തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്റും അജയ് തറയിൽ അംഗവുമായിരിക്കേ ഏറ്റവും കൂടുതൽ അഴിമതി നടന്നതു മരാമത്തുപണികളുടെ പേരിൽ. രാമായണമേളയിൽ സമ്മാനദാനം നിർവഹിക്കാൻ ക്ഷണിച്ചതിനു പ്രത്യുപകാരമായി അജയ് തറയിൽ ക്ഷേത്രസമിതിക്ക് അനുവദിച്ചതു കാൽലക്ഷം രൂപ! മംഗളം തിരുവനന്തപുരം ബ്യറോ ചീഫ് വിഎ ഗിരീഷാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

2015-ൽ കാലാവധി കഴിഞ്ഞ ബോർഡ് പ്രസിഡന്റിന്റെ ലെറ്റർ പാഡ് ഉപയോഗിച്ചുപോലും ഈവർഷം മരാമത്തുപണികൾ നടത്തി. എംപി. ഗോവിന്ദൻ നായർ 2015 നവംബറിൽ പ്രസിഡന്റ് കാലാവധി പൂർത്തിയാക്കിയെങ്കിലും അദ്ദേഹത്തിന്റെ ലെറ്റർ പാഡ് ഉപയോഗിച്ച് കോട്ടയത്തെ ഒരു എൻജിനീയർ ഈവർഷവും മരാമത്തുജോലി നടത്തുകയായിരുന്നു. പ്രസിഡന്റിന്റെ ''പ്രത്യേക താൽപര്യപ്രകാരം'' മരാമത്തുപണിക്കുള്ള അപേക്ഷ നൽകുന്നുവെന്നാണു കത്തിൽ പറയുന്നത്. മരാമത്തുപണികൾക്കു ദേവസ്വം കമ്മിഷണർ മുഖേനയാകണം അനുമതി നൽകേണ്ടതെന്നു ദേവസ്വം മാന്വൽ ഒന്നാംവാല്യത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രങ്ങളിൽനിന്നു ലഭിക്കുന്ന അപേക്ഷ കമ്മിഷണർ പരിശോധിക്കുകയും യോഗ്യമായവ ബോർഡിന്റെ അനുമതിക്കായി നൽകുകയുമാണു ചെയ്യേണ്ടത്. എന്നാൽ, ഇതെല്ലാം അട്ടിമറിച്ചാണു കഴിഞ്ഞ ഭരണസമിതി 59 കോടി രൂപ അധികമായി ചെലവഴിച്ചത്.

ക്ഷേത്രങ്ങളിൽനിന്നുള്ള അപേക്ഷ പോലുമില്ലാതെയാണു 90% ജോലികളും നടത്തിയിട്ടുള്ളത്. പ്രസിഡന്റിന്റെയും അംഗത്തിന്റെയും വാക്കാലുള്ള നിർദ്ദേശപ്രകാരം മരാമത്തുജോലികൾക്കുള്ള അപേക്ഷ അസിസ്റ്റന്റ് എൻജിനീയർ ബോർഡിനു നൽകുകയായിരുന്നു. തുടർന്ന് ഭരണസമിതി നേരിട്ടു തുക അനുവദിച്ചു. 2016-17 സാമ്പത്തികവർഷം 28.20 കോടി രൂപയാണ് മരാമത്ത് ഇനത്തിൽ നീക്കിവച്ചത്. എന്നാൽ തിരുവനന്തപുരം, മാവേലിക്കര, കോട്ടയം മരാമത്ത് ഡിവിഷനുകൾ, എസ്റ്റേറ്റ് ഡിവിഷൻ എന്നിവ മുഖേന മാത്രം ചെലവഴിച്ചത് 49.20 കോടി രൂപ! 21 കോടി രൂപയുടെ അധികത്തുക ബജറ്റിൽപോലും ഉൾപ്പെടുത്താതെ നിയമവിരുദ്ധമായി ചെലവഴിക്കുകയായിരുന്നു.

