ മൃതദേഹവും ചുമന്നു കിലോമീറ്ററുകൾ നടന്ന യുവാവിന്റെ ദൃശ്യങ്ങൾ വലിയ ചർച്ച ആയിരുന്നു.