- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഥകളിയിൽ നിന്നും സിനിമയിലെത്തി; അവിടെ നിന്നും സീരിയലിലേക്കും; മഞ്ചേരിക്കാരി ദേവിക നമ്പ്യാർ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട ബാലാമണിയായ കഥ
മഞ്ചേരിയിലെ ഒരു ഗ്രാമത്തിൽ നിന്നെത്തിയ ദേവികാ നമ്പ്യാർ ഇപ്പോൾ ബാലാമണിയാണ്. കുടുംബപ്രേക്ഷകരുടെ സ്വന്തം ബാലാമണി. ദേവികയെ ബാലാമണിയിൽ നിന്ന് അടർത്തി മാറ്റാൻ സാധിക്കാത്ത വിധം കുടുംബ സദസുകൾ ബാലാമണിയെ സ്വന്തം നെഞ്ചോടേറ്റി കഴിഞ്ഞു. അരങ്ങിൽ കൃഷ്ണനായും അർജുനനായും ആടിത്തിമിർക്കുന്ന ദേവികയ്ക്ക് കഥകളി കഴിഞ്ഞേ മറ്റെന്തുമുള്ളൂ. സിനിമയിൽ
മഞ്ചേരിയിലെ ഒരു ഗ്രാമത്തിൽ നിന്നെത്തിയ ദേവികാ നമ്പ്യാർ ഇപ്പോൾ ബാലാമണിയാണ്. കുടുംബപ്രേക്ഷകരുടെ സ്വന്തം ബാലാമണി. ദേവികയെ ബാലാമണിയിൽ നിന്ന് അടർത്തി മാറ്റാൻ സാധിക്കാത്ത വിധം കുടുംബ സദസുകൾ ബാലാമണിയെ സ്വന്തം നെഞ്ചോടേറ്റി കഴിഞ്ഞു. അരങ്ങിൽ കൃഷ്ണനായും അർജുനനായും ആടിത്തിമിർക്കുന്ന ദേവികയ്ക്ക് കഥകളി കഴിഞ്ഞേ മറ്റെന്തുമുള്ളൂ.
സിനിമയിൽ അഭിനയിക്കണമെന്ന മോഹവുമായി എത്തിയ ദേവിക പക്ഷേ കൂടുതൽ പ്രശസ്തയായത് കുടുംബപ്രേക്ഷകർക്കിടയിലാണ്. മുമ്പ് മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത പരിണയത്തിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ദേവികയെ വീട്ടമ്മമാരുടെ സ്വന്തം ബാലാമണിയാക്കിയത് ബാലാമണി എന്ന സീരിയലാണ്.
കഥകളി പഠനം ഇപ്പോഴും തുടരുന്ന ദേവിക ഇടവേളകളിൽ കിട്ടുന്ന അരങ്ങ് അവസരങ്ങൾ കൈവിട്ടു കളയാറില്ല. അവിടെ മിനിസ്‌ക്രീനിലെ മിന്നും താരമല്ല. കൃഷ്ണനും അർജുനനും ഉഷയുമൊക്കെയായി ദേവിക നിറഞ്ഞാടുന്നു. മഞ്ചേരിയിൽ നിന്ന് ദേവിക നമ്പ്യാർ ക്യാമറയ്ക്ക് മുന്നിലേക്കെത്തിയ കഥ ദേവിക വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ വിവരിച്ചു. ദേവിക ബാലാമണിയായ ആ കഥ കേൾക്കാം.
- കഥകളിയിൽ നിന്ന് സിനിമയിലേക്ക് മനസ്സ് തിരിഞ്ഞത് എപ്പോഴാണ്?
മഞ്ചേരി ടൗണിലെ എൻഎസ്എസ് സ്‌ക്കൂളിലാണ് ഞാൻ പത്താം ക്ലാസ് വരെ പഠിച്ചത്. നാലാം ക്ലാസ് മുതൽ കഥകളി പഠിക്കുന്നു. കലാമണ്ഡലം മനോജാണ് ഗുരു. സ്‌ക്കൂളിൽ എല്ലാ കലാമത്സരങ്ങൾക്കും പങ്കെടുക്കും. ഞാൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നത് അഞ്ചാം ക്ലാസിലാണ്. ഞങ്ങളുടെ വീടിനടുത്ത് ഒരു ഇല്ലത്ത് കുഞ്ചാക്കോ ബോബൻ നായകനായ ഈ സ്‌നേഹതീരത്ത് എന്ന സിനിമയുടെ ഷൂട്ടിങ് ഉണ്ടായിരുന്നു. ചാക്കോച്ചന്റെ കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കാനുള്ള ചാൻസ് കിട്ടുമോന്ന് നോക്കാനാണ് ഞാനും ചേച്ചിമാരും കൂടെ പോയത്.
