സുധീരന്റെയും ഉമ്മൻ ചാണ്ടിയുടെയും ഈഗോയും കിടമൽസരവും ഒരുകണക്കിന് കേരളത്തിലെ മദ്യപർക്ക് ഗുണകരമാവുകയാണ്. അൽപ്പം ശ്രദ്ധിച്ചാൽ തങ്ങളുടെ ജീവിതം ദുരിതമാക്കിയ മൂന്നുമാരണങ്ങളെ സർക്കാർ, ബാറുകാർ, മാഫിയകൾ, അവർക്ക് ഒറ്റയടിക്ക് നശിപ്പിക്കാൻ അവസരം വന്നിരിക്കയാണ്. നമുക്കുവേണ്ട മദ്യം നാം തന്നെ വാറ്റിക്കുടിച്ചാൽ എന്താണ് കുഴപ്പം. പക്ഷേ അതിനുള്ള പോരാട്ടത്തിന് ആര് നേതൃത്വം കൊടുക്കുമെന്നാണ് ചോദ്യം.

ഇതാ കേരളാ പെരിസ്‌ട്രോയ്ക്ക

സോവിയറ്റ് യൂണിയനിൽ പ്രതിവിപ്‌ളവും കമ്യൂണിസ്റ്റ് സർക്കാറിന്റെ പതനത്തിനും ഇടയാക്കിയതിന,് ഗ്‌ളാസ്‌നോസ്തും പെരിസ്‌ട്രോയിക്കയുമടക്കമുള്ള ഗോർബച്ചേവിന്റെ പരിപാടികൾക്കൊപ്പം മറ്റൊരു വിഷയവുമുണ്ടായിരുന്നെന്ന് പിൽക്കാലത്ത് അതേക്കുറിച്ച് പഠിച്ച സാമൂഹിക ശാസ്ത്രജ്ഞരെല്ലാം എടുത്തുപറയുന്നുണ്ട്. റഷ്യാക്കാരുടെ 'ദേശീയ പാനീയമായ' വോഡ്ക്ക് വിലകൂട്ടിയതും ലഭ്യത കുറച്ചതുമാണ് ആ 'ജനകീയ പ്രശ്‌നം'. മദ്യത്തിന് റേഷനുണ്ടാവുവെന്നുപോലും വാർത്തകൾ വന്നതോടെ സ്ത്രീകളടക്കമുള്ള ജനം തെരുവിലിറങ്ങി. ആളുന്ന സോവിയറ്റ് വരുദ്ധതക്ക് എണ്ണ പകരാൻ മറ്റ് നിവരധി കാരണങ്ങൾക്കൊപ്പം ഇതും ഇടയാക്കി. പ്രതിവിപ്‌ളവാനന്തരം വന്ന ആദ്യ സർക്കാറാകട്ടെ വോഡ്ക്കക്ക് വിലകുറച്ചും ലഭ്യത വർധിപ്പിച്ചും, ഗോർബച്ചേവിനെ ഇളിഭ്യനാക്കി. ചരിത്രം പ്രഹസനമായിക്കൂടി ആവത്തിക്കുമെന്ന് മാർക്‌സ് എഴുതിയത് എത്ര ശരിയാണ്. ഇന്ന് ഗോർബിച്ചേവിന്റെ അതേപേരിൽ റഷ്യയിൽ വോഡ്ക്ക വിപണിയിലുണ്ട്. വിലകുറഞ്ഞതും വീര്യംകൂടിയതുംമായ നല്ല ഒന്നാന്തരം ജനകീയ ബ്രാൻഡ്!

