തിരുവനന്തപുരം : ചാലിയാറിന് കുറുകെ നിർമ്മാണത്തിലിരുന്ന കൂളിമാട് പാലത്തിന്റെ ബീം തകർന്ന് വീണ സംഭവത്തിൽ സിപിഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനിക്ക് ആശയക്കുഴപ്പം. സംഭവത്തെ ന്യായീകരിച്ച് പൊതുമരാമത്ത് മന്ത്രിയെ വെള്ളപൂശാനുള്ള പദ്ധതിയിലാണ് പാർട്ടി പത്രത്തിന് പാളിച്ച സംഭവിച്ചത്.

സംഭവം വ്യത്യസ്ത രീതിയിലാണ് കോഴിക്കോട്, മലപ്പുറം എഡീഷനുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂളിമാട് പാലത്തിന്റെ ബീം തകർന്നുവെന്നാണ് പത്രത്തിന്റെ കോഴിക്കോട് എഡീഷൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ കൂളിമാട് പാലം തകർന്നുവെന്നത് വ്യാജ പ്രചാരണമെന്നാണ് മലപ്പുറം എഡീഷന്റെ തലക്കെട്ട്.

മലപ്പുറം എഡീഷൻ വാർത്തയിൽ പാലത്തിന്റെ ബീമിന് ചെരിവ് സംഭവിച്ചു എന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മലപ്പുറം ഭാഗത്തെ കരയോട് ചേരുന്ന സ്പാനിലെ മൂന്ന് ബീമുകൾ ഹൈഡ്രോളിക്ക് ജാക്കിയുടെ സാങ്കേതിക തകരാർ മൂലം ചെരിഞ്ഞതാണ് പാലം തകർന്നുവെന്ന രീതിയിൽ പ്രചരിപ്പിക്കുന്നതെന്നാണ് ലേഖകന്റെ കണ്ടെത്തൽ. ഇതിപ്പോൾ സോഷ്യൽ മീഡിയയിലും വൈറലായിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളെ ബന്ധിപ്പിക്കുന്ന നിർമ്മാണത്തിലിരുന്ന പാലം തകർന്നത്. ജില്ലകളെ ബന്ധിപ്പിക്കുന്ന നിർമ്മാണത്തിലിരുന്ന കൂളിമാട് പാലത്തിന്റെ മൂന്ന് ബീമുകളാണ് തകർന്ന് പുഴയിൽ വീണത്. രാവിലെ ഒൻപതുമണിയോടെയായിരുന്നു സംഭവം. പുഴയിൽ മലപ്പുറം ജില്ലയുടെ ഭാഗത്ത് നിർമ്മിച്ച തൂണുകൾക്ക് മുകളിലെ സ്ലാബുകളാണ് ഇടിഞ്ഞുവീണത്.

2019 മാർച്ചിൽ പ്രവർത്തനോദ്ഘാടനം നിർവഹിച്ച പാലത്തിന്റെ നിർമ്മാണം പ്രളയകാലത്ത് പൂർണമായും സ്തംഭിച്ചിരുന്നു. പ്രളയനിരപ്പിനനുസരിച്ച് പാലത്തിന് ഉയരമില്ലെന്ന ആരോപണത്തെ തുടർന്നാണ് നിർമ്മാണം നിലച്ചത്. പിന്നീട് ഡിസൈനിങ് വിഭാഗം പരിശോധനകൾ നടത്തുകയും പാലത്തിന്റെ ഉയരത്തിലും ഡിസൈനിലും മാറ്റം വരുത്താൻ നിർദ്ദേശം നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ എസ്റ്റിമേറ്റും പുതുക്കി. നേരത്തെ 21.5 കോടി രൂപയായിരുന്ന നിർമ്മാണ ചെലവ്, പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 25 കോടിയായി ഉയർത്തുകയായിരുന്നു.

സംഭവം ഇങ്ങനെയെന്നിരിക്കെയാണ് വിഷയത്തിൽ ന്യായീകരണം ചമയ്ക്കാനുള്ള പാർട്ടിപത്രത്തിന്റെ ശ്രമം പാളിയത്. യു.ഡി.എഫ് ഭരണകാലത്ത് പാലാരിവട്ടം പാലത്തിനുണ്ടായ കേടുപാടുകൾ കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ ഉപയോഗിച്ച സിപിഎം തങ്ങളുടെ ഭരണകാലത്തെ വീഴ്‌ച്ചകൾ മറയ്ക്കാൻ കിണഞ്ഞ് പരിശ്രമിക്കുന്നതിനിടെയാണ് ദേശാഭിമാനിക്ക് ഇത്തരമൊരു അമളി സംഭവിച്ചത്.