തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റുമ്പോൾ ടിപി സെൻകുമാറെന്ന ഉദ്യോഗസ്ഥൻ നിയമ പോരാട്ടത്തിന് തുനിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നല്ല ബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പൊലീസ് തലപ്പത്തെ മാറ്റത്തിൽ ഏറെ മുൻകരുതലുമെടുത്തു. അച്ചടക്ക നടപടിയെന്ന വ്യാഖ്യാനത്തിൽപ്പെട്ടുത്തിയാണ് സെൻകുമാറിനെ മാറ്റുന്നത്. കേരളാ പൊലീസിന് തലവേദനയായ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തവും കലാഭവൻ മണിയുടെ മരണവും ജിഷാ വധവുമാണ് സെൻകുമാറിന്റെ സ്ഥാന ചലനത്തിന് സർക്കാർ കണ്ടെത്തുന്ന ന്യായങ്ങൾ. ജനങ്ങൾക്കു ഡി.ജി.പി: ടി.പി. സെൻകുമാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാലാണ് അദ്ദേഹത്തെ മാറ്റിയതെന്നു സർക്കാരിന്റെ വിശദീകരണം. സെൻകുമാറിനെ മാറ്റിക്കൊണ്ടു ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഡി.ജി.പി. റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ മാറ്റുമ്പോൾ ഇതാദ്യമായാണു സർക്കാർ ഇത്തരമൊരു ഉത്തരവു പുറത്തിറക്കുന്നത്.

പൊലീസ് ആക്ടിലെ സെക്ഷൻ 97 (2) (ഇ) വകുപ്പുപ്രകാരമാണു സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്നു മാറ്റാൻ സർക്കാർ ഉത്തരവിട്ടത്. ഈ നിയമം സർക്കാരിനു പ്രയോഗിക്കേണ്ടിവന്നെന്നു ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റാൻ നിയമപരമായോ വകുപ്പുതലത്തിലോ നടപടിയെടുക്കാനുള്ള സ്വാതന്ത്ര്യം മുൻവിധിയില്ലാതെ നിലനിർത്തിക്കൊണ്ട്, അദ്ദേഹത്തെ സാധാരണ ഉദ്യോഗകാലാവധിയായ രണ്ടുവർഷം പൂർത്തിയാകുന്നതിനുമുമ്പ് സ്ഥലംമാറ്റാമെന്നു പൊലീസ് ആക്ട് വ്യവസ്ഥ ചെയ്യുന്നു. പൊലീസ് ആക്ടിലെ 97 (2)(ഇ) വകുപ്പുപ്രകാരം ഉന്നത പൊലീസുദ്യോഗസ്ഥന്റെ അധികാരപരിധിയിൽ, പൊലീസിന്റെ കാര്യക്ഷമത സംബന്ധിച്ചു പൊതുജനങ്ങൾക്ക് അതൃപ്തിയുണ്ടായാൽ അദ്ദേഹത്തെ മാറ്റാമെന്നു പറയുന്നു. ഇതനുസരിച്ചാണു സെൻകുമാറിന്റെ സ്ഥാനചലനം.