കേരളത്തിൽ എ.കെ ആന്റണി സർക്കാർ ചാരായം നിരോധിച്ചപ്പോൾ കോഴിക്കോട് ചെലവൂരിനടുത്ത് 'അന്തോണി ബ്രാൻഡ'് എന്നപേരിൽ അതി പ്രശസ്തമായൊരു വ്യാജമദ്യം ഇറങ്ങിയതായി ഓർക്കുന്നു. മധ്യകേരളത്തിലൊരിടത്ത് പൂട്ടിയ ഒരു ബാർ, സുധീരൻ തട്ടുകടയായ വാർത്ത ഈയിടെയും കണ്ടു. ചരിത്രം ആവർത്തിക്കയാണെങ്കിൽ നമുക്ക് ബ്രാൻഡ് സുധീരനെന്നപേരിൽ വ്യാജൻ ഇറങ്ങുന്നത് കാണാം. പക്ഷേ അത് ബാറുകാരിൽനിന്നും ഭരണകൂടത്തിൽനിന്നും മാഫിയകളിൽനിന്നും ഒരുപോലുള്ള മോചനമാക്കി മാറ്റാൻ നമുക്ക് കഴിയുമോ?

അവർ മദ്യപരേയും മാഫിയകളെയും നേരിട്ടവിധം

പുരോഗമന ചിന്തകരും വിവിധ മനുഷ്യാവകാശ സംഘടനകളും മികച്ച ഭരണകൂടങ്ങൾ എന്ന് പറയുന്നത് ലിബറൽ രാജ്യങ്ങളെയാണ്. അതായത് ഭരണകൂടം പൗരാവകാശങ്ങളിൽ ഇടപെടാതിരിക്കയും വ്യക്തി സ്വാതന്ത്ര്യം ഉറപ്പുവരുത്തുകയും ചെയ്യുന്ന രാജ്യങ്ങളിലാണ് ആധുനിക കാഴ്ചപ്പാടിൽ സംസ്‌ക്കാരമുള്ള ഭരണകൂടങ്ങൾ ഉള്ളത്. അമേരിക്കയും ബ്രിട്ടനും ഫ്രാൻസും അടക്കമുള്ള വികസിത മുതലാളിത്ത രാജ്യങ്ങൾ ഈ സൂചിക പ്രകാരം ആദ്യ പത്തിൽപോലും പെടില്ല. സ്‌കാൻഡനേവിയൻ രാജ്യങ്ങളായ ഡെന്മാർക്ക്, നോർവേ, സ്വീഡൻ എന്നിവയാണ് ഈ പട്ടികയിൽ മുൻപന്തിയിൽ. അവിടങ്ങളിൽ അതാവശ്യഘട്ടങ്ങളിൽ മാത്രമേ കോടതിയും പൊലീസുമൊക്കെ (ഇന്ത്യൻ കമ്യൂണിസ്റ്റുകാരുടെ ഭാഷയിൽ പറഞ്ഞാൽ ഭരണകൂടത്തിന്റെ മർദനോപാദികൾ) ജനങ്ങൾക്കുമേൽ ഇടപടൂ. അതായത് ഒരു ചെറിയ വാഹനാപകടമോ, നമ്മുടെ നാട്ടിലെ വേലിത്തർക്കങ്ങളെപ്പോലുള്ള കശപിശകളോ ഉണ്ടായെന്ന് വെക്കുക. രണ്ടു പാർട്ടികളും തമ്മിൽ പറഞ്ഞ് പരിഹരിക്കുന്നതുവരെ, പൊലീസ് കാത്തിരക്കയാണ് ചെയ്യുക. അല്ലാതെ ഉടനടി പെറ്റിയടിക്കയല്ല. വാഹനവുമായത്തെി നിങ്ങൾ മദ്യപിച്ചുപോയാലൊ. നിങ്ങൾക്ക് ഉടനെ പൊലീസിനെ വിളിക്കാം. പൊലീസ് അവരുകെ വണ്ടിയിൽ സുരക്ഷിതരായി നിങ്ങളെ വീട്ടിലത്തെിക്കും! ചില രാജ്യങ്ങളൊക്കെ ഇന്ധന ചാർജായി ചെറിയ തുക ഇതിന് ഈടാക്കുന്നുണ്ട്. പിറ്റേന്ന് കെട്ടുവിട്ടു കണ്ണുതുറക്കുമ്പോൾ നിങ്ങൾക്ക് മെയിലിൽ കിട്ടുക കോടതിയിൽ ഹാജരാവാനുള്ള നോട്ടീസല്ല. മദ്യപിച്ചു ലക്കുകെട്ട നിങ്ങളുടെ ചേഷ്ടകൾ കാമറകൾ ഒപ്പിയെടുത്തതാണ്. തീർത്തും കോൺഫിഡൻഷ്യലായി എടുത്ത ഇത്തരം ചിത്രങ്ങൾ അയച്ചുതരും പടി പൊലീസ് അത് നശിപ്പിക്കയും ചെയ്യും. അതുകണ്ടിട്ട് എത്രയോ മദ്യപാനികൾക്ക് മാനസാന്തരം വന്നിട്ടുണ്ടത്രേ. ( അല്ലാതെ അളിഞ്ഞ ഉപദേശങ്ങും പ്രഭാഷണങ്ങൾകേട്ടം ആരും കുടിനിർത്തിയ ചരിത്രമില്ല)



