- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥർ ദേശാഭിമാനി പത്രം വായിച്ചിരിക്കണം; 2600 രൂപയുടെ ദേശാഭിമാനി ചലഞ്ചുമായി സഖാക്കൾ; പത്രം വാങ്ങിക്കാത്തവരുടെ പട്ടിക തയ്യാറാക്കി വിരട്ടലുമായി ഭരണകക്ഷി സംഘടന; വരിക്കാർ ആകാത്തവരുടെ തലയിൽ ട്രാൻസ്ഫർ ഭീഷണിയും
തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥരേയും വ്യവസായികളേയും നിർബന്ധിച്ച് സിപിഎം പാർട്ടി മുഖപത്രത്തിന്റെ വരിക്കാരാക്കുന്നത് പുതിയ കാര്യമല്ല. ദേശാഭിമാനി വരിക്കാരുടെ എണ്ണം വർദ്ധിപ്പിക്കേണ്ട ചുമതല പാർട്ടി ഘടകങ്ങൾക്കും വർഗ- ബഹുജന സംഘടനകൾക്കുമാണ്. ഓരോ സംഘടനയ്ക്കും ഘടകത്തിനും ക്വോട്ട നിർണയിച്ച് നൽകിയിട്ടുമുണ്ട്. പലപ്പോഴും നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയുമൊക്കെ വരിക്കാരെ ചേർക്കുന്നതും പതിവ് കാഴ്ചയാണ്.
തങ്ങൾക്ക് കിട്ടിയ ക്വാട്ട പൂർത്തീകരിക്കാൻ പുതിയ മാർഗം കണ്ടെത്തിയിരിക്കുകയാണ് സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂല സംഘടനയായ കേരള സെക്രട്ടറിയേറ്റ് എംപ്ലോയ്സ് യൂണിയൻ. സംഗതി പഴയ വിരട്ടലും ഭീഷണിയുമൊക്കെ തന്നെ. എന്നാൽ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്ന പോലെ പുതിയ പേരൊക്കെ നൽകിയിട്ടുണ്ട്, ദേശാഭിമാനി ചലഞ്ച്.
എല്ലാ ജീവനക്കാരുടെയും വീട്ടിൽ ദേശാഭിമാനി എന്ന ലക്ഷ്യവുമായാണ് സെക്രട്ടറിയേറ്റ് എംപ്ലോയ്സ് യൂണിയൻ ദേശാഭിമാനി ചലഞ്ച് പ്രഖ്യാപിച്ചിരിക്കുന്നത്. 2600 രൂപ നൽകി വേണം ജീവനക്കാർ ദേശാഭിമാനി ചലഞ്ചിന്റെ ഭാഗമാകാൻ. ഈ കോവിഡ് കാലത്ത് വാർഷികവരിസംഖ്യയുമായി പൊതുജനങ്ങൾക്കിടയിലേയ്ക്ക് ഇറങ്ങിയാൽ നാട്ടുകാർ ഓടിക്കും എന്നതുകൊണ്ട് പരമാവധി സർക്കാർ ഉദ്യോഗസ്ഥരെ ദേശാഭിമാനി വരിക്കാരാക്കാനാണ് ശ്രമം. വാർഷിക വരിസംഖ്യ, ആജീവനാന്ത വരിസംഖ്യ എന്നിങ്ങനെയുള്ള വിഭാഗങ്ങളിൽ മാത്രമേ ജീവനക്കാരിൽ നിന്നും പണം സ്വീകരിക്കുന്നുള്ളു.
എല്ലാ ജീവനക്കാരെയും നിർബന്ധിതമായി ദേശാഭിമാനി വരിക്കാരാക്കാനാണ് കേരള സെക്രട്ടേറിയേറ്റ് എംപ്ലോയിസ് യൂണിയന്റെ ശ്രമം. യൂണിയൻ സമ്മേളനം, സിപിഎം ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങൾ എന്നിവയുടെ പിരിവിന് ശേഷമാണ് ദേശാഭിമാനി ചലഞ്ചെന്ന പേരിൽ പിരിവുമായി യൂണിയൻ എത്തിയിരിക്കുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പ് ഓൺലൈൻ പഠനസഹായങ്ങളുടെ പേരിലും നിരവധി സംഭവനകൾ ഇവർ നൽകിയിരുന്നു. ഇനി സിപിഎം ജില്ലാ, സംസ്ഥാന സമ്മേളനങ്ങൾക്കും കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിനും പ്രത്യേകം പ്രത്യേകം പിരിവ് നൽകേണ്ടി വരുമല്ലോ എന്ന് പേടിച്ചിരിക്കുമ്പോഴാണ് ഇടിത്തീ പോലെ ദേശാഭിമാനി ചലഞ്ചും.
സഖാക്കൾ പറയുന്നതനുസരിച്ച് വരിസംഖ്യ നൽകി ചലഞ്ചിന്റെ ഭാഗമാകാനുള്ള സ്വാതന്ത്ര്യം മാത്രമേ ജീവനക്കാർക്ക് ഉള്ളു. പത്രം കൃത്യമായി കിട്ടുമോ എന്ന അന്വേഷണത്തിന് പോലും പ്രസക്തി ഇല്ല. പത്രം വേണ്ട എന്ന് പറയുന്ന ജീവനക്കാരെ നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും വരിക്കാരാക്കാൻ ശ്രമിക്കും. വരിക്കാരാകാത്തവരെ ട്രാൻസ്ഫർ ചെയ്യുമെന്ന ഭീഷണി യൂണിയൻ സഖാക്കൾ നടത്തുന്നു എന്നും ആരോപണമുണ്ട്. എന്നിട്ടും വഴങ്ങാത്തവരുടെ പേര് അവരോട് തന്നെ ചോദിച്ച് രേഖപ്പെടുത്തുന്നു. പത്രം വാങ്ങിക്കാത്തവരുടെ പേര് എന്തിനാണ് എഴുതി കൊണ്ട് പോകുന്നത് എന്ന ചോദ്യത്തിന് മാത്രം ഉത്തരമില്ല.
ജീവനക്കാരുടെ ട്രാൻസ്ഫറിന് പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിക്കുമെന്നും എല്ലാ വകുപ്പുകളിലും ഓൺലൈൻ ട്രാൻസ്ഫർ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ സെക്രട്ടേറിയേറ്റിൽ ഇതൊന്നും തങ്ങൾക്ക് ബാധകമല്ല എന്നാണ് ഇവിടത്തെ യൂണിയൻ സഖാക്കളുടെ അവകാശവാദം. അതി ശരി വയ്ക്കുന്നതാണ് സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ചട്ടവിരുദ്ധമായ ട്രാൻസ്ഫറുകളും.
മറുനാടന് മലയാളി ബ്യൂറോ