- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലാപത്തിനു പ്രേരിപ്പിക്കുന്ന തരത്തിൽ നടത്തിയ പ്രസംഗങ്ങളുടെ വീഡിയോകളൊന്നും ഹാജരാക്കാൻ പൊലീസിനായില്ല; ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസിൽ ജെഎൻയു വിദ്യാർത്ഥിനി ദേവാംഗന കലിതയ്ക്ക് ജാമ്യം
ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസിൽ പിഞ്ജ ടോഡ് അംഗവും ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയുമായ ദേവാംഗന കലിതയ്ക്ക് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. 25,000 രൂപയുടെ വ്യക്തിഗത ജാമ്യമാണ് ജസ്റ്റിസ് സുരേഷ് കുമാർ കൈറ്റിന്റെ സിംഗിൾ ബെഞ്ച് കലിതക്ക് അനുവദിച്ചത്. മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ അവർക്കുവേണ്ടി ഹാജരായി. പ്രതി നേരിട്ടോ അല്ലാതെയോ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയില്ലെന്നും തെളിവ് നശിപ്പിക്കാൻ സാധ്യതയില്ലെന്നും കോടതി നിരീക്ഷിച്ചു.
ദേവാംഗന കലിതയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഡൽഹി അഡീഷണൽ സെഷൻസ് ജഡ്ജി അമിതാഭ് റാവത്ത് തള്ളിയിരുന്നു. പ്രതിക്കെതിരായ ആരോപണം പ്രഥമദൃഷ്ട്യാ സത്യമാണെന്ന് വിശ്വസിക്കാൻ ന്യായമായ കാരണങ്ങളുണ്ടെന്നായിരുന്നു ജാമ്യാപേക്ഷ നിരസിച്ചുകൊണ്ട് സെഷൻസ് ജഡ്ജി പറഞ്ഞത്. എന്നാൽ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ദേവാംഗന കലിതക്ക് ജാമ്യം ലഭിച്ചത്. കലാപത്തിനു പ്രേരിപ്പിക്കുന്ന തരത്തിൽ കലിത നടത്തിയ പ്രസംഗങ്ങളുടെ വീഡിയോ ഹൈക്കോടതി പൊലീസീനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത്തരത്തിലുള്ള വീഡിയോകളൊന്നും തങ്ങളുടെ പക്കലില്ലെന്നായിരുന്നു ഡൽഹി പൊലീസിന്റെ മറുപടി.
ജെഎൻയു വിദ്യാർത്ഥിയും വിമൻ കളക്ടീവ് പിഞ്ച്‌റ തോഡ്‌സ് പ്രവർത്തകയുമായ ദേവാംഗന കലിതയെ വടക്കുകിഴക്കൻ ഡൽഹി കലാപക്കേസുമായി ബന്ധപ്പെട്ടാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.മേയിലാണ് ഡൽഹി കലാപക്കേസുമായി ബന്ധപ്പെട്ട് ദേവാംഗന കലിതയും നടാഷ നർവാളും ഡൽഹി ക്രൈംബ്രാഞ്ചിന്റെ കസ്റ്റിലായത്. സിഎഎ വിരുദ്ധ സമരത്തിലും ഇവർ സജീവമായി പങ്കെടുത്തിരുന്നു. നാല് കേസുകളാണ് ദേവാംഗന കലിതക്കെതിരെ ചുമത്തിയത്.
ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആർ പ്രകാരം ജാഫറാബാദിൽ നിന്നുള്ള പൗരത്വ ഭേദഗതി വിരുദ്ധ സമരക്കാരെ ഡൽഹി കലാപത്തിൽ പങ്കുചേരാൻ ദേവാംഗന കലിത പ്രേരിപ്പിച്ചുവെന്നായിരുന്നു ആരോപിച്ചിരുന്നത്. എന്നാൽ മുദ്രവെച്ച കവറിൽ ലഭിച്ച കേസ് ഡയറി പരിശോധിച്ചതായും ആരെയും കലാപത്തിന് പ്രേരിപ്പിച്ചുവെന്ന് തെളിവില്ലെന്നും ജഡ്ജി പറഞ്ഞു. 'സമാധാനപരമായ പ്രക്ഷോഭമാണ് അവർ നടത്തിയത്. അത് മൗലികാവകാശമാണ്'- കോടതി നിരീക്ഷിച്ചു.
മറുനാടന് ഡെസ്ക്