നമ്മുടെ നാട്ടിൽ സങ്കൽപ്പിക്കാൻ കഴിയുമോ ഇത്. അവിടെ ജനങ്ങളുടെ സംരക്ഷകരാണ് പൊലീസ്. പൗരന്റെ ജീവിതം സുരക്ഷിതമാക്കാൻ അവരുടെ നികുതി വാങ്ങുന്ന സർക്കാർവച്ച പൊലീസാണിത്.പച്ചമലയാളത്തിൽ പറഞ്ഞാൽ ജനം ചെല്ലിനും ചെലവിനും കൊടുത്തുവളർത്തുന്ന സംഘം. അവർ ഈ പ്രബുദ്ധരായ കേരളീയരോട് എന്താണ് ചെയ്യുന്നത്. ബാറിൽ നിന്ന് വണ്ടികൾ വരുന്നതും കാത്ത് ഊത്തുയന്ത്രവുമായി ഇടവഴികളിൽ പതുങ്ങിനിന്ന് നമ്മെ കെണിവച്ച് പിടിക്കുന്നു. ആളുകളുടെ ഇടയിലിട്ട് അപമാനിക്കുന്നു. പൊലീസ് സ്റ്റേഷൻ ലോകപ്പിൽ കൊതുകാക്രമണത്തിന് വിട്ടുകൊടുത്ത്, നല്‌ളൊരു രാത്രിയെ കാളരാത്രിയാക്കുന്നു. ഇത്രയും അപമാനിതനായതോടെ നിങ്ങളിൽ വീണ്ടും നിയമലംഘിക്കണമെന്ന ത്വരയാണ് ഉണരുക. എങ്ങനെ മദ്യപാനം ഒഴിവാക്കണം എന്നല്ല, രണ്ടെണ്ണമടിച്ചും പൊലീസ് പിടിക്കാതെ എങ്ങനെ വണ്ടിയോടിക്കാമെന്നാണ് പിന്നീടയാൾ ഗവേഷണം നടത്തുന്നത്.( പണ്ടൊരാൾ കുടി നിർത്താനായി യോഗ പഠിക്കാൻപോയി. പിന്നീട് എന്തൊക്കെ പഠിച്ചുവെന്ന് ചോദിച്ച സുഹൃത്തിനോട് അയാൾ പറഞ്ഞത് ' അങ്ങനെ തലകീഴായിനിന്ന് മദ്യപിക്കാനും പഠിച്ചു' !)[BLURB#1-H]

