- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്ഷണം കഴിച്ച 'വിശിഷ്ട വ്യക്തികൾ' ചെലവ് സ്വയം വഹിച്ചു; എന്നിട്ടും സ്‌പെഷ്യൽ കമ്മിഷണറുടെ പേരിലടക്കം ബില്ലുകൾ; ശൗചാലയ നിർമ്മാണത്തിലും ക്രമക്കേട്; കുടുങ്ങുമെന്ന് ഉറപ്പായ ഉന്നത ഉദ്യോഗസ്ഥർ ഒന്നിച്ചു; വിജിലൻസ് സംഘത്തെ ഒതുക്കാൻ മന്ത്രിയുടെ ഓഫീസിൽ നിന്നും സഹായം
കോട്ടയം: ദേവസ്വം ബോർഡിലെ വിജിലൻസ് സംഘത്തെ ഒതുക്കിയതിന് പിന്നിൽ അഴിമതിക്ക് കൂട്ടുനിന്ന ഉന്നത ഉദ്യോഗസ്ഥരുടെ പങ്കാളിത്തം. ശബരിമല അതിഥി മന്ദിരത്തിലെ വ്യാജബില്ലും ശൗചാലയനടത്തിപ്പിലെ ക്രമക്കേടും പുറത്തുവന്നാൽ കുടുങ്ങുമെന്നുറപ്പുള്ളവരാണ് ഈ നീക്കത്തിന് ചുക്കാൻ പിടിച്ചത്.
ദേവസ്വം ബോർഡിലെ വിജിലൻസ് വിഭാഗത്തിൽനിന്ന് രണ്ട് എസ്‌ഐ.മാരുൾപ്പെടെ നാലുപേരെ ഒഴിവാക്കിയതിന് പിന്നിൽ ഉന്നതർക്ക് ദേവസ്വംമന്ത്രിയുടെ ഓഫീസിലെ ചിലരുടെ സഹായം ലഭിച്ചെന്നാണ് പുറത്തുവരുന്ന വിവരം. ഉടൻ വിരമിക്കുന്ന എസ്‌പി.യെമാത്രം നിലനിർത്തി ബാക്കിയുള്ളവരെ പൊലീസിലേക്ക് മടക്കുകയായിരുന്നു.
ഗസ്റ്റ് ഹൗസിൽ താമസിച്ച വിശിഷ്ട വ്യക്തികൾക്കും ഉന്നതോദ്യോഗസ്ഥർക്കും ഭക്ഷണം നൽകിയതിന്റെ ചെലവെഴുതി പണമീടാക്കാൻ ശ്രമിച്ചത് വിജിലൻസ് കണ്ടെത്തിയിരുന്നു. ശബരിമലയിൽ വരുന്ന വിശിഷ്ടവ്യക്തികളെല്ലാം ഭക്ഷണത്തിന്റെ ചെലവ് സ്വയം വഹിക്കുകയാണ് പതിവ്. ഉന്നതോദ്യോഗസ്ഥരും ഇതേരീതിയാണ് തുടരുന്നത്. വർഷങ്ങളായി അതിഥി മന്ദിരച്ചെലവുകൾ പരിശോധിക്കാത്തത് മറയാക്കി അഴിമതി നടത്തുകയായിരുന്നു. സ്‌പെഷ്യൽ കമ്മിഷണർ ശബരിമലയിലില്ലാത്ത ദിവസംപോലും അദ്ദേഹത്തിന്റെ ഭക്ഷണച്ചെലവ് എഴുതിവെച്ചിട്ടുണ്ട്.
വിജിലൻസ് കേസ് ഏറ്റെടുത്താൽ മുതിർന്ന ദേവസ്വം ഉദ്യോഗസ്ഥർ ഉത്തരവാദികളാകുമെന്ന നിലയായിരുന്നു. ഇതിനകം ദേവസ്വം വിജിലൻസ് കണ്ടെത്തിയ ചില കേസുകൾ സംസ്ഥാന വിജിലൻസിന് വിട്ടതോടെ ഉദ്യോഗസ്ഥർക്ക് അങ്കലാപ്പായി. കൂടുതൽ ക്രമക്കേടുകൾ പുറത്തുവരുമെന്ന് ഭയന്നവർ ദേവസ്വംമന്ത്രിയുടെ ഓഫീസിലെ ചിലരെ കൂട്ടുപിടിച്ച് വിജിലൻസ് സംഘത്തെ പുറത്താക്കാൻ ചരടുവലിക്കുകയായിരുന്നു.
