സന്നിധാനം: സന്നിധാനത്തെ കടുത്ത നിയന്ത്രണങ്ങളിൽ ദേവസ്വം ബോർഡിനും ജീവനക്കാർക്കും കടുത്ത അതൃപ്തി. തീർത്ഥാടകരെ രാത്രി സന്നിധാനത്ത് തങ്ങാൻ അനുവദിക്കാത്തതിന്റെ യുക്തിയാണ് പലരും ചോദ്യം ചെയ്യുന്നത്. തീവ്രവാദഭീഷണി ഭയന്നാണ് നടപടിയെങ്കിൽ മുറികൾ എപ്പോൾ വേണമെങ്കിലും പരിശോധിക്കാനുള്ള സ്വാതന്ത്ര്യം പൊലീസിന് ഉണ്ടല്ലോയെന്നാണ് ജീവനക്കാരുടെ ചോദ്യം. തങ്ങളോട് പോലും തീവ്രവാദികളെന്ന നിലയിലാണ് പൊലീസ് ഇടപെടുന്നതെന്നും ജീവനക്കാർ പരാതിപ്പെടുന്നു. തങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ പോലും ഹനിക്കും വിധമാണ് പൊലീസ് ഇടപെടലെന്നും അവർ അതൃപ്തി പ്രകടിപ്പിച്ചു.

സന്നിധാനത്ത് അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം ഭക്തരെ വല്ലാതെ വലയ്ക്കുന്നുണ്ട്. തിരക്ക് കണക്കിലെടുക്കുമ്പോൾ ഇപ്പോഴുള്ള ശുചിമുറികൾ ആവശ്യത്തിന് തികയില്ല. വിരിവയ്ക്കാൻ അനുവാദമില്ലെന്ന് മാത്രമല്ല നടപ്പന്തലിൽ ആകെ പൊലീസ് നില ഉറപ്പിച്ചിരിക്കുകയാണ്. നിയന്ത്രണങ്ങൾ മൂലം വലയുന്ന ഭക്തർക്ക് ആശ്വാസമായി ചില ഇളവുകൾ വരുത്തിയിട്ടുണ്ട്. നെയ്യഭിഷേകത്തിനും മറ്റും പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ദേവസ്വം ബോർഡ് കടുത്ത സമ്മർദ്ദം ചെലുത്തിയതിനെ തുടർന്നാണ് നടപടി.

അവശ്യസാധനങ്ങൾ സന്നിധാനത്ത് എത്തിക്കുന്നതിലും പൊലീസിന്റെ നിയന്ത്രണങ്ങൾ തടസ്സമാകുന്നുണ്ട്. പായസത്തിനുള്ള ശർക്കര, വെള്ളം, വൈദ്യുതി സൗകര്യങ്ങൾ എന്നിവ കാര്യക്ഷമമായി ഒരുക്കുന്നതിൽ തടസമാകുന്നത് കരാർ ജീവനക്കാരുടെ കുറവാണ്. കരാറുകാരൻ നേരിട്ടുവന്ന് പരിചയപ്പെടുത്തിയാൽ മാത്രമേ കരാർ ജീവനക്കാരെ സന്നിധാനത്തേക്ക് കയറ്റി വിടുകയുള്ളുവെന്നാണ് പൊലീസിന്റെ നിബന്ധന. ഇതുമൂലമാണ് ജീവനക്കാർക്ക് കൃത്യമായി സേവനങ്ങൾ എത്തിക്കാൻ കഴിയാത്തത്. കെഎസഇബി കരാർ ജീവനക്കാർക്കും സമാനമായ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നുണ്ട്. ഇതുമൂലം വൈദ്യുതി സംബന്ധമായ ജോലികൾക്കും ആളെ കിട്ടാനില്ലാത്ത അവസ്ഥയാണ്.

അവശ്യസാധനങ്ങൾ എത്തിക്കുന്നതിന് തടസ്സം നേരിടുന്നതിന് പുറമേ, ദേവസ്വം ബോർഡ് പണികണിപ്പിച്ച പുതിയ അതിഥി മന്ദിരമായ 'ദർശൻ' ഭക്തർക്ക് ലഭ്യമാക്കാൻ കഴിയുന്നില്ല. ഉദ്ഘാടനം കഴിഞ്ഞിട്ടും ഫർണിച്ചർ അടക്കമുള്ളവ എത്തിക്കാൻ സാധിച്ചിട്ടില്ല. സിഡ്‌കോ, സിൽക്ക് എന്നീ സർക്കാർ ഏജൻസികളെയാണ് ഇവ ഏർപ്പാടാക്കാൻ ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ, സമയത്തിന് സാധനങ്ങൾ എത്തിക്കാൻ ഏജൻസികൾ ശുഷ്‌കാന്തി കാട്ടിയില്ല. ഇക്കാരണം കൊണ്ട് തന്നെ തീർത്ഥാടകർക്ക് മുറികൾ നൽകാൻ കഴിയുന്നില്ല. സന്നിധാനത്ത് ദേവസ്വം ബോർഡ് യോഗം ചേരാൻ കഴിയാത്തതാണ് ഇതിന് കാരണമായി പറയുന്നത്.

