തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിൽ വിശ്വാസമില്ലാത്തതുകൊണ്ടോ പഴയ കാറുകൾക്ക് വേഗം പോരാത്തതുകൊണ്ടോ..എന്താണെന്ന് അറിയില്ല, മന്ത്രിമാർക്ക് മാത്രമല്ല ബോർഡ് കോർപറേഷൻ അംഗങ്ങൾക്കുമെല്ലാം അധികാരത്തിലേറിയാൽ ഉടൻ പുത്തൻ കാറുകൾ വേണം. ഇന്നോവ ക്രിസ്റ്റ ആയാൽ യാത്രാസുഖം കൂടും. തിരുവിതാംകൂർ ദേവസ്വം ബോർഡും ഇക്കാര്യത്തിൽ പിന്നിലല്ല.

ഒന്നര വർഷം പഴക്കമുള്ള കാർ മാറ്റി 21 ലക്ഷത്തിന്റെ പുതിയ കാർ വാങ്ങാനുള്ള വിവാദ തീരുമാനം ഒക്ടോബറിലാണ് ദേവസ്വം ബോർഡ് ഉപേക്ഷിച്ചത്. ബോർഡിലെ സിപിഎം അംഗം കെ.രാഘവന് വേണ്ടിയായിരുന്നു പുതിയ കാർ. എന്നാൽ, തിരുവിതാംകൂർ-കൊച്ചി ദേവസ്വം ബോർഡുകളുടെ ഓംബുഡ്‌സ്മാനു വേണ്ടിയും ദേവസ്വം വിജിലൻസ് മേധാവിയായ പൊലീസ് സൂപ്രണ്ടിനും വേണ്ടിയാണു രണ്ടു കാറുകൾ വാങ്ങുന്നതെന്നും ബോർഡ് അംഗത്തിനു പുതിയ കാർ ആവശ്യമില്ലെന്നും കെ.രാഘവൻ അന്ന് പ്രതികരിച്ചിരുന്നു.

2017 ഒക്ടോബർ ഒൻപതിനു തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി ചീഫ് എൻജിനീയർക്കു നൽകിയ കത്തിലെ തലക്കെട്ടു തന്നെ 'ബോർഡ് അംഗം കെ.രാഘവന്റെ ഉപയോഗത്തിനായി പുതിയ ഇന്നൊവ കാർ വാങ്ങുന്നതു സംബന്ധിച്ച്' എന്നാണ്. ചീഫ് എൻജിനീയറുടെ ഓഗസ്റ്റ് 22 ലെ ശുപാർശയുടെ അടിസ്ഥാനത്തിൽ 19,91,821 രൂപയുടെ പുതിയ ഇന്നൊവ ക്രിസ്റ്റ കാർ വാങ്ങാൻ ബോർഡ് അനുമതി നൽകിയെന്നും പണം ഈഞ്ചയ്ക്കലിലെ നിപ്പൊൺ മോട്ടോർ കോർപറേഷന് അനുവദിച്ചെന്നുമാണ് ഉത്തരവിൽ പറയുന്നത്. ഏഴു പേർക്ക് ഇരിക്കാവുന്ന സൂപ്പർ വെള്ള നിറത്തിലെ കാർ വാങ്ങാനായിരുന്നു ആ ഉത്തരവ്. ഇത് പിന്നീട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

എന്നാൽ, ഇപ്പോൾ ഡിപ്പാർട്‌മെന്റ് ഉപയോഗത്തിനെന്ന പേരിൽ ഒന്നിനു പകരം രണ്ടു കാറുകൾ വാങ്ങാൻ ബോർഡ് തീരുമാനം. 41.59 ലക്ഷം രൂപയ്ക്കു രണ്ടു ഇന്നൊവ ക്രിസ്റ്റ വാങ്ങാനാണു ബോർഡ് സെക്രട്ടറി ഉത്തരവിറക്കിയത്.കമ്പനിയുടെ പുതിയ ഇൻവോയിസ് പ്രകാരം 41.59 ലക്ഷം രൂപയാണു വില. ഹൈക്കോടതിയുടെ അനുമതി ലഭിക്കാൻ ചീഫ് എൻജിനീയറെയും ചുമതലപ്പെടുത്തി. തുക സർപ്ലസ് ഫണ്ടിൽ നിന്ന് അനുവദിക്കാൻ ദേവസ്വം കമ്മിഷണറോടു നിർദ്ദേശിച്ചു.ഓഫിസ് ആവശ്യത്തിനെന്ന പേരിൽ പുതിയ കാറുകൾ വാങ്ങിയ ശേഷം വേണ്ടപ്പെട്ടവർക്കു നൽകാനാണ് ഇത്തരത്തിൽ ഉത്തരവ് ഇറക്കിയതെന്നു ജീവനക്കാർ ആരോപിക്കുന്നു.