കോഴിക്കോട്: 13 വർഷങ്ങൾക്ക് മുമ്പ് സഹോദരൻ പുഴയിൽ മുങ്ങിമരിച്ച അതേ പുഴക്കടവിൽ അനിയൻ കുഴഞ്ഞുവീണു മരിച്ചു. കോടഞ്ചേരി കുറൂര് ജോസ് വത്സ ദമ്പതികളുടെ മകൻ ഡെന്നീസ് (24) ആണ് ഇന്നലെ മരിച്ചത്. ഡെന്നീസിന്റെ സഹോദരൻ ആൽബിൻ 13 വർഷങ്ങൾക്ക് മുമ്പ് ഇതേ സ്ഥലത്തുവെച്ച് തന്നെയാണ് പുഴയിൽ മുങ്ങിമരിച്ചത്.

ഇന്നലെ വൈകീട്ട് മൂന്ന് മണിക്ക് കൂട്ടുകാരുമൊത്ത് ചാലിപ്പുഴയിലെ പത്താംകയത്തിൽ കുളിക്കാൻ പോയതായിരുന്നു ഡെന്നീസ്. പുഴ നീന്തി കയറിയ ഉടൻ കുഴഞ്ഞ് വീഴുകയായിരുന്നു എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. വൈകിട്ട് ആറുമണിക്ക് ശേഷമാണ് സംഭവം നടന്നത്. കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

ഇതേ സ്ഥലത്ത് വെച്ച് തന്നെയാണ് 13 വർഷങ്ങൾക്ക് മുൻപ് ഡെന്നീസിന്റെ സഹോദരൻ ആൽബിൻ പുഴയിൽ നീന്തുന്നതിനിടയിൽ മുങ്ങിമരിച്ചതും. കോയമ്പത്തൂരിൽ റെയിൽവേ ഉദ്യോഗസ്ഥനായ ഡെന്നീസ് ഈസ്റ്ററിനോട് അനുബന്ധിച്ചാണ് നാട്ടിലെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലെത്തിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കി. അലീനയാണ് ഏക സഹോദരി.