- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരൂരിലെ കോതമംഗലംകാരൻ കോടീശ്വരനായ വ്യവസായി അനസിന്റെ കാറിൽ ഇഡി ഓഫീസിൽ രഹസ്യമായി വന്നത് എന്തിന്? ഹാജരായത് മുഖ്യമന്ത്രിയുടെ അറിവോടെയോ? യുഎഇ കോൺസുലേറ്റ് വഴി മതഗ്രന്ഥങ്ങൾ വിതരണം ചെയ്തത് എന്തുകൊണ്ട് ? സ്വപ്നയും യുഎഇ കോൺസുൽ ജനറലുമായുള്ള ബന്ധത്തിന്റെ സ്വഭാവം എന്ത്? സ്വന്തം പേരിലും ഭാര്യയുടെയും പേരിലും ഉള്ള സ്വത്തുക്കൾ; എൻഫോഴ്മെന്റിന്റെ ചോദ്യങ്ങൾക്ക് മന്ത്രി കെ.ടി.ജലീൽ നൽകിയ മറുപടിയുടെ വിശദാംശങ്ങൾ ഇങ്ങനെ
കൊച്ചി: പ്രതിപക്ഷം രാജിക്കായി മുറവിളി കൂട്ടുമ്പോഴും താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും സത്യം വിജയിക്കുമെന്നുമാണ് മന്ത്രി കെ.ടി.ജലീൽ പരസ്യമായി പറയുന്നത്. എന്നാൽ, മാധ്യമങ്ങളുടെ കണ്ണിൽ പെടാതിരിക്കാൻ എൻഫോഴ്്മെന്റ് ഓഫീസിൽ ചോദ്യം ചെയ്യലിനായി രഹസ്യമായി പോയത് എന്തിന്? ഇതിനെല്ലാമുള്ള ഉത്തരങ്ങൾ അടങ്ങുന്ന ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. രാവിലെ 10 മുതലുള്ള ചോദ്യം ചെയ്യൽ രണ്ടര മണിക്കൂറോളം നീണ്ടുനിന്നു. ചോദ്യം ചെയ്യല്ലിന് ഹാജരാവാൻ ആവശ്യപ്പെട്ടുള്ള എൻഫോഴ്സ്മെന്റ് നോട്ടീസ് തന്റെ മലപ്പുറത്തെ വിലാസത്തിലാണ് ലഭിച്ചത്. അതിനാലാണ് ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് ചോദ്യം ചെയ്യലിന് എത്തിയതെന്നാണ് ജലീൽ വിശദീകരിക്കുന്നത്. തീർത്തും സൗഹാർദപരമായിരുന്നു ചോദ്യം ചെയ്യൽ. മുഖ്യമന്ത്രിയെ അറിയിച്ച ശേഷമാണ് കെ.ടി.ജലീൽ ചോദ്യം ചെയ്യലിന് ഹാജരാവാനായി എൻഫോഴ്സ്മെന്റ് ഓഫീസിലെത്തിയതെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്. പിന്നീട് ബന്ധപ്പെട്ട കാര്യങ്ങൾ ജലീൽ മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ചറിയിച്ചു.
മതഗ്രന്ഥങ്ങൾ വിതരണം ചെയ്തത് തെറ്റല്ല
അതേസമയം മതഗ്രന്ഥങ്ങൾ വിതരണം ചെയ്തത് തെറ്റാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്നാണ് ജലീൽ എൻഫോഴ്മെന്റിനോട് പറഞ്ഞത്. ആർക്കൊക്കെ മതഗ്രന്ഥങ്ങൾ നൽകിയിട്ടുണ്ട് എന്നത് സംബന്ധിച്ച് രേഖകൾ ഉണ്ട്. ആവശ്യമെങ്കിൽ അത് തിരിച്ചെടുക്കാൻ കഴിയുന്നതുമാണെന്ന് ജലീൽ ഇ.ഡിയോട് വ്യക്തമാക്കി. യുഎഇ കോൺസുലേറ്റ് നൽകിയത് നിരസിക്കുന്നത് ശരിയല്ല എന്ന് തോന്നിയതു കൊണ്ടാണ് മതഗ്രന്ഥങ്ങൾ താൻ ഏറ്റുവാങ്ങിയത്, മത ഗ്രന്ഥങ്ങൾ എവിടെയും വിതരണം ചെയ്തിട്ടില്ല. കോവിഡായതിനാൽ അതേപടി സൂക്ഷിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ വഴിവിട്ട് ഒന്നും ചെയ്തിട്ടില്ല. ഏതന്വേഷണവും നേരിടാൻ തയാറാണെന്നും മന്ത്രി പറഞ്ഞതായാണ് വിവരം.
