തിരുവനന്തപുരം: മലയാളത്തിന്റെ അഭിമാനമാണ് മോഹൻലാൽ. ചലച്ചിത്ര ലോകത്ത് എന്നും വിസ്മയം തീർത്തിട്ടുള്ള മോഹൻലാൽ എന്ന നടൻ മലയാളികളുടെ ജീവിതത്തോട് അത്രത്തോളം ചേർന്നാണ് നിൽക്കുന്നത്. അല്ലെങ്കിൽ മലയാളികളുടെ ജീവിതത്തിന്റെ ഭാഗം തന്നെയാണ്.

സിനിമയൊടൊപ്പം പരസ്യങ്ങളിലും ഫോട്ടോഷൂട്ടുകളിലും റിയാലിറ്റി ഷോയിലുമടക്കം നിറഞ്ഞുനിൽക്കുന്ന സൂപ്പർ താരത്തിന്റെ പുതുമയുള്ള ലുക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

ട്രെൻഡി വസ്ത്രങ്ങളും മികച്ച കോസ്റ്റ്യൂം കോംബിനേഷനുകളുമായി പരസ്യങ്ങളിലും ഫോട്ടോഷൂട്ടുകളിലും റിയാലിറ്റി ഷോയിലുമൊക്കെ നിറഞ്ഞു നിൽക്കുന്ന മോഹൻലാൽ ഫാൻ പേജുകൾ ആഘോഷമാക്കാറുമുണ്ട്. സൂപ്പർതാരത്തിന് വസ്ത്രങ്ങളുടെ പുതുമ സമ്മാനിക്കുന്ന ഡിസൈനർ സ്‌റ്റൈലിസ്റ്റ് ആരാണ് എന്ന ചോദ്യവും ഇതോടൊപ്പം ഉയർന്നുവരാറുണ്ട്.

ആരാധകരെ ആവേശത്തിലാക്കുന്ന സ്‌റ്റൈലിഷ് മോഹൻലാലിന് പിന്നിൽ ഒരാളുണ്ട്. ഡിസൈനർ ജിഷാദ് ഷംസുദ്ദീൻ. സൂപ്പർ താരത്തിന്റെ ഡിസൈനർ ആകാൻ ലഭിച്ച അവസരത്തെ ജീവിതത്തിലെ മനോഹരമായ മുഹൂർത്തങ്ങൾ എന്നാണ് ജിഷാദ് വിശേഷിപ്പിക്കുന്നത്. ജിഷാദിനെ തേടി നിരവധി അഭിനന്ദനങ്ങൾ ഇതിനൊടകം എത്തിക്കഴിഞ്ഞു.

 
 
 
View this post on Instagram

A post shared by JISHAD SHAMSUDEEN (@jishadshamsudeen)

ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത മൈ ജി ബ്രാൻഡിന്റെ പരസ്യത്തിന്റെ ഭാഗമായാണ് മോഹൻലാലിന് വേണ്ടി ആദ്യമായി വസ്ത്രം ഒരുക്കിയത്. ഇതിലെ സ്റ്റൈലിഷ് ഡിസൈനിങ് ഇഷ്ടപ്പെട്ടതോടെ വീണ്ടും അവസരങ്ങൾ തേടിയെത്തി.

ഖത്തറിലെ അവാർഡ് ഫങ്ഷന് വേണ്ടി ബ്ലാക് സ്യൂട്ടും ഫ്‌ളോറൽ പ്രിന്റുകളുള്ള ഷർട്ടും പെയർ ചെയ്തു നൽകിയത് ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നാലെ ഒട്ടേറെ പരസ്യങ്ങളിലേക്കും നിർദേശിക്കപ്പെട്ടു.

ന്യൂജെൻ സ്‌റ്റൈലിലുള്ള പരസ്യങ്ങളായിരുന്നു ഏറെയും. അതുകൊണ്ടുതന്നെ വിവിധ ബ്രാൻഡുകൾക്കു വേണ്ടി പുതുമയുള്ള ലുക്കിൽ ഓരോ തവണയും അവതരിപ്പിക്കാനായി.

മോഹൻലാൽ അവതാരനായ റിയാലിറ്റി ഷോ ബിഗ് ബോസിന്റെ രണ്ടാം സീസൺ മുതൽ കോസ്റ്റ്യൂം തയ്യാരാക്കിയതും ജിഷാദ് ഷംസുദ്ദീനാണ്. കൂടുതൽ പരീക്ഷണങ്ങൾക്ക് ഇതു സഹായിച്ചു. ഷോയ്ക്കു വേണ്ടി ചെയ്ത പല ലുക്കുകളും ആരാധകർക്കും ഫാഷൻ പ്രേമികൾക്കും ഇഷ്ടപ്പെട്ടു.

കംഫർട്ടിനാണ് മോഹൻലാൽ കൂടുതൽ പ്രാധാന്യം നൽകുന്നത്. വളരെ ഫ്രീ ആയി ഇരിക്കാൻ പറ്റുന്ന, മിനിമൽ ഫീലുള്ള കോസ്റ്റ്യൂംസ്. ബ്രാൻഡിന്റെ പേരിൽ നിർബന്ധം പിടിക്കാറില്ല എന്നതും കൂടുതൽ പരീക്ഷണങ്ങൾക്ക് വഴിയൊരുക്കി.

പഴ്‌സനൽ ഉപയോഗത്തിനായി അദ്ദേഹത്തിന്റെ കയ്യിൽ എല്ലാ പ്രീമിയം ബ്രാൻഡുകളുടെയും വസ്ത്രങ്ങളുണ്ട്. പക്ഷേ വർക്കിന്റെ ഭാഗമാകുമ്പോൾ കാര്യം നടക്കുക എന്നതിനാണ് മോഹൻലാൽ പ്രാധാന്യം നൽകുന്നത്.

ഇളം നീല, ഓഫ് വൈറ്റ് എന്നിങ്ങനെ ലൈറ്റ് കളേഴ്‌സിനോടാണ് സൂപ്പർതാരത്തിന്റെ ഏറ്റവും പ്രിയം. അതുകൊണ്ട് ഡാർക്ക് ഷേയ്ഡുകൾ പരമാവധി കുറച്ച് ബ്രൈറ്റ് കളേഴ്‌സിൽ കോസ്റ്റ്യൂം ഒരുക്കാനാണ് ശ്രമിക്കാറുള്ളത്. അതുതന്നെയാണ് അദ്ദേഹത്തിന് കൂടുതൽ ഭംഗിയും.

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ മേക്കിങ് സ്റ്റിൽ ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സന്തോഷ് ശിവനുമായി ഒന്നിച്ചിരിക്കുന്ന മോഹൻലാലിന്റെ ഈ കോസ്റ്റ്യൂമിന് പിന്നിലും ജിഷാദ് ഷംസുദ്ദീനാണ്.

സിനിമയിൽ മോഹൻലാലിന് വേണ്ടി കോസ്റ്റ്യൂംസ് ഒരുക്കുന്നത് മുരളിയാണ്. എന്നാൽ ആറാട്ട് എന്ന സിനിമയിൽ മുരളിയൊടൊപ്പം കോസ്റ്റ്യൂം ഡിസൈൻ ചെയ്യാൻ ജിഷാദ് ഷംസുദ്ദീന് അവസരം ലഭിച്ചിരുന്നു. ഭാവിയിൽ കൂടുതൽ സിനിമകളുടെ ഭാഗമാകാനാവും എന്ന പ്രതീക്ഷയിലാണ് ജിഷാദ്.