- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടതുകാൽ മുറിച്ച് നീക്കേണ്ടി വരുമെന്നറിഞ്ഞിട്ടും കളിക്കളത്തിലെ പോലെപ്രതിരോധം തീർത്തില്ല' മുറിക്കാതെ ശരിയാകില്ലേ ഡോക്ടർ എന്ന ഒരേ ഒരു ചോദ്യം; നിവൃത്തിയില്ലെന്ന മറുപടി; അങ്ങിനെ തന്നെയാവട്ടേ എന്ന പറഞ്ഞ് സമ്മതം മൂളൽ; കണ്ണൂർ ബ്രദേഴ്സിലൂടെ 70ളിലെ കേരളാ ഫുട്ബോളിന്റെ പ്രതിരോധ ഭടൻ; ദേവാനന്ദ് സുഖം പ്രാപിക്കുമ്പോൾ
കണ്ണൂർ: ഇടതുകാൽ മുറിച്ച് നീക്കേണ്ടി വരുമെന്നറിഞ്ഞിട്ടും കളിക്കളത്തിലെ പോലെ ദേവാനന്ദ് പ്രതിരോധം തീർത്തില്ല. മുറിക്കാതെ ശരിയാകില്ലേ ഡോക്ടർ എന്ന ഒരേ ഒരു ചോദ്യം. നിവൃത്തിയില്ലെന്ന ഡോക്ടറുടെ മറുപടി. അങ്ങിനെതന്നെയാവട്ടേ. പിന്നെ ഒന്നും പ്രതികരിച്ചില്ല. കാൽ മുറിക്കേണ്ടി വരുമെന്നറിഞ്ഞ അടുത്ത ബന്ധുക്കൾക്ക് പോലും പോലും പിടിച്ചു നിൽക്കാനായില്ല.
ഫുട്ബോൾ കളത്തിലെ പഴയ താരം കളമശ്ശേരി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ വെച്ച് ഇന്നലെയാണ് ശസ്ത്രക്രിയക്ക് വിധേയനായത്. ഇന്ന് രാവിലെ ദേവാനന്ദിന് ബോധം തെളിഞ്ഞതായും സഞ്ജീവൻ ' മറുനാടൻ മലയാളിയോട് ' പറഞ്ഞു.
കണ്ണൂർ ബ്രദേഴ്സ് ക്ലബിന് വേണ്ടിയായിരുന്നു ദേവാനന്ദ് ആദ്യം ജഴ്സി അണിഞ്ഞത്. കണ്ണൂർ എസ്. എൻ. കോളേജ് ടീമിലൂടെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിലെത്തുകയും നായകനാവുകയും ചെയ്തു. 1972 ൽ ഗോവയിൽ നടന്ന സന്തോഷ് ട്രോഫിയിൽ കേരളത്തിന് വേണ്ടി പൊരുതി. ബംഗാളുമായി സമനിലയിലെത്തി. സ്റ്റോപ്പർ ബേക്കായി തിളങ്ങിയ ദേവാനന്ദ് അടുത്ത വർഷം സന്തോഷ് ട്രോഫിയിൽ മുത്തമിട്ടു. കേരളത്തിന്റെ പ്രതിരോധ ശക്തിയായിരുന്നു ദേവാനന്ദ്. അതോടെ കേരളാ ടീമിന്റെ അവിഭാജ്യ ഘടകമായി 18 ാം വയസ്സിൽ ദേവാനന്ദ് മാറി. ബി.സി. റോയ് ട്രോഫിയും കേരളാ ടീമിന് സ്വന്തമായി. കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമും അതേ വർഷം ദേശീയ ചാമ്പ്യന്മാരുമായി. ദേവാനന്ദിന്റെ നായകത്വം അംഗീകരിക്കപ്പെടുകയായിരുന്നു.
