ന്യൂഡൽഹി: മാനഭംഗക്കേസിൽ ദേരാ സച്ചാ സൗദാ മേധാവി ഗുർമീത് റാം റഹിമിനെ സിബിഐ പ്രത്യേക കോടതി കുറ്റക്കാരനെന്നു വിധിച്ചതോടെ ദേരയുടെ കോടാനുകോടി വരുന്ന സ്വത്തുക്കളെ കുറിച്ചും സംശയം തുടങ്ങി. രണ്ട് സംസ്ഥാനങ്ങളിലെ മുഴുവൻ ക്രമസമാധാനം കെടുത്തിയ അക്രമത്തിന് ഉത്തരവാദിയായ പ്രസ്ഥാനത്തിന്റെ സ്വത്തുക്കൾ കണ്ടു കെട്ടണം എന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. ഇതിനെയാണ് ദേരയെ ഇനിയാര് നയിക്കുമെന്ന ചോദ്യവു ഉയർന്നിട്ടുണ്ട്.

റോത്തക്കിലെ ജയിലിലെത്തുംവരെ ഒരു സ്ത്രീ റാം റഹിമിനൊപ്പമുണ്ടായിരുന്നു. ലണ്ടനിൽ താമസിക്കുന്ന തന്റെ മകളെന്നാണ് ഇവരെ അദ്ദേഹം മറ്റുള്ളവർക്കു പരിചയപ്പെടുത്തിയത്. എന്നാൽ, ലണ്ടനിലുള്ള മകളെ കുറിച്ച് അധികമാർക്കും അറിയില്ല താനും. വിധി വന്നതിന് പിന്നാലെ ദേരാ സച്ചാ സൗദാ മേധാവി ഗുർമീത് റാം റഹിം സിങ്ങിനെ ആദ്യം കൊണ്ടുപോയത് പഞ്ച്കുളയിലുള്ള കരസേനയുടെ വെസ്റ്റേൺ കമാൻഡിലേക്കായിരുന്നു. അവിടെനിന്ന് ഹെലികോപ്ടറിൽ റോത്തക്കിലെ സുനാരിയയിലുള്ള പൊലീസ് ട്രെയിനിങ് കോളജ് ഗ്രൗണ്ടിൽ വന്നിറങ്ങി. തുടർന്ന് റോഡ് മാർഗം ജയിലിലെത്തിച്ചു.

പൊലീസ് ട്രെയിനിങ് കോളജിൽവച്ച് പ്രഭാതഭക്ഷണമായി പാൽ നൽകിയെങ്കിലും കുടിച്ചില്ല. റാം റഹിമിനു വേണ്ടി ജയിലിലെ ആറാം നമ്പർ മുറി നേരത്തേതന്നെ ഒഴിപ്പിച്ചു തയാറാക്കിയിരുന്നു. ജയിലിൽ എത്തിയപ്പോൾ മുതൽ പരിക്ഷീണനായി കാണപ്പെട്ടതോടെ ഡോക്ടർമാരുടെ സംഘമെത്തി. ഇസിജി ഉൾപ്പെടെ പരിശോധനകൾ കഴിഞ്ഞപ്പോൾ, ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. തുടർന്ന്, രാത്രി എട്ടോടെ, ചട്ടപ്രകാരം അപ്രൂവൽ സെല്ലിലേക്കു മാറ്റി. അവിടെവച്ചായിരുന്നു അത്താഴം പരിപ്പുകറിക്കും നാരങ്ങാ അച്ചാറിനുമൊപ്പം രണ്ടു ചപ്പാത്തി. 12 വരെ ഉണർന്നിരുന്ന ശേഷം സെല്ലിൽ കിടന്നുറങ്ങി.

