- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാണി ഇടത്തോട്ട് പോകില്ലെന്ന് തറപ്പിച്ചു പറയുന്നവർ ദേശാഭിമാനി വായിക്കട്ടെ; പച്ചച്ചെങ്കൊടി പാറിയാലും അത്ഭുതപ്പെടേണ്ട! ലീഗിന് പച്ചപ്പരവതാനി വിരിച്ചും ജെഡിയുവിനും ആർഎസ്പിക്കും സിഎംപിക്കും കയ്യടി നൽകിയും ദേശാഭിമാനി മുഖപ്രസംഗം;
തിരുവനന്തപുരം: മാണിയുടെ കേരളാ കോൺഗ്രസ് യുഡിഎഫ് വിട്ടതിനു പിന്നാലെ യുഡിഎഫിലെ ആർഎസ്‌പിയും ജെഡിയുവും ഉൾപ്പെടെയുള്ള മറ്റു ഘടകകക്ഷികളെ ആകർഷിച്ചും ലീഗും കോൺഗ്രസും തമ്മിൽ മലപ്പുറത്ത് നിലനിൽക്കുന്ന സ്പർദ്ധ തുറന്നുകാട്ടിയും ദേശാഭിമാനിയുടെ മുഖപ്രസംഗം. യുഡിഎഫിന്റെ പതനം അനിവാര്യമായെന്നും കോൺഗ്രസ് പൂർണമായും ഒറ്റപ്പെടലിന്റേയും തകർച്ചയുടേയും പാതയിലാണെന്നുമാണ് സിപിഐ(എം) മുഖപത്രമായ ദേശാഭിമാനി മുഖപ്രസംഗത്തിൽ പറയുന്നത്. യുഡിഎഫിലെ എല്ലാ ഘടകകക്ഷികളും മാണിയുടെ കേരളാ കോൺഗ്രസിന്റെ പാതയിലാണെന്ന് 'യുഡിഎഫിന്റെ തകർച്ചയും ഭാവികേരള'വുമെന്ന ശീർഷകത്തിലുള്ള മുഖപ്രസംഗത്തിൽ പറയുന്നു. ലീഗിനെ ഉപയോഗിച്ച് മാണിയെ അനുനയിപ്പിക്കാൻ ശ്രമിച്ചത് തുടക്കത്തിലേ പാളി. ഉഭയകക്ഷി ചർച്ചകൾക്ക് ഒരു കക്ഷിയും തയ്യാറായില്ല. കോൺഗ്രസ് തങ്ങളുടെ നിലനിൽപ് ഇല്ലാതാക്കിയെന്ന് ജെഡിയുവും ആർഎസ്‌പിയും സിഎംപിയുടെ സിപി ജോൺ വിഭാഗവും തുറന്നുപറഞ്ഞുകഴിഞ്ഞു. ഇപ്പോൾ മാണിയെ പറഞ്ഞുവിട്ടതിന്റെ ഭവിഷ്യത്ത് ചൂണ്ടിക്കാട്ടി ലീഗും നിലപാട് കടുപ്പിക്കുകയാണ്. വാക്കുകൾ മയപ്പെടു
തിരുവനന്തപുരം: മാണിയുടെ കേരളാ കോൺഗ്രസ് യുഡിഎഫ് വിട്ടതിനു പിന്നാലെ യുഡിഎഫിലെ ആർഎസ്‌പിയും ജെഡിയുവും ഉൾപ്പെടെയുള്ള മറ്റു ഘടകകക്ഷികളെ ആകർഷിച്ചും ലീഗും കോൺഗ്രസും തമ്മിൽ മലപ്പുറത്ത് നിലനിൽക്കുന്ന സ്പർദ്ധ തുറന്നുകാട്ടിയും ദേശാഭിമാനിയുടെ മുഖപ്രസംഗം. യുഡിഎഫിന്റെ പതനം അനിവാര്യമായെന്നും കോൺഗ്രസ് പൂർണമായും ഒറ്റപ്പെടലിന്റേയും തകർച്ചയുടേയും പാതയിലാണെന്നുമാണ് സിപിഐ(എം) മുഖപത്രമായ ദേശാഭിമാനി മുഖപ്രസംഗത്തിൽ പറയുന്നത്.
