ജിദ്ദ; സൗദിയിലെ ആശ്രിത വിസയിലുള്ളവർക്ക് ഈ ആഴ്ചമുതൽ അവരുടെ സ്‌പോൺസർഷിപ്പ് മാറാതെതന്നെ സ്വകാര്യ, ഇന്റർനാഷണൽ സ്‌കൂളുകളിൽ ജോലിചെയ്യാമെന്ന വാർത്തകൾ സൗദി തൊഴിൽ മന്ത്രാലയം നിഷേധിച്ചു. . പ്രാദേശിക പത്രത്തിൽ വന്ന വാർത്ത തെറ്റാണെന്നും ആശ്രിത വീസക്കാരെ ജോലിചെയ്യാൻ അനുവദിക്കുന്നതു സംബന്ധിച്ച നിർദേശത്തെക്കുറിച്ചു പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

വിദ്യാഭ്യാസ മന്ത്രാലയം ഇത്തരത്തിലുള്ള ഒരു നിർദ്ദേശം സമർപ്പിക്കുക മാത്രമാണ് ചെയ്തതെന്നും എന്നാൽ തൊഴിലാളികളുടെ നിയമനംതൊഴിൽ മന്ത്രാലയമാണ് തീരുമാനിക്കുന്നതെന്നും ഉദ്യോഗസ്ഥൻ പ്രവിശ്യയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമകളുടെ യോഗത്തിൽ അറിയിച്ചു.

സ്വകാര്യ സ്‌കൂളുകളിൽ ഇത്തരം നിയമ ലംഘനങ്ങൾ പരിശോധിക്കുന്നത് തുടരും.നേരത്തേ വിദ്യാഭ്യാസമന്ത്രാലയത്തിന്റെ തീരുമാനമായാണ് ആശ്രിതവിസക്കാരുടെ ജോലിക്ക് അനുമതി ലഭിച്ച വാർത്ത മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സ്‌കൂൾ അദ്ധ്യാപകരുടെ നിയമനം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയത്തിന് അഭിപ്രായമാകാമെങ്കിലും സ്‌പോൺസർഷിപ്പും മാറ്റവും സംബന്ധിച്ച കാര്യങ്ങൾ തൊഴിൽ മന്ത്രാലയമാണ് തീരുമാനിക്കുന്നത്.

അജീർ രജിസ്ട്രഷൻ വഴി സ്‌കൂൾ ജോലിയിൽ തുടരാൻ വിദ്യാഭ്യാസ മന്ത്രാലയം അനുവദിക്കുമെങ്കിലും തൊഴിൽ മന്ത്രാലയത്തിന്റെ കൂടി അനുമതിയില്ലാത്തതിനാൽ ഇത്തരക്കാരെ അനധികൃത ജോലിക്കാരായി ഗണിച്ചുള്ള തൊഴിൽ പരിശോധന തുടരുമെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം ആശ്രിത വിസയിലുള്ള അദ്ധ്യാപികമാർക്ക് യോഗ്യതയനുസരിച്ച് അദ്ധ്യാപന ജോലി ചെയ്യാനുള്ള അനുമതി വിദ്യാഭ്യാസ മന്ത്രാലയം നൽകിയിരുന്നു അതിന്റെ കാലാവധി സെപ്റ്റംബറിൽ അവസാനിച്ചതോടെയാണ് വാർത്ത പ്രചരിച്ചത്.