- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഷ്ടമുള്ള ഭക്ഷണം വിഷമായി മാറിയ നിമിഷം ആ കളിചിരികൾ നിലച്ചു; പഠനത്തിൽ മിടുമിടുക്കി ആയിരുന്ന ദേവ മോളുടെ അപ്രതീക്ഷിത വേർപാടിന്റെ ഷോക്കിൽ സഹപാഠികൾ; കൺമുന്നിൽ വളർന്ന കുഞ്ഞിന്റെ ദുരന്തം താങ്ങാനാവാതെ ഒറ്റയ്ക്കായി പോയ അമ്മ പ്രസന്ന; കരിവള്ളൂർ ഗ്രാമത്തെ കരയിച്ച് ദേവനന്ദയുടെ മരണം
കാസർകോഡ്: കഴിഞ്ഞ വെള്ളിയാഴ്ച കൂട്ടുകാർക്കൊപ്പം ഉല്ലാസഭരിതയായി, ചെറുവത്തൂർ ബസ്സ്റ്റാൻഡ് പരിസരത്ത് നിന്ന് ഷവർമ കഴിക്കുമ്പോൾ ദേവനന്ദ ഒരിക്കലും കരുതിയിരിക്കില്ല, തന്നെ കാത്തിരിക്കുന്ന ദുരന്തം. ഷവർമ കഴിച്ചുള്ള ഭക്ഷ്യവിഷബാധയേറ്റ് കേരളത്തിൽ ആദ്യ മരണം ഉണ്ടായി 10 വർഷം തികയുമ്പോഴാണ് വീണ്ടും ദുരന്തം ഉണ്ടായിരിക്കുന്നത്. കരിവെള്ളൂർ ഗ്രാമത്തെ മുഴുവൻ ഈ കുട്ടിയുടെ മരണം കണ്ണീരിലാഴ്‌ത്തി.
പ്ലസ് വൺ വിദ്യാർത്ഥിനിയായിരുന്ന ദേവനന്ദ പഠിക്കാൻ മിടുക്കിയായിരുന്നു. പത്താം ക്ലാസ് ഒൻപത് വിഷയങ്ങൾക്ക് എ പ്ലസും ഒരു വിഷയത്തിന് എ ഗ്രേഡും നേടിയാണ് വിജയിച്ചത്. നിലവിൽ കരിവള്ളൂർ എ വി സ്മാരക ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വൺ സയൻസ് വിഭാഗം വിദ്യാർത്ഥിനിയാണ്. മൂന്ന് മാസം മുമ്പാണ് ദേവനന്ദയുടെ അച്ഛൻ കരിവള്ളൂർ പെരളം സ്വദേശിയായ ചന്ത്രോത്ത് നാരായണൻ ആത്മഹത്യ ചെയ്തത്. ഏക മകളായിരുന്നു ദേവനന്ദ.
അച്ഛന്റെ മരണത്തോടെ മാനസികമായി തകർന്ന ദേവനന്ദയെയും അമ്മ പ്രസന്നയെയും ബന്ധുക്കൾ പിലിക്കോട് മട്ടലായിയിലെ ബന്ധു വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. അവിടെ നിന്ന് ചെറുവത്തൂരിലെ ഒരു സ്വകാര്യ ട്യൂഷൻ സെന്ററിൽ ചേർന്ന് പഠിക്കുകയായിരുന്നു.
ചെറുവത്തൂരിലുള്ള ട്യൂഷൻ സെന്ററിലെയും സ്‌കൂളിലെയും സഹപാഠികൾക്ക് ദേവനന്ദയുടെ അപ്രതീക്ഷിത വേർപാട് വലിയ വേദനയാണ് നൽകുന്നത്. കഴിഞ്ഞ ദിവസവും ദേവനന്ദ ട്യൂഷൻ സെന്ററിൽ എത്തിയിരുന്നു. എന്നാൽ അവിടെ വെച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ബന്ധുക്കൾ വന്ന് കൂട്ടിക്കൊണ്ട്‌പോകുകയായിരുന്നു.