യുഡിഎഫിലെ എല്ലാ ഘടകകക്ഷികളും മാണിയുടെ കേരളാ കോൺഗ്രസിന്റെ പാതയിലാണെന്ന് 'യുഡിഎഫിന്റെ തകർച്ചയും ഭാവികേരള'വുമെന്ന ശീർഷകത്തിലുള്ള മുഖപ്രസംഗത്തിൽ പറയുന്നു. ലീഗിനെ ഉപയോഗിച്ച് മാണിയെ അനുനയിപ്പിക്കാൻ ശ്രമിച്ചത് തുടക്കത്തിലേ പാളി. ഉഭയകക്ഷി ചർച്ചകൾക്ക് ഒരു കക്ഷിയും തയ്യാറായില്ല. കോൺഗ്രസ് തങ്ങളുടെ നിലനിൽപ് ഇല്ലാതാക്കിയെന്ന് ജെഡിയുവും ആർഎസ്‌പിയും സിഎംപിയുടെ സിപി ജോൺ വിഭാഗവും തുറന്നുപറഞ്ഞുകഴിഞ്ഞു.
ഇപ്പോൾ മാണിയെ പറഞ്ഞുവിട്ടതിന്റെ ഭവിഷ്യത്ത് ചൂണ്ടിക്കാട്ടി ലീഗും നിലപാട് കടുപ്പിക്കുകയാണ്. വാക്കുകൾ മയപ്പെടുത്തി പരിഹരിക്കാവുന്നതിന്റെ അപ്പുറത്തേക്ക് യുഡിഎഫിലെ പ്രതിസന്ധി മാറിക്കഴിഞ്ഞതായാണ് ദേശാഭിമാനി വിലയിരുത്തുന്നത്.
തിരഞ്ഞെടുപ്പിൽ അനിവാര്യമായ പതനം നേരിട്ട യുഡിഎഫ് ജീർണതയുടെ ഭാഗമായതോടെ ജെഡിയുവും ആർഎസ്‌പിയും പിഴവുകൾ ഉൾക്കൊണ്ടുവെന്ന് ദേശാഭിമാനി വിലയിരുത്തുന്നു. മാണി ഇപ്പോഴും എൽഎഡിഎഫിനൊപ്പം ചേരുമെന്ന ഒരു പ്രതീക്ഷയുമില്ലെങ്കിലും ജെഡിയുവിനേയും ആർഎസ്‌പിയേയും ഇടതുപാളയത്തിലെത്തിക്കാനാകുമെന്ന പ്രതീക്ഷയാണ് ഒളിഞ്ഞും തെളിഞ്ഞും മുഖപ്രസംഗത്തിൽ നിഴലിക്കുന്നത്.
മധ്യകേരളത്തിൽ കോൺഗ്രസിന്റെ സഹായമില്ലാതെ സ്വന്തം കാലിൽ നിൽക്കാമെന്ന് മാണി തീരുമാനിച്ചതുപോലെ മലബാറിൽ ലീഗിനും ഒറ്റയ്ക്കു നിൽക്കാൻ കെൽപ്പുണ്ടെന്ന കാഴ്ചപ്പാടാണ് മുഖപ്രസംഗത്തിൽ. ഈ രണ്ടു കക്ഷികളുമില്ലെങ്കിൽ കോൺഗ്രസ് കേരളത്തിൽ പിന്നെ നിലയില്ലാക്കയത്തിലാകുമെന്നാണ് ദേശാഭിമാനിയുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ മൂന്നരപതിറ്റാണ്ടായി യുഡിഎഫ് ഉയർത്തിക്കൊണ്ടു നടക്കുന്ന മാർക്‌സിസ്റ്റ് വിരുദ്ധ രാഷ്ട്രീയം തകർന്നുകഴിഞ്ഞു. ഈ ഘട്ടത്തിൽ യുഡിഎഫിലെ കക്ഷികൾ ആത്മപരിശോധന നടത്തണമെന്ന് ദേശാഭിമാനി നിർദ്ദേശിക്കുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒറ്റ സീറ്റുപോലും ലഭിക്കാത്ത കക്ഷികളായി ആർഎസ്‌പിയെയും ജെഡിയുവിനേയും മാറ്റിയതിന്റെയും പാലക്കാട്ട് വീരേന്ദ്രകുമാറിനെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരുലക്ഷത്തിലേറെ വോട്ടിന് തോൽപിച്ചതിൻേയും പാപക്കറ കോൺഗ്രസിന്റെ കൈകളിലുണ്ടെന്ന് മുഖപ്രസംഗം ഓർമ്മപ്പെടുത്തുന്നു.
