തിരുവനന്തപുരം: ശബരിമലയിൽ യുവതീപ്രവേശനത്തിന് സുപ്രീംകോടതി ഉത്തരവിട്ടിട്ടും തുടക്കത്തിൽ അതിനെതിരെ നിലപാട് സ്വീകരിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒടുവിൽ നിലപാട് പൂർണമായും തിരുത്തുന്നു. യുവതീപ്രവേശം പാടില്ലെന്ന മുൻനിലപാടിൽ നിന്നും മലക്കം മറിഞ്ഞ് യുവതിപ്രവേശനം ആകാമെന്ന നിലപാടിലേക്കാണ് എ പത്മകുമാറും സംഘവും എത്തുന്നത്. ഈ വിഷയത്തിൽ അടക്കം സ്വതന്ത്ര നിലപാട് കൈക്കൊള്ളാമെന്ന് ഹൈക്കോടതി പറഞ്ഞെങ്കിലും വിഷയം ബിജെപി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നതോടെ വിട്ടുവീഴ്‌ച്ചക്കില്ലെന്ന ശക്തമായ സന്ദേശം നൽകുകയാണ് സർക്കാർ ലക്ഷ്യം. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിന് അനുസരിച്ച് തങ്ങളുടെ നിലപാടും മാറ്റുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്.

സർക്കാർ നിലപാടിനെ പിന്തുണച്ചു സുപ്രീം കോടതിയിൽ പുതിയ നിലപാട് അറിയിക്കാനാണു നീക്കം. മറിച്ചൊരു തീരുമാനം ബോർഡ് കൈക്കൊണ്ടാൽ ബിജെപി രാഷ്ട്രീയ ആയുധമാക്കും എന്നതു തന്നെയാണ് പ്രശ്‌നം. ചൊവ്വാഴ്ചയാണു യുവതീപ്രവേശം സംബന്ധിച്ച പുനഃപരിശോധനാ ഹർജികൾ കോടതി പരിഗണിക്കുന്നത്. മനു അഭിഷേക് സിങ്വിക്കു പകരം കണ്ടെത്തിയ മുതിർന്ന അഭിഭാഷകൻ ആര്യാമ സുന്ദരം ബോർഡിന്റെ ഭാഗം വിശദീകരിക്കും. കേസ് സുപ്രീം കോടതിയിൽ വന്ന കാലം മുതൽ ഹാജരായിരുന്ന അഭിഭാഷക ബീന മാധവൻ ബോർഡിന്റെ മലക്കംമറിച്ചിലിനെ തുടർന്നു പിന്മാറി. പകരം പി.എസ്. സുധീറിനെ നിയമിച്ചു.

യുവതീപ്രവേശ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികളും റിട്ട് ഹർജികളും പരിഗണിക്കുമ്പോൾ ബോർഡ് നിലപാട് വ്യക്തമാക്കേണ്ടി വരും. വിധി നടപ്പാക്കുന്നതിൽ നേരിട്ട വൈഷമ്യങ്ങൾ സംബന്ധിച്ച റിപ്പോർട്ടും ശബരിമലയിലെ തൽസ്ഥിതി റിപ്പോർട്ടും തയാറാക്കിയിട്ടുണ്ട്. ബോർഡിന്റെ മുതിർന്ന അഭിഭാഷകരുമായി കമ്മിഷണർ എൻ.വാസു നാളെ ഡൽഹിയിൽ ചർച്ച നടത്തും.

യുവതീപ്രവേശം സംബന്ധിച്ച് രണ്ടു പതിറ്റാണ്ടിലേറെയായി ദേവസ്വം ബോർഡ് സ്വീകരിച്ചുവന്ന നിലപാടിൽ നിന്നുള്ള വലിയ മാറ്റമാണ് ഇപ്പോഴത്തേത്. യുവതീപ്രവേശം അനുവദിച്ചു വിധി വന്നപ്പോൾ ദേവസ്വം ബോർഡ് അതിനെതിരായ നിലപാടാണു സ്വീകരിച്ചത്. ആചാരം സംരക്ഷിക്കുമെന്ന നിലപാടും സ്വീകരിച്ചു. പുനഃപരിശോധനാ ഹർജി സംബന്ധിച്ച തർക്കങ്ങളിലും കക്ഷി ചേർന്നിരുന്നില്ല. സർക്കാരിന്റെ നിലപാടാകട്ടെ, ഭരണമാറ്റം അനുസരിച്ചു മാറിയിരുന്നു. യുവതീപ്രവേശം അരുതെന്ന ഉമ്മൻ ചാണ്ടി സർക്കാരിന്റെ സത്യവാങ്മൂലം പിൻവലിച്ചാണ് പിണറായി സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചത്. ഈ നടപടിയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.

