പട്ന: അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതു ബിജെപിയുടെ മാത്രം അജൻഡയാണന്നു നിതീഷ് കുമാർ.അടുത്ത വർഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനായി പ്രധാന വിഷയമായി ഉയർത്തിക്കാട്ടുന്നത് വികസനമാണെന്ന് എൻഡിഎ ഘടക കക്ഷി നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ അറിയിച്ചു. അമിത് ഷായ്ക്കും രാംവിലാസ് പാസ്വാനുമൊപ്പം ബിഹാറിൽ സീറ്റ് വിഭജന പ്രഖ്യാപനം നടത്തിയ ശേഷമായിരുന്നു നിതീഷ് കുമാറിന്റെ പ്രതികരണം. നേരത്തെ രാംവിലാസ് പാസ്വാന്റെ എൽജെപിയും സമാനമായ പ്രസ്താവന നടത്തിയിരുന്നു.

രാമക്ഷേത്ര വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉയർത്തിക്കാട്ടാനുള്ള ബിജെപി ശ്രമങ്ങൾക്ക് തിരിച്ചടിയാണ് ഘടകകക്ഷികളുടെ ഈ നിലപാട്. രാമക്ഷേത്ര തർക്കത്തിൽ കോടതിയിലാണ് അഭിപ്രായ സമന്വയമുണ്ടാക്കേണ്ടത്. സംസ്ഥാനത്ത് വികസനമാണ് പ്രധാന തിരഞ്ഞെടുപ്പ് അജണ്ടയെന്നും നിതീഷ് പറഞ്ഞു.

ബിഹാറിൽ ബിജെപിയും ജെഡിയുവും 17 വീതം സീറ്റുകളിലും എൽജെപി ആറ് സീറ്റിലും മത്സരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അമിത് ഷായും നിതീഷ് കുമാറും പാസ്വാനും ചേർന്നാണ് സീറ്റ് വിഭജന പ്രഖ്യാപനം നടത്തിയത്. കേന്ദ്ര മന്ത്രിയായ പാസ്വാനെ രാജ്യസഭാ സ്ഥാനാർത്ഥിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ എൻഡിഎയിലെ സഖ്യകക്ഷിയായ ആർഎൽഎസ്‌പി സീറ്റ് തർക്കത്തെ തുടർന്ന് മുന്നണി വിട്ടിരുന്നു.

രാമക്ഷേത്രം ബിജെപിയുടെ മാത്രം അജൻഡയാണെന്നും എൻഡിഎയുടേത് അല്ലെന്നും ലോക് ജനശക്തി നേതാവ് ചിരാഗ് പാസ്വാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ക്ഷേത്ര വിഷയങ്ങൾക്കു കൂടുതൽ പ്രധാന്യം നൽകുമ്പോൾ സർക്കാർ ജനങ്ങളുടെ യഥാർഥ പ്രശ്‌നങ്ങളിൽനിന്ന് അകന്നുപോകുകയാണെന്നും വികസനമാണ് എൻഡിയുടെ പ്രധാന അജൻഡയെന്നും അദ്ദേഹം വ്യക്തമാക്കി.