ഇതേ രീതിയിലാണ് അവർ മയക്കുമരുന്ന് മാഫിയയെയും നേരിട്ടത്. ഡ്രഗ് അടിമകൾക്ക് സർക്കാർ വാഹനത്തിൽ ഡോക്ടർമാർ അവരുടെ വീട്ടിലത്തെി കുത്തിവച്ചുതരും! അല്ലാതെ മയക്കുമരുന്നിനായി നിങ്ങൾ മാഫിയകളുടെ അടുത്തുപോകരുത്. സർക്കാർതന്നെ മയക്കുമരുന്ന് നൽകുമ്പോൾ ലഹരിമാഫിയ എങ്ങനെയാണ് വേരുപിടിക്കുക. ചില രാജ്യങ്ങളൊക്കെ ഒരുപടികൂടി കടന്ന് പൊതുവിപണിയിൽ മയക്കുമരുന്നിനുള്ള നിരോധനം എടുത്തുകളഞ്ഞു. അതായത് ഹാഷിസും കൊക്കെയിനും മരിജുവാനയുമെല്ലാം നിങ്ങൾക്ക് കടകളിൽനിന്ന് വാങ്ങിക്കാം! അതോടെ മാഫിയ തകർന്നു തരിപ്പണമായി. അത്ഭുദം അവിടെയല്ല. വി എം സുധീരനപ്പൊലത്തെ, 'ആദർശവാദികൾ' പഠിക്കേണ്ടത് ഇനി പറയുന്നതാണ്. പൊതുവിപണിയിൽ കിട്ടാൻ തുടങ്ങിയതോടെ ഹോളണ്ട് അടക്കമുള്ള രാജ്യങ്ങളിൽ മയക്കമരുന്നിന്റെ ഉപയോഗം കുത്തനെ ഇടിഞ്ഞു! അതുവഴിയുണ്ടാകുന്ന കുറ്റകൃത്യങ്ങും ഗണ്യമായി കുറഞ്ഞു. ( മയക്കുമരുന്ന് കടത്തലിന് തലവെട്ടൽ അടക്കമുള്ള കടുത്ത ശിക്ഷകളുള്ള രാജ്യങ്ങളിലാവട്ടെ ഡ്രഗ്‌സിന്റെ ഉപയോഗം എത്രയോ കൂടുതലാണു താനും.)

വികിസിത രാജ്യങ്ങളിലെ രീതികൾ അതേപടി പകർത്താൻ മൂന്നാലോകരാജ്യങ്ങൾക്കാവില്ല. അത് നെഗറ്റീവായ ഫലമായിരിക്കും ഉണ്ടാക്കുകയും. പക്ഷേ കിട്ടാത്തത് തേടിപ്പിടിക്കാനുള്ള മനുഷ്യന്റെ ജനിതകപരമായ അഭിവാഞ്ജ( സിഗ്മണ്ട് ഫ്രോയിഡ് തൊട്ടുള്ള സകല മനഃശാസ്ത്രജ്ഞരും ഇത് കൃത്യമായി വ്യാഖ്യാനിച്ചിട്ടുണ്ട്) അത് ലോകത്തെല്ലായിടത്തും ഒരു പോലെയാണ്. നിരോധനം എന്ന പൊട്ടത്തരംകൊണ്ട് ഇല്ലാക്കാൻ കഴിയുന്നതല്ല അത്. അതായത് തുറന്ന ബാറുകളേക്കാൾ നമുക്ക് പ്രശ്‌നമാവുക അടഞ്ഞ ബാറുകളായിരിക്കും. വളരെ ആലോചിപ്പെടുക്കേണ്ട ഒരു തീരുമാനം തുണ്ടുകടലാസിൽ എഴുതി വായിച്ച മുഖ്യമന്ത്രി നാളെ നമ്മുടെ നാട്ടിൽ മദ്യമാഫിയയെ എങ്ങനെ നേരിടാമെന്ന് ചിന്തിച്ചിട്ടുണ്ടോ? ലോകത്തിലെ ആദ്യത്തെ അധോലോക നായകനായ അമേരിക്കയിലെ ലക്കി ലൂസിയനോയും, കപ്പോണും തൊട്ട് നമ്മുടെ മുംബൈയിലെ ഹാജി മസ്താനും വരദരാജമുതലിയാറും വളർന്നത് മദ്യ നിരോധനത്തിന്റെ ഗുണഫലങ്ങൾ മുതലെടുത്താണെന്നത് മറക്കരുത്. മസ്താന്വേണ്ടി ചാരായം കടത്താൻ വന്ന രത്‌നഗിരിയിലെ ഒരു പൊലീസുകാരന്റെ മകൻ ദാവൂദ് കസ്‌ക്കർ ഇബ്രാഹീമെന്ന വിശ്വരൂപത്തിലേക്ക് വളർന്നതും.