ജനവിശ്വാസം നഷ്ടപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ മാറ്റാനുള്ള അധികാരം സർക്കാരിൽ നിഷിപ്തമാണെന്നു സ്ഥലംമാറ്റം സംബന്ധിച്ച ചട്ടത്തിൽ വിശദമാക്കുന്നു. ഈ നിയമമാണു സർക്കാർ പ്രയോഗിച്ചത്. എന്നാൽ, തന്റെ സ്ഥലംമാറ്റക്കാര്യത്തിൽ ചട്ടലംഘനം നടന്നുവെന്ന സെൻകുമാറിന്റെ ആരോപണത്തെ പ്രതിരോധിക്കാനാണ് ഇത്. സ്ഥലം മാറ്റത്തിനെതിരെ സെൻകുമാർ കോടതിയിൽ പോയാൽ പിഴവുകൾ അക്കമിട്ട് നിരത്താനാണ് തീരുമാനം. ജിഷ വധക്കേസിൽ പരക്കേ ആരോപിക്കപ്പെട്ട അനാസ്ഥ, കലാഭവൻ മണിയുടെ മരണം വേണ്ടരീതിയിൽ അന്വേഷിക്കാതെ അനാവശ്യവിവാദങ്ങൾ സൃഷ്ടിച്ചു, പുറ്റിങ്ങൽ വെടിക്കെട്ടപകടത്തിൽ പൊലീസിന്റെ അനാസ്ഥ പ്രകടമായെങ്കിലും അതിനു കാരണക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിച്ചു, എന്നിങ്ങനെ നീളുന്നു ആരോപണങ്ങൾ. സെൻകുമാറിനെ മാറ്റിക്കൊണ്ടുള്ള ഫയലിൽ ഈ കാരണങ്ങൾ വിശദമാക്കിയിട്ടുണ്ടെന്നാണു സൂചന. ഏത് കോടതയും ഈ വിശദീകരണങ്ങൾ മുഖവിലയ്‌ക്കെടുക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ആഭ്യന്തര വകുപ്പിലെ അഡീഷണൽ ചീഫ് സെക്രട്ടറിയുമായ നളിനി നെറ്റോയുടെ കരുതലാണ് ഈ തീരുമാനത്തിൽ പ്രതിഫലിപ്പിക്കുന്നത്.

ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദും ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി നളിനി നെറ്റോയും ചേർന്നാണു ഡി.ജി.പിയുടെ അനാസ്ഥ സംബന്ധിച്ച കാര്യങ്ങൾ ഫയലിൽ രേഖപ്പെടുത്തിയത്. ദേശീയശ്രദ്ധ പിടിച്ചുപറ്റിയ ജിഷ വധക്കേസിൽ പോസ്റ്റ്‌മോർട്ടം കഴിഞ്ഞയുടൻ മൃതദേഹം കത്തിച്ചുകളഞ്ഞത് ഏറെ സംശയങ്ങൾക്ക് ഇടയാക്കിയിരുന്നു. കൊലപാതകക്കേസിൽ പോസ്റ്റ്‌മോർട്ടം നടത്തിയ മൃതദേഹം കത്തിച്ചുകളയാൻ പാടില്ലെന്ന നിയമം പാലിക്കപ്പെട്ടില്ല. പുറ്റിങ്ങൽ മത്സരക്കമ്പത്തിനു ജില്ലാ കലക്ടർ അനുമതി നിഷേധിച്ചെങ്കിലും പൊലീസ് ഉദ്യോഗസ്ഥർ അതു വകവച്ചില്ല. നടൻ കലാഭവൻ മണിയുടെ മരണകാരണം ഇതുവരെ തെളിയിക്കാൻ കഴിയാത്തതും പൊലീസിന്റെ അനാസ്ഥയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കുറ്റാരോപണങ്ങൾ ഇങ്ങനെ നീളുന്നു. തന്നെ ഒഴിവാക്കിയതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നു സെൻകുമാർ പറഞ്ഞതിനെ തുടർന്നാണ് വിശദമായ ഉത്തരവ് പുറത്തിറക്കിയത്.