പ്രോട്ടോക്കോൾ ലംഘനം അറിയില്ലായിരുന്നു
സ്വപ്ന അടക്കം ഉള്ളവരോടുള്ള ബന്ധം ഔദ്യോഗികം മാത്രമാണ്. വ്യക്തിപരമായ കാര്യങ്ങൾക്ക് ഇത്തരം ബന്ധങ്ങൾ ഉപയോഗിച്ചിട്ടില്ല. കോൺസുലേറ്റ് സെക്രട്ടറി എന്ന നിലയിലാണ് പരിചയം. വഖഫ് മന്ത്രിയെന്ന നിലയിൽ കോൺസുലേറ്റുമായി മികച്ച ബന്ധം പുലർത്തിയിരുന്നു. കോൺസൽ ജനറലിനെ ബന്ധപ്പെട്ടിരുന്നത് സ്വപ്ന വഴിയാണ്. സ്വപ്നയുടെ മറ്റു ഇടപാടുകൾ തനിക്ക് അറിയില്ലായിരുന്നു. കോൺസൽ ജനറലുമായുള്ള ബന്ധത്തിൽ അസ്വാഭാവികതയില്ല. പ്രോട്ടോക്കോൾ ലംഘനത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നു എന്നും ജലീൽ അന്വേഷണ സംഘത്തോട് പറഞ്ഞു.
ജലീലിന്റെ ആസ്തി വിവരങ്ങൾ
ജലീലിന്റെ ആസ്തിബാധ്യതകളും എൻഫോഴ്സ്മെന്റ് ആരാഞ്ഞു. താൻ സമ്പന്നനല്ല. തന്റെ പത്തൊൻപതര സെന്റ് സ്ഥലവും വീടും ഉണ്ടെന്ന് മന്ത്രി ഉദ്യോഗസ്ഥരെ അറിയിച്ചു. അഞ്ച് ലക്ഷം രൂപയുടെ ലോണും തന്റെ പേരിലുണ്ട്. ഇതിൽ ഒന്നര ലക്ഷം രൂപ ഇനിയും അടച്ചു തീർക്കാനുണ്ട്. ഭാര്യയുടെ പേരിൽ 13 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. തന്റെ പേരിൽ മൂന്നു ലക്ഷം രൂപയും ഉണ്ട്. രണ്ടും ട്രഷറി അക്കൗണ്ടിലാണുള്ളത്. വസ്തുവിന്റെ ആധാരവും ട്രഷറി നിക്ഷേപം സംബന്ധിച്ച രേഖകളും എൻഫോഴ്സ്മെന്റ് ആവശ്യപ്രകാരം ഹാജരാക്കാമെന്ന് മന്ത്രി ഉദ്യോഗസ്ഥരെ അറിയിച്ചു.
എന്നാൽ, എൻഫോഴ്മെന്റിന്റെ പക്കലുള്ള വിവരങ്ങളും മന്ത്രി ജലീൽ പറഞ്ഞവയുമായി പൊരുത്തക്കേടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ ജലീലിന് ക്ലീൻ ചിറ്റ് നൽകാൻ ഇഡി തയ്യാറല്ല. മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യാനും തീരുമാനിച്ചതായാണ് സൂചന.
മറുനാടന് മലയാളി ബ്യൂറോ