ഭരണകൂടവും മദ്യവും

അൽപ്പം കടന്ന ഉപമയാണ്. എങ്കിലും എഴുതാതെ വയ്യ. ഉപ്പിന് ബ്രിട്ടീഷുകാർ നികുതി കൂട്ടിയപ്പോൾ ഗാന്ധിജിയെന്താണ് ചെയ്തത്. സ്വന്തമായി ഉപ്പുകുറക്കിയുണ്ടാക്കി, അതിനെ വലിയൊരു സഹന സമരമാക്കി വളർത്തി ബ്രിട്ടീഷ് സാമ്രാജ്വത്തെ ഞെട്ടിച്ചു. ഇന്ന് 'ചുവന്നവെള്ളത്തിൽനിന്നുള്ള' വരുമാനം നഷ്ടമാവുമെന്ന് കരുതി കുടിവെള്ളത്തിന് നികുതി കുത്തനെ ഉയർത്തിയിരിക്കയാണ് സർക്കാർ. നികുതി പിരിക്കാൻ വരുന്നവനെ തെരുവിൽ തടയുമെന്ന പ്രതിപക്ഷ പ്രഖ്യാപനവും വന്നതോടെ ഇതൊരു രാഷ്ട്രീയ പ്രശ്‌നമായി വളരുന്നു. (പ്രതിപക്ഷം പക്ഷേ മദ്യത്തിനും കുത്തനെ നികുതി ഉയർത്തിയകാര്യം മിണ്ടുന്നില്ല.) പക്ഷേ ഇവിടെ ഗാന്ധിജി കാണിച്ച മാതൃകയെന്താണ്. പ്രകൃതി നമുക്ക് വെറുതെ തരുന്ന വിഭവങ്ങൾക്ക് നികുതി ചുമത്താനാവില്‌ളെന്നും അങ്ങനെയാണെിൽ ജനം അവ സർക്കാർ സഹായമില്ലാതെ നിർമ്മിക്കണമെന്നുമായിരുന്നു ഗാന്ധിജിയുടെ വാദം.അപ്പോൾ പൈപ്പുവെള്ളം ഒഴിവാക്കി, കിണറിലെവെള്ളം എങ്ങനെ വർധിപ്പിക്കാമെന്നും, കേരളത്തിലെ ഓരോ പൗരനും സർക്കാറിനെ ആശ്രയിക്കാതെ എങ്ങനെ കുടിവെള്ളം എത്തിച്ചുകൊടുക്കാമെന്നുമാണ് സിപിഐ(എം) ബുദ്ധിജീവികൾ ചിന്തിക്കേണ്ടത്. അതിന് ഗ്രാമസഭകൾക്കും കുടുംബശ്രീകൾക്കും തദ്ദേശസ്ഥാപനങ്ങൾക്കും എന്തുചെയ്യാനാവും. അങ്ങനെ പൈപ്പ് കണക്ഷൻ ബഹിഷ്‌ക്കരിച്ചുകൊണ്ടുള്ള, ബദൽ സമരം സിപിഐ(എം) ഉയർത്തിക്കൊണ്ടീവരികയാണെങ്കിൽ അത് ഉപ്പു സത്യാഗ്രഹം പേലെ മഹത്തരമാവില്ലേ. (പക്ഷേ അത്തരം ചിന്തകളൊന്നും ആ പാർട്ടിയിൽ ഉണ്ടാകില്ല. സോളാർ സമരംപോലെ എവിടെയെങ്കിലും കുറെ നേരം രാപ്പകൽ കുത്തിയിരുന്ന് കക്കൂസിൽ പോവാൻ മുട്ടുമ്പോൾ എണീറ്റ് ഓടാനായിരക്കും സഖാക്കളുടെ യോഗം!)

