ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ജൂൺ ഒന്നിന്; പത്രിക സമർപ്പിക്കാനുള്ള തീയതി തിങ്കളാഴ്ച; ചിറ്റയം ഗോപകുമാർ എൽഡിഎഫ് സ്ഥാനാർത്ഥി; യുഡിഎഫ് മത്സരിച്ചേക്കും
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ജൂൺ ഒന്നിന് നടക്കും. ഇടതുമുന്നണിയിൽ സിപിഐയുടെ അംഗവും അടൂർ എംഎൽഎയുമായ ചിറ്റയം ഗോപകുമാറാണ് മത്സരിക്കുക.
തിങ്കളാഴ്ചയാണ് പത്രിക സമർപ്പിക്കാനുള്ള തീയതി. സ്പീക്കർ തെരഞ്ഞെടുപ്പിൽ മത്സരിച്ച യുഡിഎഫ് ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പിലും മത്സരിക്കാനാണ് സാധ്യത.
നിലവിലെ നിയമസഭയിൽ 99 അംഗങ്ങളാണ് ഇടതുപക്ഷത്തുള്ളത്. 41 പേരാണ് പ്രതിപക്ഷത്തുള്ളത്. സ്പീക്കർ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ എംബി രാജേഷ് വിജയിച്ചത് 40 നെതിരെ 96 വോട്ടുകൾ നേടിയാണ്.
മന്ത്രി വി അബ്ദുറഹിമാൻ, കെ ബാബു എംഎൽഎ, പ്രോ ടൈം സ്പീക്കറായിരുന്ന പിടിഎ റഹീം എന്നിവരും പ്രതിപക്ഷ അംഗം വിൻസന്റ് എംഎൽഎയും വോട്ട് രേഖപ്പെടുത്തിയിരുന്നില്ല.
നിലവിലെ അംഗബലം അനുസരിച്ച്, അട്ടിമറികൾ ഉണ്ടായില്ലെങ്കിൽ ഇടതുമുന്നണി സ്ഥാനാർത്ഥി തന്നെ ഡപ്യൂട്ടി സ്പീക്കറായി മാറും.
അങ്ങനെയെങ്കിൽ പഞ്ചായത്ത് പ്രസിഡന്റ് പദവി ലഭിച്ച് 26 വർഷം പിന്നിടുമ്പോഴാണ് ചിറ്റയം ഗോപകുമാറിനെ തേടി പതിനഞ്ചാം നിയമസഭയിലെ ഡപ്യൂട്ടി സ്പീക്കർ സ്ഥാനം എത്തുന്നത്.
അടൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് മൂന്നാമങ്കത്തിൽ വിജയിച്ചു കയറിയപ്പോഴാണ് സ്ഥാനലബ്ധിയിലേക്ക് എത്തുന്നത്.1995ൽ കൊട്ടാരക്കര പഞ്ചായത്തിൽ മത്സരിച്ചാണ് ആദ്യ അവസരത്തിൽ തന്നെ ചിറ്റയം പഞ്ചായത്തു പ്രസിഡന്റായത്.
പിന്നീട് 2011ൽ സംവരണ മണ്ഡലമായ അടൂരിൽ നിയമസഭയിലേക്ക് ആദ്യമായി മത്സരിച്ചപ്പോൾ അവിടെയും ജയം. 2016ലും ഇതേ വിജയം ആവർത്തിച്ചു, വൻ ഭൂരിപക്ഷത്തോടെ. ഇക്കുറി ഹാട്രിക് വിജയവും കൈവരിച്ചു.
ഈ സന്തോഷത്തിനിടയിലാണ് ഡപ്യൂട്ടി സ്പീക്കർ പദവി കൂടി ലഭിച്ചത്. ചിറ്റയത്തിന്റെ നേട്ടത്തിൽ ജില്ലയ്ക്കും അടൂർ നിയമസഭാ മണ്ഡലത്തിനും ഏറെ അഭിമാനകരമാണ്.
ജൂൺ ഒന്നിന് 28ാം വിവാഹ വാർഷികം ആഘോഷിക്കാൻ ഒരുങ്ങുമ്പോഴാണ് അടൂരിന്റെ എംഎൽഎ ചിറ്റയം ഗോപകുമാറിന് ഡപ്യൂട്ടി സ്പീക്കർ പദവി കൂടി ലഭിക്കുക.
മറുനാടന് മലയാളി ബ്യൂറോ