ഹേഗ്: ഐഎസ്ആർഒയ്ക്ക് അന്താരാഷ്ട്ര ട്രിബ്യൂണൽ 6700 കോടിയിലധികം രൂപ പിഴ ചുമത്തി. ആൻഡ്രിക്സ്-ദേവാസ് പാട്ടക്കരാർ കേസിലാണ് ഐഎസ്ആർഒയ്ക്ക് കനത്ത തിരിച്ചടി ലഭിച്ചത്.

ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ആൻഡ്രിക്സും മൾട്ടിമീഡിയ കമ്പനിയായ ദേവാസും തമ്മിലുള്ള കരാർ തർക്കവുമായി ബന്ധപ്പെട്ട് ദേവാസിലെ നിക്ഷേപകർ നൽകിയ ഹർജിയിലാണ് ഹേഗിലെ അന്താരാഷ്ട്ര ട്രിബ്യൂണൽ ഐഎസ്ആർഒയ്ക്ക് വൻ തുക പിഴ ചുമത്തിയത്.

രാജ്യ സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടി 2011ൽ ദേവാസുമായുള്ള കരാർ ഐഎസ്ആർഒ റദ്ദാക്കിയതിനെതിരായ ഹർജിയിലാണ് വിധി. ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ആൻട്രിക്സ് കോർപ്പറേഷനും ദേവാസ് മൾട്ടിമീഡിയയും തമ്മിൽ 2005ലാണ് കരാർ ഒപ്പുവച്ചത്. കരാറിൽ ധാരണയായ ശേഷം ദേവാസിന് വാണിജ്യാവശ്യത്തിന് എസ് ബാൻഡ് സ്പെക്ട്രം ഉപയോഗിക്കാനുള്ള അവകാശം നിഷേധിച്ച കേന്ദ്രസർക്കാർ നടപടി ദേശസാൽകരണത്തിന് തുല്യമാണെന്ന് ഹേഗിലെ പെർമനെന്റ് കോർട്ട് ഓഫ് ആർബിട്രേഷൻ നിരീക്ഷിച്ചു. കാരാറിലെ ഉടമ്പടികൾ ഇന്ത്യ ലംഘിച്ചുവെന്നും ട്രിബ്യൂണൽ കണ്ടെത്തി.

വിധിയെ കുറിച്ച് തങ്ങൾക്ക് വിവരങ്ങളൊന്നും ലഭിച്ചില്ലെന്നാണ് ഐഎസ്ആർഒ അധികൃതർ പറയുന്നത്. ഇതു രണ്ടാം തവണയാണ് കേസിൽ ഐഎസ്ആർഒയ്ക്ക് തിരിച്ചടി നേരിടുന്നത്. 2005ൽ ഒപ്പുവച്ച ആൻട്രിക്സ്- ദേവാസ് കരാറിൽ ക്രമക്കേട് ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് 2011 ഫെബ്രുവരിയിൽ അന്നത്തെ യുപിഎ സർക്കാർ റദ്ദാക്കിയത്. 1350 കോടി രൂപയുടെ കരാർ റദ്ദാക്കിയതിനെതിരെ ദേവാസ് നൽകിയ പരാതിയിൽ രാജ്യാന്തര കോടതി നേരത്തെ 4434 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചിരുന്നു.

ഇന്ത്യ വിക്ഷേപിച്ച ജി സാറ്റ് 6, ജിസാറ്റ് 6 എ എന്നീ ഉപഗ്രഹങ്ങളിലെ 70 മെഗാഹെർട്സ് എസ് ബാൻഡ് സ്പെക്ട്രം ഉപയോഗിക്കുന്നതിനായിരുന്നു ദേവാസുമായുള്ള കരാർ. 2000 കോടി രൂപ ചെലവിട്ടാണ് ഇന്ത്യ ഈ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്. 20 വർഷത്തേക്ക് അനിയന്ത്രിതമായി സ്പെക്ട്രം ഉപയോഗിക്കാനുള്ള അവകാശംകൂടി കരാറിലൂടെ ദേവാസിന് ലഭിച്ചു. ഇതുവഴി സർക്കാറിന് വലിയ നഷ്ടമുണ്ടായതായി സി.എ.ജി. പിന്നീട് കണ്ടെത്തി. ക്രമക്കേടുകൾ സംബന്ധിച്ചു പഠനം നടത്തിയ പ്രത്യുഷ് കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് ഐഎസ്ആർഒ മുൻ ചെയർമാനും മലയാളിയുമായ ഡോ. ജി. മാധവൻ നായർ ഉൾപ്പെടെ ഒട്ടേറെ ബഹിരാകാശ ശാസ്ത്രജ്ഞർക്കു കേന്ദ്ര സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരുന്നു.