നമ്മുടെ വിഷയം കുടിവെള്ളമല്ല. മദ്യമാണെല്ലോ. അതിലേക്കുതന്നെ വരാം.പ്രകൃതി നമുക്ക് വെറുതെ തരുന്ന വിഭവങ്ങൾക്ക് നികുതി ചുമത്തരുതെന്നായിരുന്നല്ലോ ഗാന്ധിജിയുടെ വാദം. പുളിപ്പിക്കൽ ( ഫെർമിന്റേഷൻ), വാറ്റിയെടുക്കൽ (ഡിസ്റ്റിലേഷൻ ) എന്നീ രാസപ്രക്രിയകൾ വഴി വരുന്ന മദ്യവും പ്രകൃതി തരുന്നത് തന്നെയല്ലേ. പാലിൽനിന്ന് മോരും തൈരുമുണ്ടാക്കുന്നതിന് ആരും 110 ശതമാനം നികുതി ചുമത്താറില്ലല്ലോ. ( വിദേശരാജ്യങ്ങളിലൊരിടത്തും മദ്യത്തിന് ഇത്ര ഭീമമായ നികുതയില്ല. അത്യാഢംഭര കാറുകൾക്കൊക്കെയാണ് അവിടെ നാൽപ്പതുശതമാനമൊക്കെ നികുതി ചുമത്താറ്) മാത്രമല്ല പൗരൻ എന്തു തിന്നണം കുടിക്കണം എന്നത് തീരുമാനിക്കേണ്ടത് ഭരണകൂടമല്ല. ഇവിടെയും കുടുങ്ങുന്നതും സാധാരണക്കാരാണ്. പൊലീസ്‌കാർക്ക് പൊലീസ് ക്‌ളബിലും, പള്ളീലച്ചന്മാർക്ക് കുർബാനവീഞ്ഞിന്റെ ബലത്തിലും, വൻതോക്കുകൾക്ക് ക്‌ളബുകളിലും, പത്രക്കാർക്ക് വിവിധ 'സങ്കേതങ്ങളിലും' പോയികുടിക്കാം. അവരെ എം.എം മണിയുടെ ഭാഷയിൽ പറഞ്ഞാൽ 'ഒരുത്തനം ഒലത്തില്ല'. അതിനാൽ സാധാരണക്കാർ അവർക്കാവശ്യമായ പച്ചക്കറി വീട്ടിൽ നടുന്നതുപോലെ, കുടിവെള്ളത്തിന് കിണർ കഴിക്കുന്നപോലെ, ആവശ്യമെങ്കിൽ മാത്രം മദ്യവും വീട്ടിൽ ഉൽപ്പാദിപ്പിക്കുന്ന ബദൽ സമരമുറ സ്വീകരിച്ചാൽ രമേശ് ചെന്നിത്തലയുടെ ഒരു ആന്റി ഗുണ്ടാ സ്‌ക്വാഡിനും ഒന്നും ചെയ്യാൻ കഴിയില്ല. പ്രായപൂർത്തിയായവരിലെ പകുതിയിലേറെപ്പോർ മദ്യപിക്കുന്ന ഒരു സംസ്ഥാനത്ത് അത്തരക്കാരുടെ വീടുകളിൽ കയറി പരിശോധിക്കുക പ്രായോഗികമാണോ.[BLURB#2-VR] 

