പമ്പ: ശബരിമല പ്രശ്‌നത്തിൽ വീണ്ടും സമവായ നീക്കം. സമരം നിർത്താൻ എന്തുവിട്ടുവീഴ്ചയക്ക് തയ്യാറാണെന്ന് സുപ്രീം കോടതിയിൽ ഹർജി നൽകിയാൽ ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള സമരം നിർത്തുമോയെന്നും അദ്ദേഹം ചോദിച്ചു. പമ്പയിലാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് ഇക്കാര്യം ആരാഞ്ഞത്. നിയമപരമായ കാര്യങ്ങൽ നാളെ ചേരുന്ന ബോർഡിന്റെ നിർണായക യോഗത്തിൽ തീരുമാനിക്കും. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സമരം അതിരൂക്ഷമായ പശ്ചാത്തലത്തിലാണ് ബോർഡ് യോഗം ചേരുന്നത്.

കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത സമവായ ചർച്ച പരാജയപ്പെട്ടെങ്കിലും അന്നുയർന്ന ആവശ്യങ്ങൾ യോഗം പരിഗണിക്കും. ശബരിമല തന്ത്രിമാർക്ക് പുറമേ പന്തളം കൊട്ടാരം, തന്ത്രി സമാജം, യോഗക്ഷേമസഭ, അയ്യപ്പസേവാസംഘം, അയ്യപ്പസേവാസമാജം, എന്നീ സംഘടനകളുടെ പ്രതിനിധികളുമാണ് ദേവസ്വം ബോർഡുമായി ചർച്ച നടത്തിയത്. പുനഃ പരിശോധനാ ഹർജിയെ ചൊല്ലിയാണ് ചർച്ച പരാജയപ്പെട്ടത്. ആവശ്യങ്ങളെല്ലാം 19 ന് ചർച്ച ചെയ്യാമെന്നായിരുന്നു ബോർഡിന്റെ നിലപാട്.

പുനഃ പരിശോധനാ ഹർജി നൽകുന്ന കാര്യത്തിൽ ബോർഡിൽ ഭിന്നത നിലനിൽക്കുന്നുണ്ട്. ഹർജിക്കാര്യം ചർച്ച ചെയ്യുമെന്ന് പ്രസിഡന്റ് എ.പത്മകുമാർ ചൊവ്വാഴ്ച പറഞ്ഞെങ്കിലും ഹർജി നൽകില്ലെന്നാണ് അംഗം കെ.രാഘവൻ പിന്നീട് പ്രതികരിച്ചത്. മറ്റൊരംഗമായ കെ.പി.ശങ്കരദാസ് ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ഏതായാലും വെള്ളിയാഴ്ചത്തെ യോഗത്തിൽ നിയമപരമായ കാര്യങ്ങൾ ആലോചിക്കും.

പാർട്ടിയുടേയോ സർക്കാരിന്റേയോ അഭിപ്രായം ദേവസ്വം ബോർഡ് പിന്തുടരേണ്ടതില്ല എന്ന് മന്ത്രി പറയുമ്പോഴും, ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട്, ദേവസ്വം ബോർഡിന് ഏകപക്ഷീയമായ നിലപാട് സ്വീകരിക്കാനാവില്ല. കോടതിവിധിയുടെ വിശദാംശങ്ങൾ പരിശോധിച്ച്, നിയമവശങ്ങൾ വിശദീകരിക്കാൻബോർഡ് അഭിഭാഷകരോട് ആവശ്യപ്പെട്ടു. റിവ്യൂപെറ്റിഷൻ നിലനിൽക്കുമോ എന്ന ചോദ്യത്തിനാണ് മറുപടി വേണ്ടത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽമാത്രമെ ദേവസ്വം ബോർഡ് പുനപരിശോധന ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കൂ.

സർക്കാർ പൊതുവെ സുപ്രീം കോടതിവിധിയോട് അനുകൂല നിലപാടാണ് സ്വീകരിച്ചത്. സിപിഎമ്മിനെയും സർക്കാരിനെയും കടന്നാക്രമിക്കുന്ന ബിജെപി സംഘപരിവാർ സംഘടനകളെ അവഗണിക്കാൻ പാർട്ടിനേതൃത്വത്തിനാവില്ല. അതേസമയം കോടതി വിധിയെ തള്ളാനോ , സ്ത്രീവിരുദ്ധമെന്ന് ആരോപിക്കപ്പെടാവുന്ന തീരുമാനമെടുക്കാനോ ബോർഡിന് കഴിയുകയുമില്ല. എന്നാൽ, ആചാരം സംരക്ഷിക്കാൻ ബാധ്യസ്ഥരായ ദേവസ്വം ബോർഡിന് തീർത്ഥാടനം സുഗമമായി നടത്തേണ്ടതുണ്ട്. ഈ പശ്ചാത്തലത്തിൽ വിട്ടുവീഴ്ചകൾക്ക് തയ്യാറെന്ന പത്മകുമാറിന്റെ പ്രസ്താവന കൂടി വന്നതോടെ, സമരം അവസാനിപ്പിക്കാൻ ഒരു ഫോർമുല കണ്ടെത്തുകയാവും ബോർഡ് യോഗത്തിന്റെ വെല്ലുവിളി.