ചെങ്ങന്നൂർ: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാറിനോട് ഇടഞ്ഞു നിൽക്കുകയാണ് എൻഎസ്എസ്. കോട്ടയത്തും പത്തനംതിട്ടയിലും നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് പിന്നിൽ എൻഎസ്എസിന്റെ ഇടപെടൽ വ്യക്തമാണ്. ഇതിനിടെ തിരുവിതാംകൂർ ദേവസ്വം പ്രസിഡണ്ട് എ.പത്മകുമാറിന് സന്ദർശനാനുമതി നിഷേധിച്ച് എൻഎസ്എസ്. ശബരിമല വിധിയുടെ പശ്ചാത്തലത്തിലാണ് എൻ എസ് എസ് ജനറൽ സെക്രട്ടറി സുകമാരൻ നായരുമായി കൂടിക്കാഴ്ച നടത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എ.പത്മകുമാർ അനുമതി ചോദിച്ചത്. ഒരു ബോർഡ് അംഗം വഴിയായിരുന്നു കൂടിക്കാഴ്‌ച്ചക്ക് അവസരം തേടിയത്. എന്നാൽ, കാണാൻ താൽപ്പര്യമില്ലെന്ന് സുകുമാരൻ നായർ അറിയിക്കുകയായിരുന്നു.

ബിജെപി പ്രസിഡണ്ട് പി.എസ് ശ്രീധരൻപിള്ള ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് പത്മകുമാർ സന്ദർശനത്തിന് അനുമതി ചോദിച്ചത്. വിഷയത്തിൽ സർക്കാറുമായി സഹകരിക്കണം എന്ന നിർദേശമായിരുന്നു ഇതിന് പിന്നിൽ. എന്നാൽ, ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പം നിൽക്കാൻ ശക്തമായ തീരുമാനമെടുത്താണ് എൻഎസ്എസ് മുന്നോട്ടു പോകുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ അസംതൃപ്തി പ്രകടിപ്പിച്ചതിനെ തുടർന്ന് പുനപരിശോധനാ ഹർജി നൽകില്ലെന്നാണ് ദേവസ്വം ബോർഡിന്റെ തീരുമാനം.

ശബരിമല വിഷയത്തിൽ എൻ എസ് എസിന്റെ തീരുമാനം ഇടതു മുന്നണിക്ക് കടുത്ത തിരിച്ചടിയാകുമെന്നാണ് സി പി എം കേന്ദ്രങ്ങളുടെ വിലയിരുത്തൽ.ഇതേ തുടർന്ന് അനുനയ ചർച്ചകൾക്കായി പത്മകുമാറിനെ ചുമതലപ്പെടുത്തുകയായിരുന്നു. അതേസമയം എൻഎസ്എസ് ആസ്ഥാനത്തു പോകാൻ ആരോടും അനുമതി ചോദിച്ചിട്ടില്ലെന്നാണ് സംഭവം വിവാദമായപ്പോൾ പത്മകുമാർ പ്രതികരിച്ചത്. അനുമതി ചോദിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും അദ്ദേഹം പറഞ്ഞു. മുൻപു പലതവണ എൻഎസ്എസ് ആസ്ഥാനത്തു പോയിട്ടുണ്ട്. അനുമതി ചോദിച്ചിട്ടല്ല പോയത്. എൻഎസ്എസ് ആസ്ഥാനത്ത് പോകാൻ തനിക്ക് അനുമതിയുടെ ആവശ്യമില്ല. തൊട്ടടുത്തുള്ള കോളജിലാണ് പഠിച്ചത്. പല തവണ പോയിട്ടുള്ള ഇടമാണെന്നു അദ്ദേഹം പ്രതികരിച്ചു.

ഇതിനിടെ ശബരിമല സ്ത്രീ പ്രവേശന വിഷയം കത്തിപ്പടരവേ സിപിഎം നോമിനിയായ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ രാജിക്കൊരുങ്ങുന്നതായി സൂചനയും പുറത്തുവന്നിരുന്നു. മുഖ്യമന്ത്രി അനിഷ്ടം പ്രകടിപ്പിച്ചതോടെ വേണ്ടിവന്നാൽ രാജിവെക്കാം എന്ന നിലപാടിലായിരുന്നു അദ്ദേഹം. സുപ്രീം കോടതി വിധിക്കെതിരെ ദേവസ്വം ബോർഡ് റിവ്യൂ ഹർജി നൽകേണ്ടതില്ലെന്ന് യോഗം ചേർന്ന് തീരുമാനം എടുത്തതിന് പിന്നാലെ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ ഒരുങ്ങുന്നത് സിപിഎമ്മിനുള്ളിൽ തന്നെയുള്ള അതൃപ്തിയാണ് മറനീക്കുന്നത്. ശബരിമല വിഷയത്തിൽ ശക്തമായ നിലപാടുകളുമായി ആദ്യം രംഗത്ത് വന്നിരുന്ന ദേവസ്വം ബോർഡ് പ്രസിഡന്റ് സർക്കാർ തീരുമാനത്തിനനുസരിച്ച് പിന്നീട് നിലപാട് മാറ്റുകയായിരുന്നു.

അയ്യപ്പഭക്തരായ തന്റെ കുടുംബത്തിൽ നിന്നുള്ള സമ്മർദ്ദമാണ് പത്മകുമാറിന്റെ രാജിസന്നദ്ധതയ്ക്ക് പിന്നിലെന്നാണ് സൂചന. പ്രാദേശിക തലത്തിൽ സ്ത്രീ പ്രവേശനത്തിനെതിരെയുള്ള വികാരം കനക്കുമ്പോൾ അതിൽ നിന്ന് രക്ഷപ്പെടാൻ കൂടിയുള്ള തീരുമാനമാണ് രാജിസന്നദ്ധതയ്ക്ക് പിന്നിലെന്നാണ് അറിയുന്നത്. കടുത്ത പാർട്ടിക്കാരനായ പത്മകുമാറിന് പാർട്ടിയെ ധിക്കരിക്കാനും വൈമനസ്യമുണ്ട്. അതേസമയം അയ്യപ്പഭക്തരുടെ വികാരത്തിനെതിരായ നിലപാടെടുക്കരുതെന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സമ്മർദ്ദമാണ് പത്മകുമാറിനെ കുഴയ്ക്കുന്നത്. തുടർന്നാണ് രാജിസന്നദ്ധത പാർട്ടി നേതൃത്വത്തെ അറിയിക്കാൻതീരുമാനിച്ചതത്രേ.

അതേസമയം പത്തനംതിട്ടയിൽ വലിയൊരു ശതമാനം വരുന്ന സഖാക്കളും അയ്യപ്പ ഭക്തരാണെന്ന തിരിച്ചറിവ് പുതിയ വിവാദത്തോടെ സിപിഎമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്. ഇതിൽ പലരും സമൂഹ മാധ്യമങ്ങളിലൂടെ അഭിപ്രായപ്രകടനം നടത്താനും തുടങ്ങിയിട്ടുണ്ട്. സിപിഎമ്മിലെ വിശ്വാസി സമൂഹം പത്മകുമാർ രാജിവച്ച് പ്രതിഷേധം അറിയിക്കണമെന്ന് ആവശ്യപ്പെടുന്നതായും അറിയുന്നു.