ശബരിമല പദ്ധതി ജോലികൾ എന്ന പേരിൽ 23 കോടി രൂപ ബജറ്റിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, 27.13 കോടിയുടെ ജോലികൾ നടത്തിയെന്നാണു രേഖകൾ- ബജറ്റിലുള്ളതിനെക്കാൾ 4.13 കോടി അധികം. 2016-17 സാമ്പത്തികവർഷം 25.13 കോടി രൂപ ബജറ്റിനു പുറത്ത് ചെലവഴിച്ചു. 2017-18 വർഷത്തേക്ക് 34.40 കോടി രൂപയാണു മരാമത്തുജോലികൾക്കായി ബജറ്റിൽ അനുവദിച്ചത്. എന്നാൽ കഴിഞ്ഞ ഏപ്രിൽ ഒന്നുമുതൽ ഒക്ടോബർ വരെ, ഏഴുമാസത്തിനുള്ളിൽ ശബരിമല ജോലികൾക്ക് ഉൾപ്പെടെ 34.36 കോടി രൂപ അധികച്ചെലവു വന്നതായി രേഖകൾ വ്യക്തമാക്കുന്നു.

ചീഫ് എൻജിനീയർമാർക്ക് അഞ്ചുലക്ഷത്തിന്റെയും എക്സിക്യൂട്ടീവ് എൻജിനീയർമാർക്കു രണ്ടുലക്ഷത്തിന്റെയും ജോലികൾ സ്വയം തീരുമാനിച്ചു നടത്താൻ എംപി. ഗോവിന്ദൻനായർ അധ്യക്ഷനായ ബോർഡ് അനുവാദം നൽകിയിരുന്നു. ചീഫ് എൻജിനീയർക്കുള്ള അഞ്ചുലക്ഷം രൂപയുടെ സാമ്പത്തികാധികാരം ഉപയോഗിച്ച് ഒരേ ക്ഷേത്രത്തിൽതന്നെ 25 ലക്ഷം രൂപവരെയുള്ള ജോലികൾ നടത്തി. 10 ലക്ഷത്തിനു മുകളിലാണു ചെലവെങ്കിൽ ഇ-ടെൻഡർ വിളിക്കണം. അതു മറികടക്കാൻ ജോലികൾ പല വിഭാഗങ്ങളായി തിരിച്ചു. കോട്ടയം തിരുനക്കര ക്ഷേത്രഗോപുരം, നെട്ടൂർക്കോട്ട്കാവ് സദ്യാലയം, നേര്യമംഗലം കോളജ്, കുളത്തൂർമൂഴി കോളജ് എന്നിവിടങ്ങളിൽ മരാമത്തുപണികൾ നടത്തിയത് ഈ രീതിയിലാണ്.

ദേവസ്വം ബോർഡ് കരാറുകാർ നൽകിയ നിവേദനപ്രകാരം 30 കോടി രൂപയാണു കഴിഞ്ഞ ഓഗസ്റ്റ് 29-നു ബോർഡ് അനുവദിച്ചത്. പ്രസിഡന്റ് സ്വന്തം െകെപ്പടയിൽ എഴുതി അനുമതി ഒപ്പിടുകയായിരുന്നു. അടുത്തമാസം വീണ്ടും 42 കോടി രൂപ കരാറുകാർക്കു നൽകി. മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്രസമിതിയുടെ ആഭിമുഖ്യത്തിൽ 2017 ഓഗസ്റ്റ് 6-3 വരെ നടന്ന രാമായണമേളയുടെ സമ്മാനദാനം നടത്താൻ ക്ഷണിച്ച് ഭാരവാഹികൾ ബോർഡ് അംഗം അജയ് തറയിലിനു കത്ത് നൽകി. കത്തിന്റെ അടിയിൽ 25,000 രൂപ ഗ്രാന്റ് അനുവദിച്ചതായി കുറിച്ചാണു തറയിൽ നന്ദി പ്രകടിപ്പിച്ചത്! എന്നും മംഗളം റിപ്പോർട്ട് ചെയ്യുന്നു.