രണ്ട് ദിവസം മുമ്പാണ് സെൻകുമാറിനെ മാറ്റാനുള്ള ഫയലിൽ മുഖ്യമന്ത്രി ഒപ്പുവച്ചത്. ഇതോടെ സർക്കാരിനെതിരെ പ്രതികരണവുമായി സെൻകുമാർ എത്തി. കേസ് കൊടുക്കുമെന്നും വിശദീകരിച്ചു. ഗവർണ്ണർ പി സദാശിവത്തെ കണ്ട് ചട്ട ലംഘനം വിശദീകരിക്കുകയും ചെയ്തു. അവധിയിലും പ്രവേശിച്ചു. ഇതിന് ശേഷമാണ് സ്ഥാനചലന ഉത്തരവ് സർക്കാർ പുറത്തിറക്കിയത്. അതുകൊണ്ട് തന്നെ കരുതലുകൾ എടുക്കാനും കഴിഞ്ഞു. ഇതാണ് ചട്ടങ്ങൾ രേഖപ്പെടുത്തിയുള്ള സ്ഥലമാറ്റ ഉത്തരവിലേക്ക് കാര്യങ്ങളെത്തിയത്. ഫലത്തിൽ സെൻകുമാർ കോടതിയെ സമീപിച്ചാലും കോടതി അപേക്ഷ തള്ളുമെന്ന് ഉറപ്പാക്കുകയാണ് സർക്കാർ. അതിനിടെ സെൻകുമാർ 10 ദിവസത്തേക്കു കൂടി അവധി ദീർഘിപ്പിച്ചു. നേരത്തെ മൂന്നു ദിവസത്തെ അവധിയാണ് അദ്ദേഹം എടുത്തിരുന്നത്. തന്റെ സ്ഥാന മാറ്റത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നു സെൻകുമാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സുപ്രീം കോടതി വിധിയുടെയും കേരള പൊലീസ് ആക്ടിന്റെയും ലംഘനമാണു സർക്കാർ നടപടിയെന്നാണ് അദ്ദേഹം പറഞ്ഞത്.

ഇതു പ്രകാരം ഒരു ഉദ്യോഗസ്ഥനെ ഒരു തസ്തികയിൽ നിയമിച്ചാൽ രണ്ടു വർഷത്തേക്കു മതിയായ കാരണമില്ലാതെ മാറ്റാൻ പാടില്ല. സെൻകുമാർ കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുമെന്നു സർക്കാരിനു ബോധ്യമായതിനാലാണ് അതേ നിയമത്തിലെ വകുപ്പു തന്നെ സ്ഥലം മാറ്റ ഉത്തരവിൽ എഴുതിച്ചേർത്തത്. സെൻകുമാറിനെ കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷനിൽ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ തസ്തികയിൽ ഡപ്യൂട്ടേഷനിൽ നിയമിക്കുന്നതിന് ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തിയെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. വിജിലൻസ് ഡയറക്ടറുടെ കേഡർ തസ്തികയ്ക്കു തുല്യമായി ഇതുയർത്തിയിട്ടുണ്ട്.

എന്നാൽ വിവാദങ്ങളോട് മുഖ്യമന്ത്രി പിണറായി പ്രതികരിച്ചിട്ടില്ല. ബുധനാഴ്ചകളിലെ മന്ത്രിസഭാ യോഗത്തിനു ശേഷം തീരുമാനങ്ങൾ വിശദീകരിക്കുന്ന പതിവ് മുഖ്യമന്ത്രിമാർക്കുണ്ടെങ്കിലും ഇന്നലെ പിണറായി ഇത് ഒഴിവാക്കി. ഐഎഎസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ മാറ്റിയതടക്കമുള്ള മന്ത്രിസഭാ തീരുമാനങ്ങൾ പിന്നീടു പത്രക്കുറിപ്പായി പുറത്തിറക്കുകയായിരുന്നു. ഞായറാഴ്ച രാത്രി ഒപ്പുവച്ച ഡിജിപിമാരുടെ മാറ്റം സംബന്ധിച്ച അറിയിപ്പും ഇന്നലെയാണ് ഔദ്യോഗികമായി മാദ്ധ്യമങ്ങൾക്കു കൈമാറിയത്. തിങ്കളാഴ്ച ചാനലുകൾ കണ്ടപ്പോൾ ഡിജിപി നിയമനത്തെക്കുറിച്ചു പിന്നീടു പ്രതികരിക്കാമെന്നായിരുന്നു മറുപടി.

ഇന്നലെ സ്‌കൂൾ പ്രവേശനോൽസവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അദ്ദേഹമെത്തിയില്ല. സച്ചിൻ ടെൻഡുൽക്കറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം നടത്തിയ സംയുക്ത പത്രസമ്മേളനവും വേഗം പൂർത്തിയാക്കി മുഖ്യമന്ത്രി ഓഫിസിലേക്കു നീങ്ങി.