മൂന്നാർ: 'ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലായിരുന്നു. 2017 സെപ്റ്റംബറിൽ വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്ത് ബലമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു.പ്രതിഷേധിച്ചപ്പോൾ വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകി. പിന്നീട് പലതവണ ശാരീരിക ചൂഷണം തുടർന്നു. ഗർഭിണിയാണെന്നറിയിച്ചപ്പോൾ സ്വീകരിക്കാൻ തയ്യാറായില്ല. വിവരമറിഞ്ഞ് വീട്ടുകാർ ഇടപെട്ടിട്ടും ഫലമുണ്ടായില്ല.ഈ വിവരങ്ങൾ വെളിപ്പെടുത്തുന്നത് തെറ്റ് ചെയ്തവർ ശിക്ഷ അനുഭവിക്കണമെന്ന തീരുമാനത്താലാണ്.' പെമ്പിളൈ ഒരുമൈ പ്രവർത്തകയായിരുന്ന ഗോമതി അഗസ്റ്റിന്റെ മകൻ മൂന്നാർ ദേവികുളം ഒ.ഡി.കെ.ഡിവിഷൻ സ്വദേശിയായ വിവേക് അഗസ്റ്റിൻ (22) അഗസ്റ്റിന്റെ അറസ്റ്റിന് വഴിതെളിച്ച 17 കാരിയുടെ മൊഴിയിലെ പ്രധാന വിവരണം ഇങ്ങനെ.

മകളെ വിഷാദ രോഗത്തിന് ചികത്സിക്കാൻ മാതാപിതാക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് അറസ്റ്റിന് വഴി തെളിച്ച സംഭവങ്ങൾക്ക് തുടക്കമായത്.മൂന്നാർ സി.ഐ സാം ജോസിന്റെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം പുരോഗമിക്കുന്നത്. പെൺകുട്ടി ഗർഭച്ഛിദ്രത്തിന് വിധേയയായതായി മെഡിക്കൽ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും തെളിവ് ലഭിച്ചാൽ ഇത് ചെയ്ത ഡോക്ടറെ അറസ്റ്റ് ചെയ്യൂമെന്നും സി ഐ അറിയിച്ചു.

വിഷാദരോഗത്തിന് ആശുപത്രിയിൽ കൗൺസിലിങ് നൽകി വരുന്നതിനിടെയാണ് പീഡന വിവരം പെൺകുട്ടി വെളിപ്പെടുത്തിയത്. ടൗണിലെ കോളനി റോഡിലുള്ള ഒരു ലോഡ്ജിൽ ജീവനക്കാരനായിരുന്നു ഇയാൾ. ലോഡ്ജിനു സമീപത്ത് പെൺകുട്ടിയുടെ കുടുംബം വാടകയ്ക്ക് താമസിച്ചിരുന്ന സമയത്താണ് വിവേക് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇടക്കാലത്ത് പെൺകുട്ടിയുടെ കുടുംബം കോതമംഗലത്തേക്ക് താമസം മാറ്റിയിരുന്നു.

അങ്കമാലിയിലെ ഒരു സ്‌കൂളിൽ പ്ലസ് വണ്ണിന് പഠിക്കുന്നതിനിടെയാണ് പെൺകുട്ടിയിൽ രോഗലക്ഷണങ്ങൾ പ്രകടമായത് .ഇതിനിടെ മകളെ കല്യാണം കഴിക്കണമെന്ന് വിവേകിനോട് ആവശ്യപ്പെട്ടപ്പോൾ മാതാവ് ഗോമതി നേരിട്ടെത്തി താൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറാണെന്നും താൻ വിചാരിച്ചാൽ ചിലതൊക്കെ നടക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടിയുടെ വീട്ടുകാർ ആരോപിച്ചെന്നും സി ഐ അറിയിച്ചു.

അങ്കമാലി പൊലീസ് മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് മൂന്നാർ പൊലീസിന് കൈമാറുകയായിരുന്നു. ദേവികുളം കോടതിയിൽ ഹാജരാക്കിയ വിവേകിനെ റിമാന്റു ചെയ്തു.