ശൗചാലയ നിർമ്മാണത്തിലെ ക്രമക്കേട് കണ്ടെത്തിയാലും തങ്ങൾ കുടുങ്ങുമെന്ന് ഉന്നതർക്കറിയാമായിരുന്നു. കർണാടക സ്വദേശി സൗജന്യമായി ശൗചാലയങ്ങൾ സ്ഥാപിച്ചുകൊടുക്കാമെന്ന് അറിയിച്ചെങ്കിലും, പരിപാലനച്ചെലവടക്കം വഹിക്കേണ്ടി വരുമെന്ന് പറഞ്ഞ് ഒഴിവാക്കി. പകരം ക്വട്ടേഷൻ ക്ഷണിക്കാതെ ഉദ്യോഗസ്ഥർ സ്വന്തംനിലയിൽ താത്കാലിക ശൗചാലയങ്ങൾ വാങ്ങിവെച്ചു.
മരാമത്ത് പണികളിലെ നാലുകോടിയുടെ അഴിമതിയാണ് ഏറ്റവുമൊടുവിൽ വിജിലൻസ് പുറത്തുകൊണ്ടുവന്നത്. ഇല്ലാത്ത ജോലി ചെയ്‌തെന്നാക്കി ബില്ല് മാറിയെന്നാണ് ആരോപണം. 270 നിർമ്മാണമാണ് പരിശോധിച്ചത്. മാവേലിക്കര ഗ്രൂപ്പിൽമാത്രം 1.60 കോടിയുടെ പണികൾ പരിശോധിച്ചതിൽ 60 ലക്ഷത്തിന്റെ തട്ടിപ്പ് കണ്ടെത്തി.
നിലയ്ക്കൽ മെസ്, അന്നദാനം എന്നിവയിൽ 30 ലക്ഷം രൂപയുടെ ബില്ല് കരാറുകാരന് നൽകിയശേഷം 90 ലക്ഷം രൂപയുടെ വ്യാജബില്ലുണ്ടാക്കി ഉദ്യോഗസ്ഥർ പണം തട്ടിയ സംഭവത്തിൽ നാലുപേർക്കെതിരേയുള്ള അന്വേഷണം സംസ്ഥാന പൊലീസ് വിജിലൻസിന് കൈമാറിയിരുന്നു. നാല് ഉദ്യോഗസ്ഥരും ഉന്നതസ്ഥാനത്ത് ഇരുന്നവരാണ്.
2018-19-ലാണ് സംഭവം. പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ 2019-20 കാലത്ത് മെസിലേക്കും അന്നദാനത്തിനും വേണ്ടസാധനങ്ങൾ നൽകാൻ ടെൻഡറിൽ പങ്കെടുത്തവരെ ഒഴിവാക്കി മറ്റൊരു വ്യക്തിക്ക് കരാർ നൽകിയതാണ്, കണ്ടെത്തിയ മറ്റൊരു ക്രമക്കേട്.
ശബരിമല നിലയ്ക്കലിൽ അന്നദാനത്തിന്റെ മറവിൽ നടന്നത് ലക്ഷങ്ങളുടെ തട്ടിപ്പെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. പലചരക്കും പച്ചക്കറിയും നൽകിയതിൽ 30 ലക്ഷം കരാറുകാരന് കൊടുക്കാനിരിക്കെ ഒരുകോടിയിലധികം രൂപ ദേവസ്വം ഉദ്യോഗസ്ഥർ തട്ടിച്ചെന്നാണ് കണ്ടെത്തൽ. കരാറുകാരരെ കൂട്ടുപിടിച്ച് കോടികളുടെ ബില്ല് മാറിയെടുക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിച്ചതെന്ന് വിജിലൻസ് കണ്ടെത്തിയത്. വിജിലൻസ് പ്രതി ചേർത്ത നാലു ഉദ്യോഗസ്ഥർക്കെതിരെ മൂന്നു മാസം പിന്നിട്ടിട്ടും ദേവസ്വം ബോർഡ് ഇതുവരെ ഒരു നടപടിയും എടുത്തില്ല.
