ചണ്ഡീഗഡ്: ഹരിയാനയിൽ എതിരാളികളെയെല്ലാം തറപറ്റിക്കാൻ ബിജെപിക്ക് കഴിഞ്ഞതിന് പിന്നിൽ ദേരാ സച്ഛാ സൗദയുമായുണ്ടാക്കിയ രഹസ്യനീക്കമാണെന്ന് റിപ്പോർട്ടുകൾ. ഹരിയാനയിൽ ആറ് ജില്ലകളിൽ ദേരാ സച്ഛാ സൗദയ്ക്ക് കനത്ത അനുയായി വൃന്ദമുണ്ട്. ഇത് ബിജെപിയുടെ വിജയത്തിന് സഹായിച്ചിട്ടുണ്ടാകാമെന്ന് ഹിന്ദു ദിനപത്രം റിപ്പോർട്ട് ചെയ്തു.

ബിജെപിയുടെ എതിരാളികളിൽ പലരും ദേരാ സച്ഛാ സൗദയുമായി ബിജെപി രഹസ്യധാരണയുണ്ടാക്കി എന്ന് ആരോപിക്കുന്നുണ്ട്. ഉത്തരേന്ത്യയിൽ 60 ലക്ഷത്തോളം അനുയായികൾ ഉള്ള ഈ സംഘടനയ്ക്ക് പിന്നോക്ക-പട്ടിക ജാതി വിഭാഗങ്ങളിൽ വ്യാപകമായ സ്വാധീനം ഉണ്ട്. പഞ്ചാബിലും ഹരിയാനയിലും ഇവരുടെ പ്രവർത്തനവും സജീവമാണ്. രാഷ്ട്രീയ രംഗത്ത് ഇടപെടലുകൾ നടത്താനും ഇവർക്ക് സ്വാധീനമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഈ സാധ്യതയാണ് ബിജെപി മുതലെടുത്തതെന്ന് ഹിന്ദു ചൂണ്ടിക്കാട്ടുന്നു. ദേരയുടെ സ്വാധീനം തെരഞ്ഞെടുപ്പിൽ ഉണ്ടായിട്ടുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകനായ ഡോ. ഡി ആർ ചൗധരി പറയുന്നു. ദേരയുടെ പരസ്യ പിന്തുണ ആറോളം മണ്ഡലങ്ങളെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. ഇത് മൊത്തത്തിൽ ബിജെപിയുടെ വിജയത്തിലും പ്രകടമാണ്.

നേരത്തെ സിർസയിൽ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേര മേധാവി ഗുർമീത് റാം റഹിമിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച് സംസാരിച്ചിരുന്നു. 2007ൽ ദേരയുടെ പിന്തുണയ്ക്കായി കോൺഗ്രസ് നേതാവ് ക്യാപ്റ്റൻ അമരീന്ദർ സിങ് എത്തിയിരുന്നു. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റെങ്കിലും ദേരയ്ക്ക് സ്വാധീനമുള്ള മേഖലകളിൽ വലിയ വിജയം നേടാനായിരുന്നു. ഇത്തവണ ബിജെപി നേതാക്കളിൽ പലരും രഹസ്യമായും പരസ്യമായും ഗുർമീത് റാം റഹിമിനെ സന്ദർശിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ജിന്ദ്, ഫത്തേഹാബാദ്, കൈത്തൾ, ഹിസാർ, സിർസ, തോഹാന തുടങ്ങി ദേരയ്ക്ക് സ്വാധീനമുള്ള ജില്ലകളിലെ ബിജെപിയുടെ വിജയം ഇവർ തമ്മിലുള്ള രഹസ്യധാരണ പുറത്തുകൊണ്ടുവന്നെന്ന് ആം ആദ്മി പാർട്ടിയും ആരോപിച്ചു.

ദേരാ സച്ഛാ സൗദ എന്നറിയപ്പെടുന്ന ആശ്രമഗ്രൂപ്പുകളുടെ തലവനായ ഗുർമിത് റാം റഹിം വയനാട്, വാഗമൺ, മൂന്നാർ എന്നിവിടങ്ങളിൽ സ്ഥിരമായി സന്ദർശനം നടത്തിയിരുന്നത് മാദ്ധ്യമങ്ങളിൽ വാർത്തയായിരുന്നു. കേരളത്തിൽ അടിക്കടി സന്ദർശനം നടത്തുന്ന ഈ ഉത്തരേന്ത്യൻ ആൾദൈവത്തിന് സുരക്ഷ ഒരുക്കുന്നതുമായി ബന്ധപ്പെട്ടും വിവാദം ഉയർന്നിരുന്നു.