കോഴിക്കോട്: 'ബാലുശ്ശേരി ഉള്ള്യേരിക്കടുത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ നാട്ടിലെ ആർഎസ്എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിൽ പട്ടികജാതി കുടുംബത്തിന് വിവാഹ വിലക്ക് '- സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഒരു സംഭവമാണിത്. ഉള്ളിയേരി കൂമുള്ളി തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ പട്ടികജാതി കുടുംബത്തിന് ആർഎസ്എസ് വിവാഹ വിലക്ക് ഏർപ്പെടുത്തിയെന്നും തുടർന്ന് സിപിഎം കൂമുള്ളി നോർത്ത് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ വായന ശാലയിൽ വെച്ച് വിവാഹം നടത്തി എന്നുമായിരുന്നു വിവാഹ ഫോട്ടോ ഉൾപ്പെടെ വെച്ചുള്ള പ്രചരണം. എന്നാൽ പ്രചരണം വാസ്തവ വിരുദ്ധമാണെന്ന് ക്ഷേത്ര ഭാരവാഹികൾ വ്യക്തമാക്കുന്നു.

കോവിഡ് കാലം തുടങ്ങിയ സമയത്ത് തന്നെ തൃക്കോവിൽ ക്ഷേത്രം ഭക്തരുടെ പ്രവേശനം നേരത്തെ നിയന്ത്രിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ നിത്യപൂജ ഒഴികെ വഴിപാടുകളും വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളും നിർത്തി വച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഭക്തർ ക്ഷേത്രത്തിൽ നിത്യേന വരുന്നതുപോലെ പോലെ വരാറില്ല.ഇത്തരത്തിലൊരു വിവാഹവുമായി ബന്ധപ്പെട്ട് വിവാഹം നടത്തേണ്ട വീട്ടുകാർ ആരും ക്ഷേത്ര കമ്മിറ്റിയെ സമീപിച്ചിട്ടില്ല. ഇവരുമായി ബന്ധമുള്ള ഒരാളാണ് ക്ഷേത്രത്തിൽ വിളിച്ച് വിവരം തിരക്കിയത്. കൊറോണ വ്യാപന സാഹചര്യത്തിൽ വിവാഹം നടത്തുന്നതിലെ പ്രയാസം അദ്ദേഹത്തെ അറിയിച്ചു. എന്നിരുന്നാലും ക്ഷേത്രത്തിനടുത്തെ വാർഡ് കണ്ടെയ്ന്മെന്റ് സോണായതിനാൽ പൊലീസിൽ നിന്നും ആരോഗ്യ വകുപ്പിൽ നിന്നും അനുമതി വാങ്ങി കുറച്ചു പേരെ വെച്ച് വിവാഹം നടത്താമെന്നും അദ്ദേഹത്തെ അറിയിച്ചു.

എന്നാൽ ഇക്കാര്യത്തിന്റെ തുടർ കാര്യങ്ങൾക്കായി പിന്നീട് വിളിയൊന്നും ഉണ്ടായില്ല. പിന്നീടാണ് ആർ എസ് എസും ക്ഷേത്ര കമ്മിറ്റിയും ചേർന്ന് വിവാഹം മുടക്കിയ വിവാഹം വായനശാലയിൽ വെച്ച് നടത്തിയെന്ന പ്രചരണം കണ്ടെതെന്ന് ക്ഷേത്ര കമ്മിറ്റി സെക്രട്ടറി ഷൈജു കരിങ്ങളി പറഞ്ഞു. ക്ഷേത്രം ആർ എസ് നിയന്ത്രണത്തിലുള്ളതല്ല. എല്ലാ രാഷ്ട്രീയ പാർട്ടിയിലും എല്ലാ ജാതിയിലും പെട്ട ആളുകൾ കമ്മിറ്റിയിലുണ്ട്. എല്ലാ ജാതിയിലും പെട്ട ആളുകളുടെയും വിവാഹവും ചോറൂണുമെല്ലാം ക്ഷേത്രത്തിൽ വെച്ച് നടത്തിയിട്ടുണ്ട്. കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിൽ മാത്രമാണ് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. വ്യാജ പ്രചരണം നടത്തുന്നവർക്ക് ഈ ക്ഷേത്രം എവിടെയാണെന്ന് പോലും അറിയില്ല. വല്ലപ്പോഴും നാട്ടിലെത്തുന്ന ബിജെപി സംസ്ഥാന പ്രസിഡന്റിന് ഈ ക്ഷേത്രത്തെപ്പറ്റി അറിവുണ്ടോ എന്നു പോലും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത് ഉള്ളിയേരിയിലെ സിപിഎം പ്രവർത്ത ബുദ്ധിയിൽ തെളിഞ്ഞ കരുതിക്കൂട്ടി തയ്യാറാക്കിയ ഒരു തിരക്കഥയുടെ ഭാഗമായി ഉള്ള വ്യാജ വാർത്ത മാത്രമാണെന്ന് ആർ എസ് നേതാക്കൾ വ്യക്തമാക്കുന്നു.മാത്രവുമല്ല ഇത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു ആർഎസ്എസിനെ ജാതി തിരിച്ച് ആക്രമിക്കാനുള്ള ഉള്ള സിപിഎമ്മിന്റെ വർഗീയ അജണ്ടയുടെ ഭാഗമാണ്. ഉള്ളിയേരിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയേക്കാൾ കൂടുതൽ പട്ടികജാതി നേതാക്കന്മാർ ഉള്ള പാർട്ടി ബിജെപിയും സംഘപരിവാറും ആണ്. ആ ബോധ്യം എങ്കിലും സിപിഎമ്മുകാർക്ക് ഉണ്ടാവുന്നത് നല്ലതാണെന്നും ഇവർ വ്യക്തമാക്കുന്നു. കൂമുള്ളി തൃക്കോവിൽ ക്ഷേത്രവുമായി ബന്ധപ്പെട്ട് സിപിഎം ഈ കോവിഡ് കാലത്ത് വൃത്തികെട്ട രാഷ്ടീയം കളിക്കുകയാണെന്നും യാഥാർത്ഥ്യം ജനങ്ങൾക്ക് അറിയാമെന്നും പട്ടികജാതി മോർച്ച അത്തോളി പഞ്ചായത്ത് കമ്മറ്റി പ്രസ്താവിച്ചു.

