തിരുവനന്തപുരം: ശബരിമലയിലെ നിയന്ത്രണത്തിൽ ഇളവ് വരുത്തണമെന്ന് ആവശ്യവുമായി ദേവസ്വം ബോർഡ് പൊലീസിനെ സമീപിച്ചു. ബോർഡ് അംഗം കെ.പി.ശങ്കർദാസും, ജിഡിപി ലോക്‌നാഥ് ബെഹ്‌റയും തമ്മിൽ ഇതുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ച നടത്തി. സന്നിധാനത്ത് കുറച്ചുപേർക്കെങ്കിലും വിരി വയ്ക്കാനുള്ള അനുമതി നൽകണമെന്ന് ബോർഡ് ആവശ്യപ്പെട്ടു. നിയന്ത്രണങ്ങളിലെ ഇളവ് നാളെ അറിയിക്കാമെന്നാണ് ഡിജിപി പ്രതികരിച്ചത്.

അതേസമയം, നെയ്യഭിഷേക സമയം നീട്ടണമെന്ന് ദേവസ്വം ബോർഡിനോട് പൊലീസ് ആവശ്യപ്പെട്ടു. ആരേയും രാത്രിയിൽ സന്നിധാനത്ത് തങ്ങാൻ അനുവദിക്കില്ല. ഇതിനാൽ ഭക്തർക്ക് നെയ്യഭിഷേകം നടത്താൻ അവസരം ലഭിക്കാൻ വേണ്ടിയാണ് പൊലീസ് നിർദ്ദേശം. രാത്രിയിൽ സന്നിധാനത്തു നിന്നും തീർത്ഥാടകരെ മുഴുവൻ നിലക്കലിലേക്ക് ഇറക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. രാവിലെ വീണ്ടുമെത്തുന്ന ഭക്തർക്ക് നെയ്യഭിഷേക സൗകര്യത്തിനാണ് സമയം നീട്ടാൻ ആവശ്യപ്പെട്ടിരിക്കുന്നത്. നെയ്യഭിഷേകമെന്ന പേരിൽ തങ്ങിയവരാണ് മാസ പൂജക്കും ചിത്തിര ആട്ടവിശേഷത്തിനും സന്നിധാനത്ത് പ്രശ്‌നങ്ങളുണ്ടാക്കിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഇക്കാര്യത്തിൽ ദേവസ്വം ബോർഡാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.

ഭക്തരുടെ മേലുള്ള കടുത്ത നിയന്ത്രണങ്ങൾ സന്നിധാനത്തെ വരുമാനം കുറയ്ക്കുമെന്ന ആശങ്ക ദേവസ്വം ബോർഡിനുണ്ട്. രാത്രിയിൽ തീർത്ഥാടകർ സന്നിധാനത്ത് തങ്ങറുതെന്നും, കടകൾ അടയ്ക്കണമെന്നും മുറികൾ അടച്ച് താക്കോൽ ഏൽപിക്കണമെന്നും മറ്റുമുള്ള പൊലീസിന്റെ നിർദ്ദേശങ്ങളിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ ഇന്നലെ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

തുലാമാസ പൂജാസമയത്ത് സർക്കാരിനും ദേവസ്വം ബോർഡിനും നേരേ ശക്തമായ പ്രതിഷേധത്തിനിടെ ശബരിമലയിലെ കാണിക്ക വരുമാനത്തിൽ വൻകുറവുണ്ടായിരുന്നു. ഭണ്ഡാരത്തിൽനിന്ന് കാണിക്ക പണത്തിനുപകരം 'സ്വാമി ശരണം, സേവ് ശബരിമല' എന്നെഴുതിയ ഒട്ടേറെ പേപ്പറുകൾ ലഭിക്കുകയും ചെയ്തു. തുലാമാസപൂജയ്ക്ക് നട തുറന്ന 17 മുതൽ നാലുദിവസത്തെ കാണിക്ക വരുമാനം മുൻവർഷം ഇതേകാലത്ത് ലഭിച്ചതിനേക്കാൾ 44.50 ലക്ഷം രൂപ കുറവാണ്. യുവതീപ്രവേശ വിഷയത്തിൽ പ്രതിഷേധിച്ച് ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കാണിക്ക ഇടരുതെന്ന് വിവിധ സംഘടനകൾ ആഹ്വാനം ചെയ്തിരുന്നു

അതേസമയം, ചിത്തിര ആട്ട വിശേഷത്തിനായി നടതുറന്നപ്പോൾ റെക്കോഡ് തീർത്ഥാടകരാണ് മലകയറിയത്. ഇതോടെ നടവരുമാനത്തിലും റെക്കോഡ് വരുമാനമാണുണ്ടായത്. ചിത്തിര ആട്ട വിശേഷത്തിനായി ഒറ്റ ദിവസത്തേയ്ക്കാണ് ശബരിമല നട തുറന്നത്. കഴിഞ്ഞ വർഷം 4000ൽ താഴെ തീർത്ഥാടകർ മാത്രമാണ് ചിത്തിര ആട്ട വിശേഷപൂജകൾക്കായി ശബരിമലയിലെത്തിയത്. എന്നാൽ യുവതികൾ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന സൂചനകളെ തുടർന്ന് പ്രതിഷേധക്കാരടക്കം ഇരുമുടിക്കെട്ടുമായി സന്നിധാനത്ത് എത്തിയിരുന്നു. ദേവസ്വം ബോർഡിന്റെ കണക്ക് പ്രകാരം 13,675 പേരാണ് ഇത്തവണ മലചവിട്ടിയത്. ചിത്തിര ആട്ടവിശേഷത്തിന് നട തുറന്നപ്പോൾ റെക്കോർഡ് വരുമാനമാണ് ശബരിമലയിൽ ഉണ്ടായിരിക്കുന്നത്. 28 ലക്ഷം രൂപയാണ് ഇത്തവണത്തെ നടവരവ്. കഴിഞ്ഞ വർഷം തുലാമാസ പൂജയോട് ചേർന്ന് ചിത്തിര ആട്ടത്തിരുനാൾ വന്നതിനാൽ നടവരവ് രേഖപ്പെടുത്തിയിരുന്നില്ല.

നിറപുത്തരി മുതൽ തുലാമാസ പൂജ വരെയുള്ള കണക്കനുസരിച്ച് മുൻവർഷത്തെക്കാൾ ശബരിമലയിലെ വരുമാനം കുറഞ്ഞിരുന്നു. കഴിഞ്ഞ വർഷം 13.11 കോടി രൂപ കിട്ടിയപ്പോൾ ഇത്തവണയത് 4.79 കോടി രൂപയായി ചുരുങ്ങിയിരുന്നു. പ്രളയത്തെ തുടർന്ന് ചിങ്ങമാസ പൂജകൾക്ക് ഭക്തർ എത്താതിരുന്നതും വരുമാനത്തെ ബാധിച്ചു.