2018-19 തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ അന്നദാനത്തിന്റെ മറവിലാണ് വൻ തട്ടിപ്പ്. കൊല്ലത്തുള്ള ജെപി ട്രേഡേഴ്‌സെന്ന സ്ഥാപനമാണ് അന്നദാനത്തിനായുള്ള പച്ചക്കറിയും പല വ്യജ്ഞനങ്ങളും നൽകാൻ കരാറെടുത്തത്. തീർത്ഥാടന കാലം കഴിഞ്ഞ ശേഷം 30 ലക്ഷത്തി 900 രൂപയുടെ ബില്ല് കമ്പനി ഉടമയായ ജയപ്രകാശ് ദേവസ്വം ബോർഡിന് നൽകി. എട്ടു ലക്ഷം ആദ്യം കരാറുകാരന് നൽകി. ബാക്കി തുക നൽകണമെങ്കിൽ ക്രമക്കേടിനെ കൂട്ടു നിൽക്കണമെന്ന് ഉദ്യോഗസ്ഥർ നിർബന്ധിച്ചതോടെയാണ് കരാറുകാരൻ ദേവസ്വം വിജിലിൻസിനെ സമീപിച്ചത്. വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയത് വൻ ക്രമക്കേട്.
30ലക്ഷം ചെലവാക്കിയ അന്നദാനത്തിന്റെ മറവിൽ ഏകദേശം ഒന്നരക്കോടിയുടെ ബില്ലാണ് ഉദ്യോഗസ്ഥർ മാറിയെടുത്തതെന്ന് വിജിലൻസ് കണ്ടെത്തി.ഉദ്യോഗസ്ഥരുമായി അടുപ്പമുള്ള മറ്റൊരു സ്ഥാപനത്തിന്റെ മറവിൽ അഴിമതി പണം ബാങ്കിൽ നിന്നും മാറിയതായും കണ്ടെത്തി. ബാങ്കു വഴി ഈ തട്ടിപ്പ് കണ്ടെത്തിയതോടെ 11 ലക്ഷം രൂപ ജയപ്രകാശിന്റെ അക്കൗണ്ടിലേക്ക് മാറ്റികൊടുത്ത് പരാതി ഒത്തുതീർക്കാനും ശ്രമിച്ചു
വ്യാജ രേഖകൾ ചമച്ച് ലക്ഷങ്ങൾ തട്ടാനുള്ള ശ്രമം ദേവസ്വം വിജിലൻസാണ് ആദ്യം കണ്ടത്തിയത്. കണ്ടത്തലുകൾ ശക്തമായതിനാൽ ദേവസ്വം ബോർഡ് അന്വേഷണം സംസ്ഥാനത്ത വിജിലൻിന് കൈമാറാൻ നിർബന്ധിരായി. നിലയ്ക്കൽ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന ജയപ്രകാശ്,ജൂനിയർ സൂപ്രണ്ടായിരുന്ന വാസുദേവൻ പോറ്റി. ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറർമാരായിരുന്ന സുധീഷ് കുമാർ, രാജേന്ദ്രപ്രസാദ് എന്നിവരെ പ്രതിയാക്കി പത്തനംതിട്ട വിജിലൻസ് യൂണിറ്റ് കേസെടുത്തു.
പക്ഷെ ഉദ്യോഗസ്ഥർക്കെതിരെ ഒരു നടപടിയും ഇന്നേവരെ ബോർഡ് കൈകൊണ്ടില്ല. കേസ് തള്ളണമെന്നാവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലു അതും തള്ളി. പക്ഷേ വൻ ക്രമക്കേടിന് പിന്നിൽ പ്രവർത്തിച്ചവരെ തന്ത്രപ്രധാനമായ തസ്തികകളിലേക്കാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇപ്പോൾ നിയമിച്ചത്.
സാധാരണ, ദേവസ്വം ബോർഡിലെ അഴിമതിറിപ്പോർട്ടുകൾ ബോർഡ് പരിഗണിക്കുകയും ഘട്ടംഘട്ടമായി നടപടികൾ ലഘൂകരിക്കപ്പെട്ടുപോകുകയുമാണ് പതിവ്. എന്നാൽ, തൊട്ടുമുമ്പത്തെ ബോർഡ് പ്രസിഡന്റ് എൻ.വാസു അഴിമതിക്കെതിരായ റിപ്പോർട്ടുകൾ തുടർനടപടിക്ക് പൊലീസ് വിജിലൻസിന് കൈമാറി. ഇതോടെയാണ് ദേവസ്വം വിജിലൻസ് സംഘത്തെത്തന്നെ പൊളിക്കാൻ ഉദ്യോഗസ്ഥ തലത്തിൽ ഗൂഢാലോചന നടന്നത്.
മറുനാടന് മലയാളി ബ്യൂറോ