എല്ലാ വിഭാഗം ആളുകളും അടങ്ങുന്ന കമ്മറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന തൃക്കോവിൽ ക്ഷേത്രത്തിൽ കൊറോണയുടെ പശ്ചാത്തലത്തിൽ വിവാഹം നടത്താൻ പ്രായോഗിക ബുദ്ധിമുട്ട് ഉള്ള സാഹചര്യത്തിൽ വിവാഹം നടത്താറില്ല എന്ന കാര്യം നാട്ടുകാർക്ക് മുഴുവൻ അറിയാമെന്നിരിക്കെ പിന്നോക്ക വിഭാഗത്തിന് ക്ഷേത്രം തുറന്നുകൊടുത്തില്ലാ എന്ന പ്രചരണം തീർത്തും അടിസ്ഥാന രഹിതമായ പ്രചരണം ജനം തള്ളികളയണമെന്നും യോഗം ആവശ്യപ്പെട്ടു.

സോഷ്യൽ മീഡിയ ഇത്രയധികം ചർച്ചയാക്കിയ വിഷയം സത്യമാണെങ്കിൽ ദേശാഭിമാനി പത്രത്തിലെങ്കിലും അത് ഒന്നാം പേജ് വാർത്തയാകേണ്ടതായിരുന്നു. എന്നാൽ ഇന്നലെ ഓൺലൈൻ എഡിഷനിൽ നാലു വരി വാർത്ത മാത്രമാണ് വന്നിട്ടുള്ളത്. ഇതേ സമയം ഇക്കാര്യത്തിൽ പെൺകുട്ടിയുടെ ബന്ധുക്കളുടെ പ്രതികരണം പുറത്തുവന്നിട്ടുണ്ട്. വിവാഹത്തിന് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് ക്ഷേത്ര കമ്മിറ്റി സെക്രട്ടറി പറഞ്ഞ കാര്യങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ഇവർ പറയുന്നു. ഒരു മാസം മുമ്പ് കമ്മിറ്റിയുമായി നേരിട്ട് ബന്ധപ്പെടുകയും ഭാരവാഹിയെ നേരിട്ട് കണ്ട് വിവരം അറിയിക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ പ്രോട്ടോക്കോൾ അനുസരിച്ച് വിവാഹം നടത്താമെന്ന് ഞങ്ങൾ കമ്മിറ്റിയെ ബോധ്യപ്പെടുത്തുകയും ചെയ്തു.

എന്നാൽ വിവാഹത്തിന് ആറു ദിവസം മുൻപായി വിവാഹം നടത്താൻ പറ്റില്ലെന്ന് പറഞ്ഞു. പരിസരവാസികളുടെ എതിർപ്പാണ് കാരണമായി പറഞ്ഞതെന്ന് പെൺകുട്ടിയുടെ പിതാവിന്റെ ഫേസ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു. വിവാഹം നടത്താൻ അനുമതി തന്നു എന്ന ക്ഷേത്രകമ്മിറ്റിയുടെ വാദത്തെ തള്ളുമ്പോഴും ഈ പോസ്റ്റിലെവിടെയും ജാതി പ്രശ്നത്തെക്കുറിച്ചോ ആർ എസ് എസ് മുടക്കി എന്നോ സൂചിപ്പിക്കുന്നില്ല.

മാത്രമല്ല വിവാഹവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ആരോപണങ്ങളിൽ യഥാർത്ഥ്യമില്ലെന്ന് മറ്റൊരു പോസ്റ്റിൽ ഇദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ഞങ്ങളുടെ അനുവാദമില്ലാതെയാണ് ഇങ്ങനെ ഒരു വാർത്ത ദുരുപയോഗം ചെയ്തത്. ഇത് ആരും രാഷ്ട്രീയ വത്ക്കരിക്കാൻ ശ്രമിക്കരുത്. ഇത്തരം പോസ്റ്റ് ഇടുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറയുന്നു.