അവിടെ ചെന്നപ്പോൾ കുറച്ച് കുട്ടികൾ കരയുന്ന രംഗമാണ് ചിത്രീകരിക്കുന്നത്. ആ കൂട്ടത്തിൽ എന്നെയും ഉൾപ്പെടുത്തി. പക്ഷേ സിനിമ വന്നപ്പോൾ ഞാൻ കരഞ്ഞു തകർത്ത ആ രംഗം കാണാനില്ല. വലിയ സങ്കടമായി. എന്നെങ്കിലും ഞാൻ സിനിമയിൽ അഭിനയിക്കും. അങ്ങനെ വളർന്നു തുടങ്ങിയ മോഹമാണ് അഭിനയം. മലബാറിൽ ഹോം സിനിമ വലിയ സംഭവമാണ്. ഒമ്പതിൽ പഠിക്കുമ്പോഴാണ് സലാം കൊടിയത്തൂരിന്റെ കുടുംബ കലഹം നൂറാം ദിവസം എന്ന ഹോം സിനിമയിൽ അഭിനയിക്കുന്നത്. അതിലെ റസിയ എന്ന കഥാപാത്രം ഹിറ്റായി.
പത്താംക്ലാസ് കഴിഞ്ഞപ്പോൾ പിന്നെ പഠനത്തിൽ ശ്രദ്ധിക്കാൻ തീരുമാനിച്ചു. തമിഴ്‌നാട്ടിൽ പഠിച്ചാൽ അവിടെ മെറിറ്റിൽ മെഡിക്കൽ പ്രവേശനത്തിനു വലിയ ബുദ്ധിമിട്ടില്ല. അങ്ങനെ ഗൂഡല്ലൂർ മോണിങ്ങ് സ്റ്റാർ സ്‌ക്കൂളിൽ ചേർന്നു. കഷ്ടകാലത്തിനു ഞാൻ പാസായ വർഷം അവിടെ പുതിയ നിയമം വന്നു. കുറഞ്ഞത് അഞ്ചുകൊല്ലമെങ്കിലും തമിഴ്‌നാട്ടിൽ പഠിച്ചവർക്കേ മെറിറ്റിലുള്ള മെഡിക്കൽ പ്രവേശനം നടക്കൂ. പിന്നെ നാട്ടിൽ വന്ന് എൻട്രൻസ് പഠനം തുടങ്ങിയപ്പോഴാണ് കളഭമഴ എന്ന ആദ്യ സിനിമയിലേക്കുള്ള അവസരം കിട്ടിയത്. മൂന്നുവർഷമെടുത്തു സിനിമ പൂർത്തിയാകാൻ. എന്റെ അഭിനയക്കളരിയായിരുന്നു ആ സിനിമ.
സംവിധായകൻ സുകുമേനോനും തിലകനുമാണ് എനിക്ക് ബാലപാഠങ്ങൾ പറഞ്ഞു തന്നത്. ഡയലോഗ് പറയുമ്പോഴുള്ള ശബ്ദവ്യതിയാനം വരുത്തേണ്ടത് എങ്ങനെയെന്ന് പഠിപ്പിച്ചത് തിലകൻ സാറാണ്. ആ മഹാനടനൊപ്പമായിരുന്നു എന്റെ ആദ്യ സിനിമ എന്നത് ജീവിതത്തിലെ വലിയൊരു ഭാഗ്യമാണ്. പിന്നെ മൂന്നു സിനിമകൾ ചെയ്തു. ടുലെറ്റ് അമ്പാടി ടാക്കീസ്, വസന്തത്തിന്റെ കനൽവഴികൾ, പറയാൻ ബാക്കി വച്ചത്.
