- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'രാജാവിന്റെ മകനാ'യി ആദ്യം തീരുമാനിച്ചതു മമ്മൂട്ടിയെ; തുടർച്ചയായി പടങ്ങൾ പൊട്ടിയ സംവിധായകനു ഡേറ്റു കൊടുക്കാൻ താരം വിസമ്മതിച്ചതിനാൽ നറുക്കുവീണതു മോഹൻലാലിന്: ഹാസ്യനായകൻ ആക്ഷൻ ഹീറോ ആയി മാറിയതിനെക്കുറിച്ച് ഡെന്നിസ് ജോസഫ്
മോഹൻലാലിന്റെ സിനിമാജീവിതത്തിനു പുതിയ മുഖം നൽകിയ ചിത്രമാണ് രാജാവിന്റെ മകൻ എന്ന തമ്പി കണ്ണന്താനം ചിത്രം. അതുവരെ കോമഡി ചിത്രങ്ങളിലെ നായകൻ എന്ന നിലയിൽ നിന്ന് ആക്ഷൻ ഹീറോ പദവിയിലേക്കും സൂപ്പർ താരമെന്ന നിലയിലേക്കും ലാലിനെ വളർത്തിയ ആ ചിത്രത്തിന്റെ അറിയാക്കഥകൾ വെളിപ്പെടുത്തുകയാണ് തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ്. ആക്ഷൻ വഴങ്ങുന്ന നായകനെ
മോഹൻലാലിന്റെ സിനിമാജീവിതത്തിനു പുതിയ മുഖം നൽകിയ ചിത്രമാണ് രാജാവിന്റെ മകൻ എന്ന തമ്പി കണ്ണന്താനം ചിത്രം. അതുവരെ കോമഡി ചിത്രങ്ങളിലെ നായകൻ എന്ന നിലയിൽ നിന്ന് ആക്ഷൻ ഹീറോ പദവിയിലേക്കും സൂപ്പർ താരമെന്ന നിലയിലേക്കും ലാലിനെ വളർത്തിയ ആ ചിത്രത്തിന്റെ അറിയാക്കഥകൾ വെളിപ്പെടുത്തുകയാണ് തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ്.
ആക്ഷൻ വഴങ്ങുന്ന നായകനെന്ന നിലയിൽ മമ്മൂട്ടിയെയാണ് ചിത്രത്തിലേക്ക് ആദ്യം തീരുമാനിച്ചത്. ചിത്രത്തിന്റെ കഥ ഇഷ്ടപ്പെട്ടെങ്കിലും സംവിധായകൻ തമ്പി കണ്ണന്താനമായതിനാൽ മമ്മൂട്ടി പിന്മാറുകയായിരുന്നുവെന്നാണ് ഡെന്നിസ് പറയുന്നത്.
സംവിധായകൻ ജോഷിയുടെ നിർദ്ദേശപ്രകാരമാണ് തമ്പി കണ്ണന്താനത്തിനുവേണ്ടി ഡെന്നിസ് തിരക്കഥയൊരുക്കിയത്.
അധോലോക നായകന്റെ കഥ തമ്പിക്ക് ഏറെ ഇഷ്ടമായി. മമ്മൂട്ടി താരമായി വരുന്ന സമയമായിരുന്നു അത്. മമ്മൂട്ടിയുടെ എല്ലാ സിനിമകളും വിജയിക്കുന്നു. എല്ലാംകൊണ്ടും നമ്പർ വൺ.
സൂപ്പർതാരമായിട്ടില്ലെങ്കിലും മാർക്കറ്റ് മമ്മൂട്ടിക്കാണ്. മോഹൻലാലാവട്ടെ രണ്ടാമതും. അതുകൊണ്ടുതന്നെ മമ്മൂട്ടിയെ മുന്നിൽക്കണ്ടാണ് 'രാജാവിന്റെ മകൻ' എന്ന സിനിമയുടെ എഴുത്ത് ആരംഭിക്കുന്നതെന്നു ഡെന്നിസ് പറഞ്ഞു.