ദേരാ നേതാവ് അഴിക്കുള്ളിലായതോടെ ആരായിരിക്കും ഗുർമീത് റാം റഹിം സിങ്ങിന്റെ അഭാവത്തിൽ ദേര സച്ചാ സൗദയ്ക്കു നേതൃത്വം നൽകുക എന്ന ചോദ്യം ശക്തമായിരുന്നു. നാളെ ശിക്ഷ വിധിച്ചാൽ ഗുർമീത് ഏതാനും വർഷത്തേക്കു ജയിലിലായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. ദേരയുടെ ആത്മീയഗുരുവിന്റെ സ്ഥാനത്തു ഗുർമീത് തുടരുമെങ്കിലും വിവിധ സ്ഥാപനങ്ങൾ നടത്തുന്നതിനും ദൈനംദിന പ്രവർത്തനം നിയന്ത്രിക്കുന്നതിനും പുതിയ ഭരണാധികാരിയെ നിയമിക്കേണ്ടി വരും. ഗുർമീതിനും ഭാര്യ ഹർജീത് കൗറിനും മൂന്നു മക്കളാണ് ഒരാണും രണ്ടു പെണ്ണും.

മകൻ ജസ്മീത് സിങ് ഇൻസാൻ ബിസിനസുകാരനാണ്. പെൺമക്കളായ ചരൺജിത്, അമർപ്രീത് എന്നിവർ വിവാഹിതരാണ്. ഇവർക്കു പുറമേ റാം റഹിം സിങ് ഒരു പെൺകുട്ടിയെ വളർത്തു മകളായി സ്വീകരിച്ചിട്ടുണ്ട്. ഹണി പ്രീത് എന്ന ഈ മകൾ നടിയുമാണ്. ദേര സച്ചാ സൗദായുടെ 1948 മുതലുള്ള ചരിത്രം നോക്കിയാൽ ഗുരുവിന്റെ കുടുംബാംഗങ്ങളെ അടുത്ത ഗുരുവായി തിരഞ്ഞെടുക്കുന്ന പതിവില്ല. ഗുർമീത് റാം റഹിമും ഗുരുവായതു പുറമേനിന്നാണ്.

എന്നാൽ, 2007ൽ മാനഭംഗക്കേസ് വീണ്ടും ശക്തമായപ്പോൾ ഗുർമീത് തന്നെ മകൻ ജസ്മീത് സിങ്ങിനെ അനന്തരാവകാശിയായി പ്രഖ്യാപിച്ചിരുന്നു. ജസ്മീത് സ്വന്തം വ്യവസായങ്ങളിലല്ലാതെ ദേര സച്ചാ സൗദയിൽ ഇടപെട്ടു തുടങ്ങിയിട്ടില്ല. അതുകൊണ്ടുതന്നെ ഇപ്പോൾ നേതൃത്വം ഏറ്റെടുത്തുവെന്നു വരില്ല. പഞ്ചാബിലെ കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ ഹർമീന്ദർ സിങ് ജസ്സിന്റെ മകളാണു ജസ്മീതിന്റെ ഭാര്യ. ദേരയിൽ രണ്ടാം സ്ഥാനത്തുള്ളത് ഗുരു ബ്രഹ്മചാരി വിപാസന എന്ന സന്യാസിനിയാണ്. മാനേജ്‌മെന്റ് സംഘത്തെ നയിക്കുന്നത് വിപാസനയാണ്. നമ്പാർദാർ എന്നാണ് ഇവർ അറിയപ്പെടുന്നത്.

ഗുർമീത് ജയിലിൽ കഴിയുന്ന കാലത്തോളം നമ്പാർദാർ തന്നെ സംഘടനയെ നയിക്കട്ടെ എന്നും തീരുമാനിച്ചേക്കാം. എന്നാൽ വളർത്തു പുത്രി ഹണി പ്രീത് സിങ് അടുത്ത പിൻഗാമിയായി വന്നേക്കും എന്ന് അഭ്യൂഹമുണ്ട്. ഗുർമീത് വെള്ളിയാഴ്ച കോടതിയിൽ ഹാജരായപ്പോൾ ഒപ്പം വന്നത് ഹണി പ്രീതാണ്. നാളെ ഗുർമീത് തന്നെ ആരാണ് ചുമതലയേൽക്കുകയെന്ന് വ്യക്തമാക്കുമെന്നാണ് അനുയായികൾ കരുതുന്നത്.