- സിനിമയിൽ അവസരം കുറഞ്ഞപ്പോഴാണോ സീരിയലിലേക്കു തിരിഞ്ഞത്?
സിനിമ തന്നെയായിരുന്നു പ്രധാന മോഹം. മഴവിൽ മനോരമയിൽ എഎം നസീർ സംവിധാനം ചെയ്ത പരിണയം എന്ന സീരിയലിലൂടെയാണ് മിനി സ്‌ക്രീനിലേക്ക് വരുന്നത്. അതിൽ ഊമയായ പെൺകുട്ടിയായിരുന്നു എന്റെ കഥാപാത്രം. ഗുരുവായൂരപ്പന്റെ ഭക്തയാണ് ഞാൻ. എല്ലാ മാസവും തൊഴാൻ പോകും. ഒരു ദിവസം ദർശനത്തിനു ക്യൂ നിൽക്കുകയാണ്. ഞാൻ അമ്മയോട് എന്തൊക്കെയോ വർത്തമാനം പറയുന്നു. പുറകിൽ നിന്ന മുത്തശ്ശി മകളോട് അത്ഭുതത്തോടെ പറയുന്നത് കേട്ട് ഞാൻ തിരിഞ്ഞു നോക്കി.
ദേ മോളേ ഊമ സംസാരിക്കുന്നു. മുത്തശ്ശിക്ക് സ്‌ക്രീനിലെ ഊമ പെൺകുട്ടിയെ അത്രയ്ക്ക് ഇഷ്ടമായിരിക്കുന്നു. എന്റെ കൈപിടിച്ച് കുറെ നേരം സംസാരിച്ചു. കുറച്ചു നല്ല കഥാപാത്രങ്ങൾ സിനിമയിൽ ചെയ്യണമെന്ന് മോഹമുണ്ട്. പക്ഷേ ഞാൻ ആഗ്രഹിച്ചതിലും കൂടുതൽ സ്‌നേഹവും അംഗീകാരവും തന്നത് സീരിയലാണ്.
- അഭിനയിക്കുന്നതിനേക്കാൾ എളുപ്പമാണോ അവതാരയാകുന്നത്?
മഴവിൽ മനോരമയിൽ കോമഡി ഫെസ്റ്റിവലിലാണ് ആദ്യം അവതാരകയായത്. ഇപ്പോൾ സിനിമ ചിരിമ എന്ന പ്രോഗ്രാമിൽ അവതാരകയാണ്. അഭിനയത്തേക്കാൾ ടെൻഷൻ ഉള്ള ജോലിയാണത്. കലോത്സവവേദികൾ മുതൽ സ്റ്റേജിൽ കയറുന്നതാണെങ്കിലും ഇപ്പോഴും എനിക്ക് സ്റ്റേജ് കണ്ടാൽ പേടിയാണ്. ആദ്യത്തെ രണ്ടു മിനിട്ട് കഴിയുന്നതുവരെ ടെൻഷനാണ്. അവതാരകയായപ്പോഴും പ്രധാന പ്രശ്‌നം അതു തന്നെ. കോമഡി ഫെസ്റ്റിവലിൽ സുരാജ് വെഞ്ഞാറമൂട് അതിഥിയായി വന്നപ്പോൾ എനിക്കൊരു ഉഗ്രൻ പണികിട്ടി. പശു പ്രമേയമായ സ്‌കിറ്റായിരുന്നു അന്ന് ഉണ്ടായിരുന്നത്. നീയും പശുവും തമ്മിൽ ഒരു വ്യത്യാസമേയുള്ളൂ, പശു ലിപ്സ്റ്റിക് ഇട്ടിട്ടില്ല. എന്നായിരുന്നു സുരാജേട്ടന്റെ ആദ്യഡയലോഗ്.
