സൗദിയിൽ നിരോധിച്ച മരുന്നാണെന്നറിയാതെ നാട്ടിൽ നിന്നും സ്വന്തം ആവശ്യത്തിനായി മരുന്ന വരുത്തിച്ച മലയാളിയെ നാട് കടത്താൻ കോടതി വിധി. സൗദിയിൽ നിരോധിക്കപ്പെട്ട മരുന്നുകൾ നാട്ടിൽ നിന്നും വരുത്തിച്ച കുറ്റത്തിന് നാർക്കോട്ടിക് വിഭാഗത്തിന്റെ പിടിയിലായിരുന്ന കോഴിക്കോട് സ്വദേശിയെയാണ് നാട് കടത്താൻ കോടതി വിധിച്ചത്. യാമ്പുവിൽ ജോലി ചെയ്യുന്ന കോഴിക്കോട് ചേളന്നൂർ സ്വദേശി സിദ്ദീഖിനെയാണ് നാട്ടിലേക്ക് കയറ്റിയച്ചത്.

ഒരു വർഷം മുമ്പ് തന്റെ സുഹ്യത്ത് ഷംസു മുഖേന വരുത്തിച്ച മരുന്നുകളാണ് സിദ്ധീഖിന് വിനയായത്. നാട്ടിലെ ഡോക്ടറുടെ നിർദ്ദേശപ്രകാരം താൻ സാധാരണ കഴിച്ചു വരുന്ന മരുന്നുകളിൽ ഒന്ന് സൗദിയിൽ നിരോധിക്കപ്പെട്ട മരുന്നും ഉൾപ്പെട്ടതാണ് പ്രശ്‌നമായത്. ആറു മാസത്തെ അവധി കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചു വരികയായിരുന്ന ഷംസുവിൽ നിന്നും മരുന്നുകൾ കണ്ടെത്തിയതിനെ തുടർന്ന് വിമാനത്താവള അധികൃതർ നാർക്കോട്ടിക്ക് വിഭാഗത്തിന് കൈമാറുകയായിരുന്നു. തുടർന്ന് ഷംസുവിന്റെ പക്കലുള്ള മരുന്നുകൾ തനിക്ക് വേണ്ടിയായിരുന്നെന്ന് അറിയിച്ച് സിദ്ധീഖ് സുഹൃത്തിന്റെ മോചനത്തിന് വഴിയൊരുക്കി. ശേഷം ഒരുമാസത്തിലധികം നാർക്കോട്ടിക് വിഭാഗത്തിന്റെ കസ്റ്റഡിയിലായിരുന്ന സിദ്ദിഖിന് സാമൂഹ്യ പ്രവർത്തകരുടെ ഇടപെടൽ കാരണം ജാമ്യം ലഭിച്ചിരുന്നു

കേസിന്റെ അന്തിമ വിധിയിൽ കോടതി നിർദ്ദേശ പ്രകാരം നാട്ടിലേക്ക് കയറ്റിവിടുന്നതിനായി സിദ്ദിഖിനെ നാലു ദിവസം മുമ്പ് പൊലീസ് കസ്റ്റഡിയിലെടുത്ത് ഡീപ്പോർട്ടേഷൻ കേന്ദ്രത്തിലെത്തിച്ചിരുന്നു. കഴിഞ്ഞ ദിവസം നാട്ടിലെത്തുമെന്നായിരുന്നു അറിഞ്ഞത്. സിദ്ദിഖിന്റ സഹപ്രവർത്തകർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്‌ച്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുമെന്ന പ്രതീക്ഷയിൽ കുടുംബം അദ്ധേഹത്തെ സ്വീകരിക്കാൻ എത്തിയിരുന്നു. എന്നാൽ നിരാശരായി മടങ്ങേണ്ടി വന്ന കുടുംബം കൂടുതൽ ആശങ്കയിലാണ്. കൂടുതൽ വിവരങ്ങൾക്കായി യാമ്പുവിലെ സാമൂഹിക പ്രവർത്തകർ അന്വേഷണങ്ങൾ നടത്തുന്നുണ്ട്.