ദേവനന്ദയുടെ മരണം അമ്മ അടക്കമുള്ള ബന്ധുക്കളെ എങ്ങനെ പറഞ്ഞ് മനസിലാക്കുമെന്ന് അറിയാത്ത ദുഃഖത്തിലാണ് മറ്റുള്ളവർ. മൂന്ന് മാസം മുൻപായിരുന്നു ദേവനന്ദയുടെ അച്ഛൻ മരണമടഞ്ഞത്. ചന്ത്രോത്ത് നാരായണൻ മരിച്ചതിലുള്ള വേദന മാറും മുൻപാണ് ദേവനന്ദയും വിടപറഞ്ഞിരിക്കുന്നത്.അച്ഛന്റെ മരണത്തിന് ശേഷം പെരളത്തെ വീട്ടിലും ചെറുവത്തൂരിലെ അമ്മയുടെ സഹോദരിയുടെ വീട്ടിലുമായാണ് താമസിച്ചിരുന്നത്. ബാലസംഘത്തിന്റെ പ്രവർത്തകയുമായിരുന്നു.
ഐഡിയൽ ഫുഡ് പോയിന്റിൽ നിന്ന് ഷവർമ്മ കഴിച്ചതിന് പിന്നാലെ പനിയും വയറിളക്കവും ബാധിച്ച് ചെറുവത്തൂർ വി.വി സ്മാരക ആശുപത്രിയിൽ ചികിത്സ തേടിയ ദേവനന്ദയെ നില ഗുരുതരമായതിനാൽ ഇന്നലെ രാവിലെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെയെത്തി മണിക്കൂറുകൾക്കുള്ളിൽ മരണം സംഭവിക്കുകയായിരുന്നു.
ലിജിത് ജി പയ്യന്നൂർ എഴുതിയ കുറിപ്പിൽ ദേവനന്ദയുടെ വേർപാടിന്റെ ആഴം കാണാം
കൺ മുന്നിലൂടെ കളിച്ച് ചിരിച്ച് വളർന്ന ഒരു കുഞ്ഞിന്റെ ചേതനയറ്റ ശരീരം കാണുക എന്നത് ഏറ്റവും വേദനയുള്ള ഒന്നാണ്..പ്രിയപ്പെട്ട ദേവ മോൾ പോയി...അവളുടെ ജീവനില്ലാത്ത ശരീരത്തിനൊപ്പമായിരുന്നു ഇത്രയും നേരം.
അമ്മയോടൊപ്പം കുഞ്ഞു നാളിൽ മുതൽ പാർട്ടി ബ്രാഞ്ചിലും പാർട്ടി പരിപാടിയിലും നിറസാന്നിധ്യമായിരുന്ന കുഞ്ഞ്..ബാലസംഘം കൂട്ടുകാരിയായും റെഡ് വളണ്ടിയറായും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പോലും സജീവമായി പങ്കെടുക്കുന്ന ദേവനന്ദ..
പ്ലസ് വൺ വിദ്യാർത്ഥിയാണ്. ഇഷ്ടമുള്ള ഭക്ഷണം കഴിച്ചതാണ്. അതാണവളുടെ ജീവനെടുത്തത്.. ഈ വിഷപദാർത്ഥങ്ങളാകാൻ സാധ്യതയുള്ള ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകളിൽ കർശനമായ പരിശോധനകൾ നിരന്തരം നടക്കേണ്ടതുണ്ട്..
അധികൃതർ കൂടുതൽ ജാഗ്രതയോടെ ഇടപെടേണ്ടതുണ്ട്.. ഭക്ഷ്യ വിഷബാധയെന്നൊക്കെ എളുപ്പം പറയാൻ പറ്റും.പക്ഷേ പോയത് ഒരു കുഞ്ഞിന്റെ ജീവനാണ്..ഒരമ്മയുടെ ജീവിതത്തിലെ അവസാന പ്രതീക്ഷയാണ് നഷ്ടമായത്..
ഒരു കുഞ്ഞിന്റെ ജീവനെടുത്തതിലുള്ള സങ്കടവും കടുത്ത രോഷവും നിറയുന്നുണ്ട് മനസിൽ..ഭക്ഷണത്തിൽ 'വിഷം കലർത്തുന്ന' കച്ചവട സ്ഥാപനങ്ങളെ നിലക്ക് നിർത്താൻ സർക്കാർ ഇടപെടണം.ഞങ്ങളുടെ പ്രിയപ്പെട്ട ദേവ മോൾക്ക് വേദനയോടെ ആദരാഞ്ജലികൾ
ദേവനന്ദയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം എ.വി.സ്മാരക സ്‌കൂളിലും തുടർന്ന് പെരളം ഇഎംഎസ് മന്ദിരത്തിലും പൊതുദർശനത്തിന് വച്ചു. സംസ്‌കാരം വെള്ളൂരിലാണ്.
മറുനാടന് മലയാളി ബ്യൂറോ