''സ്വന്തം സ്ഥലവും കാറും വിറ്റ് ആ സിനിമ നിർമ്മിക്കാൻ തമ്പി തയ്യാറായി. ഷാരോൺ പിക്‌ചേഴ്‌സ് എന്ന കമ്പനിയുണ്ടാക്കി. തമ്പിക്ക് മമ്മൂട്ടിയോടും ലാലിനോടും വ്യക്തിപരമായി അടുപ്പമുണ്ട്. ഒരു ദിവസം ഞാനും തമ്പിയും മമ്മൂട്ടിയോട് കഥ പറഞ്ഞു. സംവിധായകൻ തമ്പിയാണെന്ന് പറഞ്ഞപ്പോൾ ഡേറ്റ് തരില്ലെന്ന് മമ്മൂട്ടി തുറന്നടിച്ചു.'' ഡെന്നിസ് പറഞ്ഞു.
ആ സമയം തുടർച്ചയായി നാലഞ്ച് പടങ്ങൾ പരാജയപ്പെട്ട സംവിധായകനാണ് തമ്പി കണ്ണന്താനം. അത്തരത്തിലൊരു ഡയറക്ടർ എത്ര വലിയ സുഹൃത്താണെന്നു പറഞ്ഞാലും അയാളെവച്ച് പടം ചെയ്യാൻ അന്നും ഇന്നും മമ്മൂട്ടി ഒരുക്കമല്ല. മമ്മൂട്ടിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
അയാൾ സ്വന്തം കരിയറാണ് നോക്കിയത്. നിർമ്മാതാവ് കൂടിയായ തമ്പിക്ക് ഇത് വലിയൊരു ഷോക്കായി. തന്റെ മുമ്പിൽവച്ചുതന്നെ തമ്പി മമ്മൂട്ടിയോട് ചൂടായെന്നു ഡെന്നിസ് ഓർക്കുന്നു.
''നീ കണ്ടോടാ, ഇതു ഞാൻ മറ്റവനെക്കൊണ്ട് ചെയ്യിക്കും. പടം റിലീസ് ചെയ്യുന്ന ദിവസം നിന്റെ സ്റ്റാർഡത്തിന്റെ അവസാനമായിരിക്കും. രാജാവിന്റെ മകൻ ഇറങ്ങിയാൽ നീയൊരിക്കലും അവന്റെ മുകളിലായിരിക്കില്ല.'' എന്നു പറഞ്ഞ് ദേഷ്യത്തോടെയാണ് തമ്പി മമ്മൂട്ടിയുടെ മുറി വിട്ട് പുറത്തിറങ്ങിയത്. തമ്പിയുടെ ദേഷ്യം മമ്മൂട്ടി മുഖവിലയ്‌ക്കെടുത്തില്ല. വിഷമം കൊണ്ട് പറഞ്ഞതായിരിക്കും എന്നു കരുതി ചിരിച്ചുതള്ളി. തമ്പി പോയപ്പോൾ മമ്മൂട്ടി പറഞ്ഞു. ''ഡെന്നീസിന്റെ സ്‌ക്രിപ്റ്റ് എനിക്ക് ഇഷ്ടമായി. പക്ഷേ തമ്പിയോട് സഹകരിക്കാൻ താൽപ്പര്യമില്ല.''
അന്നു തന്നെ തമ്പി ലാലിനെ വിളിച്ച് ഡേറ്റ് ഉറപ്പിക്കുകയായിരുന്നു. പ്രിയദർശന്റെ കോമഡിപ്പടങ്ങളിലെല്ലാം അന്നു ലാലുണ്ട്. ലാലിന്റേതായി ഒരു ആക്ഷൻ ത്രില്ലറേ അന്ന് വിജയിച്ചിട്ടുള്ളൂ. ശശികുമാർ സംവിധാനം ചെയ്ത 'പത്താമുദയ'മാണത്. അതുകൊണ്ടുതന്നെ ലാലിനെ വച്ച് 'രാജാവിന്റെ മകൻ' ശരിയാവുമോ എന്ന സംശയം ഡെന്നിസിന് ഉണ്ടായിരുന്നു.