നേരത്തെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ യുവതീപ്രവേശനത്തിനായി പ്രത്യേക സംവിധാനങ്ങൾ ഒരുക്കുമെന്ന നിലപാടിൽനിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് മലക്കംമറിഞ്ഞിരുന്നു. യുവതീ പ്രവേശനം മുൻനിർത്തി പ്രത്യേക സംവിധാനങ്ങൾ ഒരുക്കേണ്ടതില്ലെന്ന് ഇന്നലെ ചേർന്ന ബോർഡ് യോഗം തീരുമാനമെടുത്തിരുന്നു. സന്നിധാനത്തു വനിതകൾക്കായി പ്രത്യേക വരി, സ്ത്രീ സുരക്ഷയ്ക്കായി വനിതാ പൊലീസ് എന്നിവ ഉണ്ടാകില്ല. മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി ഒരു നടപടിയും കോടതിവിധിയുടെ അടിസ്ഥാനത്തിൽമാത്രം സ്വീകരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ വ്യക്തമാക്കിയിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ സ്ത്രീകൾക്ക് സൗകര്യം ഒരുക്കുന്നതിനെ കുറിച്ചും ബോർഡ് കോടതിയെ വിവരങ്ങൾ ധരിപ്പിച്ചേക്കും.

കോടതിവിധി നടപ്പാക്കാൻ ദേവസ്വം ബോർഡിനു പ്രത്യേകതാൽപര്യമോ താൽപര്യമില്ലായ്‌മോ ഇല്ലെന്നതായരുന്നു ബോർഡ് പ്രസിഡന്റിന്റെ നിലപാട്. അടുത്തിടെ ശബരിമല തുറന്ന വേളയിൽ അടക്കം സ്ത്രീകൾ സന്നിധാനത്ത് എത്തിയപ്പോൾ ആൾക്കൂട്ട ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഇതിനെതിരെ ഹൈക്കോടതിയും ശക്തമായി താക്കീത് നൽകിയതും ബോർഡിന് ആത്മവിശ്വാസം നൽകുന്നതായി. ശബരിമലയിലെ ആൾക്കൂട്ട അതിക്രമം ന്യായീകരിക്കാനാകാത്തതെന്നു ഹൈക്കോടതി. വൻതോതിലുള്ള നാശനഷ്ടങ്ങളിൽനിന്ന് വ്യാപ്തി പ്രകടമാണെന്നും അഭിപ്രായപ്പെട്ടു. നിലയ്ക്കൽ സംഘർഷങ്ങളുമായി ബന്ധപ്പെട്ട കേസിലെ 17ാം പ്രതി ഗോവിന്ദ് മധുസൂദനന്റെ ജാമ്യാപേക്ഷ തള്ളി.

അക്രമങ്ങളിൽ 16.78 ലക്ഷം രൂപയുടെ പൊതുമുതലും 15.5 ലക്ഷത്തിന്റെ സ്വകാര്യമുതലും നശിപ്പിച്ചെന്ന കണക്ക് കോടതി ചൂണ്ടിക്കാട്ടി. 14 പൊലീസുകാർക്കു പരുക്കേറ്റു. ആൾക്കൂട്ടത്തിൽ ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ല. 2 പൊലീസ് ബസുകൾ, പൊലീസിന്റെ ഒരു കാർ, മറ്റു 4 വാഹനങ്ങൾ, 12 കെഎസ്ആർടിസി ബസുകൾ, മാധ്യമസ്ഥാപനങ്ങളുടെ 3 വാഹനങ്ങൾ, 3 ക്യാമറകൾ എന്നിവ നശിപ്പിച്ചു.

അതേസമയം, ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയതിൽ ആചാരലംഘനമില്ലെന്നും ആചാരവും ചടങ്ങും വ്യത്യസ്തമാണെന്നും ദേവസ്വം ബോർഡംഗം കെ.പി.ശങ്കരദാസ് പറഞ്ഞു. ഇതിന് പിന്നാലെ ആചാരലംഘനം നടത്തിയ ശങ്കർദാസിനെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജിയെത്തി. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ, ബിജെപി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, അടക്കമുള്ളവരാണ് ശങ്കരദാസിനെ നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ബോർഡ് അംഗമായി ചുമതല ഏൽക്കുമ്പോൾ നടത്തിയ സത്യപ്രതിജ്ഞയുടെ ലംഘനമാണ് ശങ്കർ ദാസ് നടത്തിയെന്നാണ് ഹർജിയിലെ ആരോപണം.