തിരുവനന്തപുരം: രാജ്യത്ത് ദേശീയത എന്ന വികാരത്തിന് പുതിയ മാനം കൈവന്നിരിക്കുന്നതിനിടെ സിപിഐ(എം) മുഖപത്രമായ ദേശാഭിമാനിയും സംഘപരിവാറിന്റെ അഖണ്ഡഭാരത് സങ്കല്പത്തിനൊപ്പം. വിദ്യാർത്ഥികൾക്കായി ദേശാഭിമാനി പുറത്തിറക്കുന്ന അക്ഷരമുറ്റം സപ്ലിമെന്റിലാണ് നിലപാട് വ്യക്തമാക്കുന്ന തരത്തിൽ ഇന്ത്യയുടെ ഭൂപടം ചിത്രീകരിച്ചിരിക്കുന്നത്.

സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ഓഗസ്റ്റ് 13ന് പുറത്തിറക്കിയ അക്ഷരമുറ്റം പതിപ്പിലാണ് ആർഎസ്എസിന്റെ വിശാലഹിന്ദുസ്ഥാൻ എന്ന സങ്കല്പത്തിന് ദേശാഭിമാനി കൊടിപിടിക്കുന്നത്. ആർഎസ്എസിന്റെ അഖണ്ഡഭാരതഭൂപടത്തിൽ പ്രതിപാദിക്കുന്ന അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് മേഖലകൾ കൂടി ഉൾപ്പെടുത്തിയാണ് അക്ഷരമുറ്റത്തിൽ ഇന്ത്യയുടെ ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

തൊട്ടടുത്ത അക്ഷരമുറ്റം പതിപ്പിൽ ഇതിന് ന്യായീകരണവും ദേശാഭിമാനി നൽകുന്നുണ്ട്. ഓഗസ്റ്റ് 20ന് പുറത്തിറങ്ങിയ അക്ഷരമുറ്റത്തിലാണ് ചിത്രം നൽകിയതിന് ദേശാഭിമാനിയുടെ ന്യായീകരണം. ചരിത്രത്തെ കൂട്ടുപിടിച്ചാണ് ഇതിന് ദേശാഭിമാനി വിശദീകരണം നൽകുന്നത്.

''വലിയ ചരിത്രമുള്ള നാടാണ് നമ്മുടെ ഇന്ത്യ. ഇന്നത്തെ ഇന്ത്യ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, നേപ്പാൾ, ഭൂട്ടാൻ, മ്യാന്മർ, ബംഗ്ലാദേശ് എന്നീ ഏഷ്യൻ രാജ്യങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങളെയാണ് മുമ്പ് ഇന്ത്യ എന്ന് വിളിച്ചിരുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെക്കുറിച്ച് പഠിക്കുന്ന കൂട്ടുകാർ പ്രാചീനകാല ഇന്ത്യയെക്കുറിച്ച് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.'' എന്നു തുടങ്ങുന്ന ലേഖനമാണ് മുൻ ലക്കത്തിലെ ചിത്രത്തിന് ന്യായീകരണമെന്ന നിലയിൽ ദേശാഭിമാനി അവതരിപ്പിക്കുന്നത്.

ഇതിനൊപ്പം 'ഇന്ത്യ മൗര്യസാമ്രാജ്യകാലത്ത്' എന്ന അടിക്കുറിപ്പോടെ ഭൂപടത്തിന്റെ പകർപ്പും 20ന്റെ അക്ഷരമുറ്റത്തിൽ മൂന്നാം പേജിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിഭജനത്തിനുമുമ്പുള്ള ഇന്ത്യയുടെ ഭൂപടവും ഇപ്പോഴത്തെ രാഷ്ട്രീയ ഭൂപടവും ലേഖനത്തിനൊപ്പം നൽകിയിട്ടുണ്ട്.

രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പതിപ്പിൽ ശരിയായ ഭൂപടത്തിന്റെ ചിത്രം ഉപയോഗിക്കാത്തതെന്ത് എന്ന ചോദ്യം ഇപ്പോഴും ബാക്കി നിൽക്കുന്നു. വിദ്യാർത്ഥികൾക്കുവേണ്ടി പുറത്തിറക്കിയ പ്രത്യേക പതിപ്പിലാണ് യാദൃച്ഛികമെന്നവണ്ണം വിശാല ഇന്ത്യയുടെ ഭൂപടം കയറിക്കൂടിയത്. ആർഎസ്എസും ബിജെപിയും മറ്റ് ഹൈന്ദവ സംഘടനകളും അഖണ്ഡഭാരതത്തിനുവേണ്ടി ഇപ്പോഴും വാദിക്കുന്നുണ്ട്.

ഹിന്ദുത്വവാദവും അനുബന്ധ വസ്തുതകളും കൂട്ടിച്ചേർത്ത് പാഠപുസ്തകങ്ങളിൽ പൊളിച്ചെഴുത്ത് നടത്താൻ നരേന്ദ്ര മോദി സർക്കാർ ഒരുങ്ങുന്നെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. പാഠപുസ്തകങ്ങൾ പുറത്തിറങ്ങുംമുമ്പുതന്നെ തങ്ങളുടെ വിദ്യാഭ്യാസ പതിപ്പിലൂടെ ദേശാഭിമാനിയും ഇവർക്കുവേണ്ടി രംഗത്തെത്തിയിരിക്കുകയാണ്. വർഗീയ വാദികൾക്കെതിരായി കടുത്ത നിലപാട് എടുത്തിരുന്ന പാർട്ടിയാണ് സിപിഐ(എം). തങ്ങളുടെ നിലപാടുമാറ്റത്തിന്റെ മുന്നോടിയാണോ മുഖപത്രത്തിലെ പ്രത്യേക പതിപ്പിലൂടെ സിപിഐ(എം) വെളിപ്പെടുത്തിയതെന്ന് കാത്തിരുന്നു തന്നെ കാണേണ്ടിവരും.