യുഡിഎഫിലെ കക്ഷികളോടുള്ള സഹതാപം വ്യക്തമാക്കുന്ന മുഖപ്രസംഗത്തിൽ കോൺഗ്രസിനെതിരെ മാത്രമാണ് കടന്നാക്രമണം. മറ്റു കക്ഷികളെല്ലാം നല്ലവരാണെന്ന ധ്വനിയുമായാണ് പാർട്ടി പത്രം നിലപാട് വ്യക്തമാക്കുന്നത്.
മുൻഭരണത്തിൽ അഴിമതിയിലും രാഷ്ട്രീയ ജീർണതയിലും മുങ്ങിക്കുളിച്ചവരാണ് ഈ കക്ഷികളെല്ലാം എന്ന് പറയുമ്പോൾത്തന്നെ കേന്ദ്രത്തിലെ എൻഡിഎ സർക്കാരിന്റെ ജനദ്രോഹ നിലപാടുകൾക്കെതിരെ യോജിച്ച പോരാട്ടമുണ്ടാകണമെന്ന് മുഖപ്രസംഗത്തിൽ ആഹ്വാനം ചെയ്യുന്നു. സെപ്റ്റംബർ രണ്ടിന് നടക്കുന്ന ദേശീയ പണിമുടക്കിൽ യുഡിഫ് വിട്ടുവരുന്നവർ അണിചേരുമെന്ന പ്രതീക്ഷയും യുഡിഎഫ് വിട്ടുവരുന്നവരുമായി പ്രശ്‌നാധിഷ്ഠിത സഹകരണം പ്രഖ്യാപിച്ച കോടിയേരിയുടെ പ്രസ്താവനയെ ഉദ്ധരിച്ച് മുഖപ്രസംഗം പങ്കുവയ്ക്കുന്നുണ്ട്.
'തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി ഈ പാർട്ടികളിൽ കടുത്ത ആഭ്യന്തരശൈഥില്യത്തിന് വഴിമരുന്നിട്ടു. അവയിൽ ഉൾക്കൊള്ളുന്ന സാധാരണ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നവരാണ്. ദൈനംദിന ജീവിതപ്രശ്‌നങ്ങളിലും കർഷകരോടുള്ള നിലപാടിലും കേന്ദ്ര എൻഡിഎ സർക്കാരും കേരളത്തിലെ എൽഡിഎഫ് സർക്കാരും സ്വീകരിക്കുന്ന വ്യത്യസ്ത നിലപാടുകൾ അനുഭവിച്ചറിയുന്നവരുമാണ്. ഇത്തരം പ്രശ്‌നങ്ങളുടെ പരിഹാരത്തിന് യോജിച്ച പ്രവർത്തനവും പോരാട്ടവുമാണ് വേണ്ടത്.