1974 ൽ ഇന്ത്യൻ യൂത്ത് ടീം ചരിത്രം കുറിച്ചു. ഇറാനുമായി ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കുവെച്ച ടീമിൽ ദേവാനന്ദുമുണ്ടായിരുന്നു. സന്തോഷ് ട്രോഫിയിലും ഏഷ്യൻ ചാമ്പ്യൻ ഷിപ്പിലും തിളക്കമാർന്ന വിജയത്തിന് ശേഷം 1975 ൽ ദേവാനന്ദ് ബോംബെയിലെ ടാറ്റാസ് ടീമിലെത്തി. അക്കാലത്തെ ഫുട്ബോൾ കളിക്കാരുടെ സ്വപ്നമായിരുന്നു ടാറ്റാസ്. കളികളിൽ ഉയരങ്ങളിലെത്തിയപ്പോഴും ദേവാനന്ദ് താൻ കളിച്ചു വളർന്ന ചെറുടീമുകളെ വിസ്മരിക്കാറില്ല. 73 ൽ സന്തോഷ് ട്രോഫി ടീമിന്റെ ട്രയൽസിൽ പങ്കെടുക്കവേയാണ് കണ്ണൂർ എസ്. എൻ്. കോളേജിന് വേണ്ടി ഇന്റർ കോളേജിയറ്റ് സോണൽ മത്സരത്തിന് കളിക്കാൻ എത്തിയത്.
പഠനകാലത്ത് ഫുട്ബോളിന് പുറമേ ക്രിക്കറ്റും ഷട്ടിലും ദേവാനന്ദിന്റെ ഇഷ്ട കളികളായിരുന്നു. ഷട്ടിലിൽ യൂണിവേഴ്സിറ്റി ടീമിൽ കടക്കാമായിരുന്നിട്ടും അദ്ദേഹം ഫുട്ബോളിനെ ഏറ്റവും അധികം പ്രണയിച്ചു. അക്കാലത്ത് മൈസൂരിനെ പ്രതിനിധീകരിച്ച പ്രകാശ് പദുകോണിനോട് കളിക്കാൻ അവസരം ലഭിക്കുമായിരുന്നു. ഫുട്ബോളിന് തടസ്സമാകുന്നതു കൊണ്ട് നഷ്ടബോധത്തോടുകൂടി തന്നെയാണ് ദേവാനന്ദ് അത് ഓർക്കുന്നത്.
ദേവാനന്ദ് കളിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ പേര് അനൗൺസ് ചെയ്തുകൊണ്ട് പോകുന്ന കാർ ശ്രദ്ധയിൽ പെട്ട് അദ്ദേഹം അത്ഭുതപ്പെട്ടിട്ടുണ്ട്. സന്തോഷ് ട്രോഫി മത്സരങ്ങൾ മഞ്ചേരി സ്റ്റേഡിയത്തിൽ അരങ്ങേറുന്നത് കാണാൻ ഈ രാജ്യന്തര ഫുട്ബോൾ താരം ആഗ്രഹിച്ചിരുന്നു. എന്നാൽ ലിംപ് ഇസ്ക്കീമിയ ബാധിച്ച് ഇടതുകാലിന്റെ സ്ഥിതി ഗുരുതരമായതോടെ ഡോക്ടർമാരുടെ മുന്നിൽ മറ്റൊരു വഴിയില്ലായിരുന്നു.
ബോംബെ താജ് ഇന്റർ കോൺടിനന്റൽ ഹോട്ടലിന്റെ അക്കൗൺസ് വിഭാഗത്തിൽ ഉദ്യോഗസ്ഥനായിരുന്നു ദേവാനന്ദ്. പിന്നീട് പേഴ്സനൽ മാനേജരായി. 2011 ൽ വിരമിച്ച ശേഷം തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിൽ താമസമാക്കി. കാലിലേക്കുള്ള രക്ത പ്രവാഹം കുറയുന്നതാണ് ലിംപ് ഇസ്ക്കീമിയ. അതേ തുടർന്നാണ് ഇടതുകാൽ മുറിച്ച് മാറ്റേണ്ടി വന്നത്.
രഞ്ജിത്ത് ബാബു മറുനാടൻ മലയാളി കണ്ണൂർ റിപ്പോർട്ടർ