എന്നാൽ തമ്പി കണ്ണന്താനത്തിനു ലാലിന്റെ കഴിവിൽ പൂർണ വിശ്വാസമായിരുന്നു. അങ്ങനെയാണ് രാജാവിന്റെ മകന്റെ തിരക്കഥ പൂർത്തിയാക്കുന്നത്. ഫോർട്ട് കൊച്ചിയിൽ സ്ഥിരം കേൾക്കുന്ന രണ്ടു പേരുകളായ വിൻസന്റും ഗോമസും ചേർത്ത് നായകനു പേരുമിട്ടു.
ലാൽ അഭിനയിച്ചാൽ ക്ലിക്കാകുമോ എന്ന സംശയം വിതരണക്കാർക്കുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവർ പടം ഏറ്റെടുക്കാൻ മടിച്ചു. തമ്പി ലാലിനു വേണ്ടി ഉറച്ചു നിന്നു. വിതരണത്തിന് ആളെക്കിട്ടാതെ വന്നപ്പോൾ ജോഷി ഇടപെട്ടു. ജോഷിയുടെ ശുപാർശയിൽ ജൂബിലി പടം ഏറ്റെടുത്തു.
'രാജാവിന്റെ മകൻ' റിലീസാവുന്ന ദിവസം ടെൻഷനായിരുന്നു. കാരണങ്ങൾ പലതാണ്. പരാജിതനായ ഡയറക്ടർ. സൂപ്പർഹിറ്റുകൾ കൊടുത്ത നായകനല്ല. കഥയുടെ അവസാനം നായകൻ മരിക്കുന്നു. ഇങ്ങനെ നെഗറ്റീവുകൾ ഒരുപാടുണ്ട്. മാറ്റിനിക്കാണ് തിയറ്റർ നിറഞ്ഞത്. ചിത്രം കണ്ട എസ് എൻ സ്വാമി ആദ്യദിവസം പറഞ്ഞത് ഇത്തരമൊരു സ്‌ക്രിപ്റ്റ് വേണ്ടിയിരുന്നില്ല എന്നാണ്. അതുകേട്ടപ്പോൾ ആകെ തകർന്നുപോയെന്നു ഡെന്നിസ് ഓർക്കുന്നു. സൂപ്പർഹിറ്റാണെന്ന് കരുതി സമാധാനിച്ച തനിക്ക് പിന്നീട് ഉറക്കംകിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, തൊട്ടടുത്ത ദിവസം ഉണർന്നപ്പോൾ കേട്ടത് രാജാവിന്റെ മകന്റെ വിജയവാർത്തയാണ്. 'രാജാവിന്റെ മകൻ' തമ്പിക്കൊരു പുനർജന്മമായി. മമ്മൂട്ടിയും തമ്പിയുമായുള്ള വഴക്ക് പിന്നീട് മാറിയെങ്കിലും മമ്മൂട്ടിയെ നായകനാക്കി തമ്പി ഒരു സിനിമയും സംവിധാനം ചെയ്തില്ല. രണ്ടാംസ്ഥാനത്തായിരുന്ന ലാലിന്റെ സ്ഥാനം ഒന്നാമതെത്താൻ കാരണമായത് രാജാവിന്റെ മകനാണ്. ആ സിനിമയോടെ മോഹൻലാൽ സൂപ്പർതാര ഗണത്തിലേക്ക് ഉയർന്നു എന്നതാണു ചരിത്രമെന്നും ഡെന്നിസ് പറഞ്ഞു.