എന്റെ നാടിനെക്കുറിച്ച് ചോദിച്ചപ്പോൾ ഞാനങ്ങ് വാചാലനായി. ഞങ്ങൾക്ക് അവിടെ കൃഷിയൊക്കെയുണ്ട്. വീട്ടിൽ രണ്ടു മൂന്ന് പശുക്കളുണ്ട്. കുളത്തിൽ കുളിക്കാൻ പോകുന്ന വഴിക്കാണ് തൊഴുത്ത്. പശു മൂത്രമൊഴിക്കുന്നത് കാണാൻ വലിയ ഇഷ്ടമാണ്. ഞങ്ങൾ കുട്ടികളൊക്കെ അത് നോക്കി നിൽക്കാറുണ്ടായിരുന്നു എന്നു പറഞ്ഞതും എല്ലാവരും ചിരി തുടങ്ങി. അത് ടെലികാസ്റ്റ് ചെയ്തു കഴിഞ്ഞപ്പോൾ യൂട്യൂബിൽ വീഡിയോ വൈറലായി. പിന്നെ ചോദ്യം അങ്ങനെയായി പശുവിനെ ഇഷ്ടമാണെന്നു പറഞ്ഞ കുട്ടിയല്ലേ. പിന്നെ, പറഞ്ഞു പിരിയാൻ നേരം അമ്മമാർ ചെറുചിരിയോടെ പറയും. പശു മൂത്രമൊഴിക്കുന്നത് കാണാൻ ഇഷ്ടമാണെന്ന് പറഞ്ഞതൊക്കെ ഞങ്ങൾ കണ്ടു കേട്ടോ. അങ്ങനെ ഒരു നിമിഷത്തെ വെള്ളി പിന്നെ, കുറെക്കാലത്തേക്ക് വെള്ളിടിയായി കൂടെ ഉണ്ടായിരുന്നു.
- പഠനം എവിടെ വരെയെത്തി?
ഡോക്ടർ മോഹം പാതിവഴിയിൽ മുടങ്ങി. പിന്നെ പഠനം പാളരുതെന്ന തോന്നലായിരുന്നു പ്രധാനം. ഈ വർഷം ബിഎസ്‌സി കൗൺസലിങ് സൈക്കോളജി ബിരുദം പാസായി. ഇപ്പോൾ അതിന്റെ ഡിപ്ലോമ കോഴ്‌സ് ചെയ്യുന്നുണ്ട്. അടുത്ത വർഷം പിജി ചെയ്യണം. കൗൺസിലിങ് എനിക്ക് ഇഷ്ടമുള്ള ജോലിയാണ്. കല്യാണാലോചനകൾ നടക്കുന്നുണ്ട്. വിവാഹത്തിനു ശേഷമായാലും പഠനം തുടരും വെറുതെ വീട്ടിലിരിക്കാൻ എനിക്കിഷ്ടമല്ല.
- അഭിനയം അല്ലാതെയുള്ള ഇഷ്ടങ്ങൾ?
പാചകം ഒരുപാടിഷ്ടമാണ്. ഞങ്ങൾ വെജിറ്റേറിയനാണ്. +1നു പഠിക്കുമ്പോൾ തന്നെ അമ്മ പാചകമൊക്കെ പഠിപ്പിച്ചു. ഓണത്തിനൊക്കെ വീട്ടിൽ സദ്യ ഉണ്ടാക്കാനുള്ള അവകാശം എനിക്കാണ്. പായസത്തിലാണ് എന്റെ സ്‌പെഷ്യലൈസേഷൻ.
- സീരിയലിൽ ദേവികയുടെ കോസ്റ്റ്യൂംസിനു നല്ല അഭിപ്രായമുണ്ടല്ലോ?
എനിക്കു വേണ്ടി ആഭരണങ്ങൾ കളക്റ്റ് ചെയ്യുന്നതും കഥാപാത്രത്തിനു ചേരുന്ന വസ്ത്രങ്ങൾ തിരഞ്ഞെടുത്തു തരുന്നതും എല്ലാം അമ്മ രാധികയാണ്. അമ്മയ്ക്ക് അതിലൊരു ടേസ്റ്റുണ്ട്. മുത്തശ്ശിയുടെ സഹോദരിയാണ് പഴയകാല നടി കുമാരി തങ്കം. അതുപോലെ ഞാനും അഭിനയത്തിന്റെ വഴിയിലേക്ക് വരണമെന്നത് അമ്മയുടെ ആഗ്രഹമായിരുന്നു. അച്ഛൻ ശ്രീധരൻ നമ്പ്യാർ സ്‌ക്കൂൾ മാനേജരാണ്. തലശ്ശേരിയിലെ നമ്പ്യാർ സ്‌ക്കൂൾ നടത്തുന്നത് അച്ഛനും അമ്മാവന്മാരും കൂടിയാണ്.