സെപ്റ്റംബർ രണ്ടിന്റെ ദേശീയ പണിമുടക്ക് അത്തരമൊരു അവസരമാകുമെന്ന് പ്രതീക്ഷിക്കാം. യുഡിഎഫ് വിട്ടുവരുന്നവരുമായി പ്രശ്‌നാധിഷ്ഠിതമായി സഹകരിക്കുമെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയുടെ ഉള്ളടക്കവും ഇതുതന്നെ. ജനകീയപ്രശ്‌നങ്ങളിൽ വിശാലമായ ഐക്യം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി കേരള കോൺഗ്രസുമായും ഇപ്പോൾ യുഡിഎഫിന്റെ ഭാഗമായി നിൽക്കുന്ന മറ്റ് കക്ഷികളുമായും സഹകരിക്കാവുന്ന ഒട്ടേറെ മേഖലകളുണ്ട്. ഇവിടെ വർഗീയത ആരോപിച്ച് ആരെയെങ്കിലും തീണ്ടാപ്പാടകലെ നിർത്തുന്നതിൽ ന്യായീകരണമില്ല.
എൽഡിഎഫ്, യുഡിഎഫ്, ബിജെപി മുന്നണികളുമായി സമദൂരം പാലിക്കുമെന്നാണ് മാണി പറയുന്നത്. വർഗീയത കൈകാര്യംചെയ്യുന്ന ബിജെപിയും അതിനോട് മൃദുസമീപനം പുലർത്തുന്ന യുഡിഎഫും മതനിരപേക്ഷത മുറകെ പിടിക്കുന്ന എൽഡിഎഫും ഒരുപോലെയാണെന്ന സമീപനത്തിൽ അടിസ്ഥാനപരമായ പിശകുണ്ട്. ബിജെപിയുമായി അടുക്കാനാണ് മാണിയുടെ നീക്കമെങ്കിൽ, അത് സങ്കുചിത രാഷ്ട്രീയനേട്ടം മാത്രം ലക്ഷ്യമാക്കിയുള്ളതാണെന്ന് സംശയലേശമെന്യേ വിലയിരുത്തപ്പെടും.
കർഷക പാർട്ടിയെന്ന് അഭിമാനിക്കുന്ന കേരള കോൺഗ്രസിന്റെ വിവിധ വിഭാഗങ്ങളുമായി എൽഡിഎഫ് നേരത്തെയും സഹകരിക്കുകയും ഒരുമിച്ച് പ്രവർത്തിക്കുയും ചെയ്തിട്ടുണ്ട്. ആദ്യ നായനാർ മന്ത്രിസഭയിൽ കെ എം മാണിതന്നെ മന്ത്രിയായിരുന്നു. ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിൽ പ്രബലവിഭാഗം ഡെമോക്രാറ്റിക് കേരള കോൺഗ്രസ് രൂപീകരിച്ച് എൽഡിഎഫിനൊപ്പം നിന്നത് നിയമസഭാ തെരഞ്ഞെടുപ്പിലെ നിർണായക രാഷ്ട്രീയ സംഭവവികാസമായിരുന്നു.
നേരത്തെ എൽഡിഎഫിന്റെ ഭാഗമായിരുന്ന ആർഎസ്‌പി, ജനതാദൾ കക്ഷികളും അവരുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പുനർചിന്തനത്തിന് തയ്യാറാകേണ്ടിവരും. ഇത്തരത്തിൽ യുഡിഎഫിനകത്തെ അന്തഃഛിദ്രം രൂക്ഷമായിക്കൊണ്ടിരിക്കെ, ജനകീയ അടിത്തറ ഇടതുപക്ഷത്തിന് അനുകൂലമായി വികസിപ്പിച്ചെടുക്കുക എന്നത് ശരിയായ രാഷ്ട്രീയ കടമയാണ്. നിയമസഭയിൽ നല്ല ഭൂരിപക്ഷമുള്ളതിനാൽ എൽഡിഎഫ് ആ ചുമതലയിൽനിന്ന് വിട്ടുനിൽക്കണമെന്ന വാദത്തിൽ യുക്തിയില്ല. വർഗീയതയും ജനവിരുദ്ധ നയങ്ങളും ശക്തിപ്പെടുന്ന കാലത്ത് ജനങ്ങളുടെ ഐക്യനിര സാധ്യമാകുന്നിടത്തോളം വിപുലമാക്കുകയാണ്് ജനപക്ഷ രാഷ്ട്രീയത്തിന്റെ കടമ.' - മുഖപ്രസംഗം വിലയിരുത്തുന്നു