സന്നിധാനത്ത് മുറികൾ പണിതുകൊടുത്ത റൂം ഡോണർമാരും പരാതികളുമായി രംഗത്തുണ്ട്. കരാർപ്രകാരം ഏതുസമയത്ത് സന്നിധാനത്തെത്തിയാൽ ഇവർക്ക് മുറികൾ അനുവദിക്കണമെന്നാണ് ധാരണ. എന്നാൽ, പൊലീസ് നിയന്ത്രണങ്ങൾ മൂലം ഡോണർമാർക്ക് സന്നിധാനത്ത് തങ്ങാൻ കഴിയുന്നില്ല. ഇതിന്റെ പേരിൽ നേരിയ തോതിൽ സംഘർഷവുമുണ്ടായിരുന്നു. മുറികൾ ഓൺലൈൻ രജിസ്‌ട്രേഷൻ വഴി മാത്രമാണ് അനുവദിക്കുന്നത്. എന്നാൽ, പലപ്പോഴും, അൽപം വൈകിയെത്തുന്ന ഭക്തർക്ക് താമസിക്കാൻ സൗകര്യം കിട്ടുന്നില്ല. ഇവർക്ക് മുറിവാടകയടക്കം മടക്കി നൽകേണ്ടതാണെങ്കിലും അത് ബോർഡ് തിരികെ നൽകുന്നില്ലെന്ന പരാതി വ്യാപകമാണ്. സെക്യൂരിറ്റി ഡിപ്പോസിറ്റ് മാത്രമാണ് ഇപ്പോൾ തിരികെ നൽകുന്നത്.

അഖിലഭാരതീയ അയ്യപ്പസേവാസംഘം അടക്കമുള്ള സന്നദ്ധസംഘടനകളും കടുത്ത അതൃപ്തിയിലാണ്. മണ്ഡലകാലത്ത് സാധാരണ കഴിയുന്ന സേവനം സാധ്യമാകുന്നില്ല എന്നതാണ് ഇവരെ വിഷമത്തിലാക്കുന്നത്. പൊലീസ് നിയന്ത്രണങ്ങൾ മൂലം സന്നദ്ധസേനാംഗങ്ങളെ സന്നിധാനത്ത് എത്തിക്കാൻ കഴിയാത്തതാണ് തിരിച്ചടിയായത്. ഏതായാലും, പരാതികൾ കൂടിയതോടെ നെയ്യഭിഷേകത്തിനും പടിപൂജയ്ക്കും ചില ഇളവുകൾ ഏർപ്പെടുത്താൻ പൊലീസ് തയ്യാറായത് ഭക്തർക്ക് ആശ്വാസകരമാണ്.

നെയ്യഭിഷേകത്തിനായി പുതിയ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. അഭിഷേകം ചെയ്യേണ്ട തീർത്ഥാടകർ രാത്രി 12 മണിക്ക് നിലയ്ക്കലിലെത്തണം. ഒരു മണിക്കൂറിന് ശേഷം പമ്പയിൽ നിന്നും സന്നിധാനത്തേക്ക് പൊലീസ് ഈ തീർത്ഥാടകരെ കയറ്റിവിടും. നട തുറക്കുമ്പോൾ ദർശനവും അഭിഷേകവും കഴിഞ്ഞ് ഇവർക്ക് പമ്പയിലേക്ക് മടങ്ങാം.

പടി പൂജയുള്ള ഭക്തർക്ക് രാത്രി സന്നിധാനത്ത് തങ്ങാം. വൈകല്യമുള്ളവർക്കും വൃദ്ധർക്കും സന്നിധാനത്ത് തങ്ങുന്ന കാര്യത്തിൽ ഇളവ് ഉണ്ടാകും. എന്നാൽ മുറികൾ അനുവദിക്കുന്ന കാര്യത്തിൽ പൊലീസിന് നിയന്ത്രണം തുടരാമെന്നും ചർച്ചയിൽ ധാരണയായി. പൊലീസിന്റെ കടുത്ത നിയന്ത്രണങ്ങൾ ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഇക്കാര്യത്തിൽ ഇളവ് അനുവദിക്കണമെന്നും ദേവസ്വം ബോർഡ് അംഗം ശങ്കർദാസ് ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു. നിലവിൽ രാത്രി കാലങ്ങളിൽ നടപ്പന്തലിലും മറ്റും വിരിവയ്ക്കാൻ പൊലീസ് ഭക്തരെ അനുവദിക്കുന്നില്ല. കുറച്ചെങ്കിലും ഭക്തരെ ഇവിടെ തങ്ങാൻ അനുവദിക്കണമെന്ന് ശങ്കർദാസ് ഡി.ജി.പിയോട് ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ആലോചിച്ച ശേഷം തീരുമാനം നാളെ അറിയിക്കാമെന്ന് ഡി.ജി.പി നിലപാട് എടുക്കുകയായിരുന്നു