തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ വടി കൊടുത്ത് അടി വാങ്ങരുതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിരട്ടൽ ഏറ്റു. വിധിക്കെതിരെ പുനപ്പരിശോധനാ ഹർജി നൽകാനുള്ള നീക്കത്തിൽ നിന്നും സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകാനുള്ള തീരുമാനത്തിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പിൻവാങ്ങി. സർക്കാർ പുനഃപരിശോധന ഹർജി കൊടുക്കുന്ന പ്രശ്‌നമേയില്ലെന്നും ശബരിമലയിൽ ശാന്തിയും സമാധാനവും ഉണ്ടാക്കാനുള്ള എല്ലാ നടപടിയും സ്വീകരിക്കുമെന്നായിരുന്നു മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. ദേവസ്വംബോർഡ് ഏതെങ്കിലുമൊരു റിപ്പോർട്ടുമായി കോടതിയിലേക്ക് പോയാൽ എന്താകും സ്ഥിതിയെന്നു പറയാനാവില്ല. വടി കൊടുത്ത് അടി വാങ്ങുകയെന്ന് ഒരു ചൊല്ലുണ്ട്്. അത് കുടുതൽ ഭവിഷ്യത്ത് ഉണ്ടാക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.

ഈ മുന്നറിയിപ്പിന് പിന്നാലയാണ് സർക്കാർ സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകാനുള്ള തീരുമാനത്തിൽ നിന്നും പിൻവാങ്ങിയത്. ശബരിമല യുവതീപ്രവേശത്തിൽ പുനഃപരിശോധന ഹർജികളെ പിൻതുണച്ച് നീങ്ങാൻ ഒരു വശത്ത് ദേവസ്വം ബോർഡ് തീരുമാനിച്ചിരുന്നു. ഈ നീക്കം പാളിയത് മുഖ്യമന്ത്രി പിറണായി വിജയൻ വിഷയത്തിൽ കർശന നിലപാട് സ്വീകരിച്ചതോടെയാണ്. പുനഃപരിശോധന ഹർജിയോ റിപ്പോർട്ടോ സമർപ്പിക്കാതെ കോടതിയിലെ സാഹചര്യത്തിനനുസരിച്ച് നിലവിലുള്ള ഹർജികളെ ദേവസ്വം ബോർഡ് പിന്തുണച്ചേക്കുമെന്ന സൂചനയായിരുന്നു ഉണ്ടായിുന്നത്. ആചാരങ്ങളെ സംരക്ഷിക്കുമെന്ന് ദേവസ്വം ബോർഡ് ആവർത്തിക്കുന്നത് ഈ നീക്കം കണക്കുകൂട്ടിയാണ്.

പുനഃപരിശോധന ഹർജികളിൽ നിലപാട് ആരായുമ്പോൾ മാത്രമേ സുപ്രീംകോടതിയിൽ നിലപാട് വ്യക്തമാക്കൂവെന്നാണ് ദേവസ്വം ബോർഡ് തീരുമാനം. യുവതീപ്രവേശം എതിർക്കുന്ന സമീപനമാവും ദേവസ്വം ബോർഡ് സ്വീകരിക്കുക എന്ന സൂചന ഉണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ നിലപാടോടെ ഈ തീരുമാനം പാളി. ശബരിമലയിലെ സാഹചര്യത്തെപ്പറ്റി സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകാനുള്ള തീരുമാനത്തിൽ നിന്നും പിന്നോട്ടാണ് സർക്കാർ നീങ്ങുന്നത്.

ഈ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാവും വിശ്വാസികളുടെ വികാരങ്ങൾ പരിഗണിക്കണം എന്ന നിലപാട് എടുക്കുക. പുനഃപരിശോധന ഹർജി വരുമ്പോൾ അഭിഷേക് സിങ്വി തന്നെ നിലപാട് പറയുന്നതാകും ഉചിതമെന്ന സമീപനമാണു ദേവസ്വം ബോർഡിലെ ചിലർക്കുള്ളത്. എന്നാൽ കോൺഗ്രസ് നേതാവായ സിങ്വിയെ ഒഴിവാക്കണമെന്നാണു മറ്റൊരു വിഭാഗത്തിനുള്ളത്. സിങ്വി താൽപര്യക്കുറവ് അറിയിച്ചെന്നായിരുന്നു നേരത്തേ വാർത്തകൾ വന്നത്. എന്നാൽ ഹാജരാവാൻ ബുദ്ധിമുട്ടില്ലെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

അതേസമയം ശബരിമല വിഷയവുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹർജിയിൽ സ്വതന്ത്ര തീരുമാനമെടുക്കാൻ ദേവസ്വം ബോർഡിന് നേരത്തെ സർക്കാർ അനുമതി നൽകിയിരുന്നു. ശബരിമലയിലെ നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ എന്ത് വിട്ടുവീഴ്‌ച്ചയ്ക്കും തയ്യാറാണെന്ന ദേവസ്വം ബോർഡ് നയം അവർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ശബരിമല വിഷയത്തിൽ ചരിത്രത്തിൽ ആദ്യമായുണ്ടായ സംഘർഷാവസ്ഥ പരിഹരിക്കാൻ ദേവസ്വം ബോർഡ് എന്ത് നടപടിയും സ്വീകരിക്കുമെന്ന കാര്യത്തിൽ ഇനിയും വ്യക്ത വന്നിട്ടില്ല.