കൊല്ലം: കുഞ്ചാക്കോ ബോബൻ ചിത്രം ന്നാ താൻ കേസ് കൊട് എന്ന സിനിമയിലെ ഗാനം ഇതിനോടകം വൈറലാണ്. 37 വർഷങ്ങൾക്കുശേഷം 'ദേവദൂതർ പാടി...' എന്ന ഗാനം ചാക്കോച്ചന്റെ രസികൻ ചുവടുകളോടെയാണ് വൈറാലയത്. എന്നാൽ, ഈ ഗാനം എക്കാലത്തെയും വലിയ ഹിറ്റായിരിക്കുമ്പോഴും ഗായികയെ പലരും ഓർത്തിരിക്കുന്നില്ല. മറ്റു ചിലർ കരുതുന്നത്, ഈ ഗാനം ചിത്ര പാടിയതാണെന്നാണ്. എന്നാൽ, ജീവിതത്തിൽ മുഴുവൻ ഹിറ്റ് ഗാനങ്ങൾ മാത്രംപാടിയ ഗായിക ആയിട്ടും എൻ.ലതിക ടീച്ചറെ അധികമാരും തിരിച്ചറിയുന്നില്ല.

കാതോടു കാതോരത്തിലെ 'ദേവദൂതർ പാടി...' എന്ന ഗാനം തരംഗമാകുമ്പോൾ മലയാളിക്ക് അത്ര പെട്ടെന്നൊന്നും മറക്കാനാകാത്ത ആ ഗായികകൊല്ലത്തുണ്ട്. 'കാതോട് കാതോരം ലതിക' എന്ന് മലയാള ഗാനാസ്വാദകർ വിളിക്കുന്ന എൻ.ലതിക ടീച്ചർ. ഭരതൻ സംവിധാനംചെയ്ത 'കാതോട് കാതോര'ത്തിലെ പാട്ടുകളായ കാതോട് കാതോരം തേൻ ചോരുമാമന്ത്രം..., ദേവദൂതർ പാടി..., നീ... എൻ... സർഗസൗന്ദര്യമേ... തുടങ്ങിയ ഗാനങ്ങൾ ലതികയാണ് പാടിയത്.

തന്റെ ഗാനങ്ങളിൽ ചിലത് മറ്റുള്ളവരുടെ ക്രെഡിറ്റിൽ അറിയപ്പെടുന്നത് നിശ്ശബ്ദമായി നോക്കിക്കാണേണ്ടിവന്ന ഹതഭാഗ്യകൂടിയാണ് ലതിക. ഇനി പുറത്തിറങ്ങാനിരിക്കുന്ന ഇ-വലയം എന്ന ചിത്രത്തിനുവേണ്ടിയും ലതിക പാടിയിട്ടുണ്ട്. ഇതിനിടെയാണ് ഇപ്പോൾ കാതോട് കാതോരത്തിലെ ഗാനം വൈറലാകുന്നത്.

ഒ.എൻ.വി.കുറുപ്പ് രചിച്ച്, ഔസേപ്പച്ചൻ ഈണം നൽകിയ ആ സൂപ്പർ ഹിറ്റ് ഗാനം മറ്റൊരു പുതിയ ചിത്രത്തിലൂടെയാണ് തരംഗമാകുന്നത്. എന്നാൽ പാട്ടിന്റെ പിന്നണിയിൽ പ്രവർത്തിച്ചവരുടെ പേരുകൾ എല്ലാവരും മറന്നു. ദേവദൂതർ വീണ്ടും എല്ലാവരും ഇഷ്ടത്തോടെ കേൾക്കുന്നതിലും ചർച്ചചെയ്യുന്നതിലും സന്തോഷമുണ്ടെങ്കിലും സംവിധായകൻ ഭരതൻ ഉൾപ്പെടെ അതിൽ പ്രവർത്തിച്ചവരെ പരാമർശിച്ചുകാണാത്തത് വിഷമമുണ്ടാക്കിയതായി ഗായിക പറയുന്നു.

ആശ്രാമത്ത് സദാശിവൻ ഭാഗവതരുടെയും ബി.കെ.നളിനിയുടെയും മകളായ ലതിക അഞ്ചാംവയസ്സിൽ ഗാനമേളകളിൽ പാടിത്തുടങ്ങി. മങ്ങാട് നടേശൻ ആയിരുന്നു ഗുരു. ഗായകൻ ജയചന്ദ്രനുമായുള്ള പരിചയം, ഗാനമേളയിൽ ഒട്ടേറെ അവസരങ്ങൾ അവർക്കു നൽകി. പി.ബി.ശ്രീനിവാസ്, യേശുദാസ്, ജയചന്ദ്രൻ, മലേഷ്യ വാസുദേവൻ എന്നിവരൊത്ത് നിരവധി ഗാനമേളകളിൽ ലതിക പാടിയിട്ടുണ്ട്. ചെന്നൈ സംഗീത അക്കാദമിയിൽനിന്ന് ഒന്നാം റാങ്കോടെ സംഗീതവിദ്വാൻ ജയിച്ച ലതിക 1989-ൽ പാലക്കാട് സംഗീത കോളേജിൽ സംഗീതാധ്യാപികയായി. തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിൽ അദ്ധ്യാപികയായിരിക്കെ വിരമിച്ചു. കൊല്ലം കടപ്പാക്കടയിലെ പ്രവീണയിലാണ് താമസം.

വന്ദനം, ചിത്രം, താളവട്ടം എന്നീ സിനിമകളിലെ ലലലാ ലാലാ... ലാ ലാ ലാ ലാ.. എന്ന ഹമ്മിങ് മാത്രം മതി ലതിക എന്ന ഗായികയെ മലയാളികൾ ഓർക്കാൻ. 1976-ൽ 'അഭിനന്ദനം' എന്നസിനിമയിൽ കണ്ണൂർ രാജന്റെ ഈണത്തിൽ യേശുദാസിനൊപ്പം 'പുഷ്പതല്പത്തിൽ നീ വീണുറങ്ങി...' എന്ന പാട്ട് പാടിയാണ് സിനിമാ പിന്നണിരംഗത്ത് വരുന്നത്. തുടർന്ന് രവീന്ദ്രൻ ആദ്യമായി സംഗീതസംവിധായകനായ 'ചൂള'യിൽ ജെൻസിക്കൊപ്പം 'ഉപ്പിന് പോകണ ദിക്കേത്..' എന്ന ഗാനം പാടി.

രവീന്ദ്രൻ, ഔസേപ്പച്ചൻ, എസ്‌പി.വെങ്കിടേഷ്, രാജാമണി തുടങ്ങി പലരുടെയും ആദ്യ ഹിറ്റുകൾ പാടിയത് ലതികയാണ്. ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്ന ചിത്രത്തിൽ ജോൺസൺ-ഒ.എൻ.വി. കൂട്ടുകെട്ടിന്റെ 'കണ്മണിയെ ആരിരാരോ...' എന്ന ലതികയുടെ താരാട്ടുപാട്ടും ആസ്വാദകർക്ക് മറക്കാൻ കഴിയില്ല. താരും തളിരും മിഴിപൂട്ടി..., പുലരേ പൂങ്കോടിയിൽ..., മകളെ പാതി മലരേ... തുടങ്ങിയവ ലതികയുടെ ഹിറ്റ് ഗാനങ്ങളാണ്.