മാഫിയകളെ തടയാനും ഇതു ഗുണംചെയ്യും. പാറ്റയും പഴുതാരയും ബാറ്റിയും അടങ്ങിയ തീത്തൈലമായിരക്കും പഴയ ചാരായ നിരോധനക്കാലത്തേതുപോലെ ഇനിയിറങ്ങുക. എന്റെ വീട്ടിലുണ്ടാക്കുന്ന മദ്യത്തിൽ ഞാൻ ഒരിക്കലും പാറ്റയെ പിടിച്ചിടില്ലല്ലോ. പണ്ടു കാലത്ത് കേരളീയ ക്രൈസ്തവഭവനങ്ങളിൽ വീഞ്ഞു നിർമ്മാണവും ഈഴവർക്ക് ഇടയിൽ വാറ്റും നായർ കുടുംബങ്ങളിൽ തെങ്ങിൻകള്ള് ചത്തെുമുണ്ടായിരന്നു. ഇതുകുടിച്ചിട്ട് ആരുടെയെങ്കിലും കണ്ണുപോയതായി കേട്ടിട്ടുണ്ടോ. പിന്നീട് മാഫിയകൾ രംഗത്തിറങ്ങിയപ്പോഴാണ് കേരളത്തിൽ മദ്യ ദുരന്തങ്ങൾ ഉണ്ടാവാൻ തുടങ്ങിയത്.സർക്കാർ മദ്യത്തിന്റെ മൊത്തവിൽപ്പന ഏറ്റെടുത്തതോടെ ആളുകൾ വരിനിന്ന് കഷ്ടപ്പെട്ട് വാങ്ങേണ്ടകാലവുമായി. അതുകൊണ്ടുതന്നെ മദ്യവിൽപ്പനയുടെ ബാധ്യതയിൽനിന്ന് സർക്കാറിനെയും മാഫിയകളെയും ഒഴിവാക്കാനുള്ള സുവർണാവസരവും ഇപ്പോൾ തുറന്നുകിട്ടിയിരക്കയാണ്. അതുപോയെതന്നെയാണ് ബാറുകാരും.

യാതൊരു സഹതാപവും അർഹിക്കാത്ത കള്ളത്തിരുമാലികളാണ്, ഇപ്പോൾ ചാനൽ ചർച്ചകളിൽ അയ്യോപാവം പറയുന്ന മദ്യ മുതലാളിമാർ.കേരളത്തിൽ ഏറ്റവും കൂടുതൽ ഉപഭോകൃതൃ അവകാശ ലംഘനം നടക്കുന്നത് ഇവരുടെ ബാറുകളിലാണ്. ഇവിടെയും പാവങ്ങൾപോവുന്ന ലോക്കൽ ബാറുകളിലാണ് അക്രമം കൂടുതൽ. അളവിലും തൂക്കത്തിലും തൊട്ട് മദ്യത്തിന്റെ നിലവാരത്തിൽവരെ സകലതിലും കൃത്രിമം. പെഗ് അളക്കുന്ന ഗ്‌ളാസുകൾ അരക്കിട്ട് ഒട്ടിച്ച് ചെറുതാക്കിയാണ് അളവിൽ കൃത്രിമം കാട്ടുക.രണ്ടു പെഗ്ഗു കഴിഞ്ഞാൽ മാഹിയിൽനിന്നുള്ള ലോക്കൽ ബ്രാൻഡുകളാണ് പൂശുക. തൊട്ടു നക്കാൻ കൊടുക്കുന്ന അച്ചാറ് കാണണം. ലോകത്തിൽ ഇത്രയും ഒരു വൃത്തികെട്ട ഭക്ഷണം ഉണ്ടാവില്ല.ചർദിലും മൂത്രവും മലവും സ്ഖലനാവശിഷ്ടങ്ങളുമൊക്കെയായി അതിഗംഭീരമാണ് ഇവിടങ്ങളിലെ മൂത്രപ്പുര. പാവം കുടിയന്മാർ ആരോട് പരാതി പറയാൻ.അമേരിക്കൻ പ്രസിഡന്റ് ജിമ്മികാർട്ടർ ഒരിക്കൽപറഞ്ഞതുപോലെ 'ഞാൻ മദ്യപാനികളുടെയും വേശ്യകളുടേയും കൂടി പ്രസിഡന്റാണെന്നും എനിക്ക് അവരുടെ കാര്യവും നോക്കേണ്ടതുണ്ടെന്ന്' പറയാൻ ഉമ്മൻ ചാണ്ടിക്ക് ധൈര്യമുണ്ടാവുമോ? ഈ ബാറുകാരെയും ഒഴിവാക്കാനുള്ള ഒന്നാന്തരം അവസരമാണ് ഇപ്പോൾ വന്നിരിക്കുന്നത്.

നിങ്ങൾക്കും മദ്യം വീട്ടിലുണ്ടാക്കം!

വിദേശരാജ്യങ്ങളിലൊക്കെ വൻതുക ശമ്പളമുള്ള പവന്മാർക്ക് ജോലിയാണ് കോക്ടെയിൽ നിർമ്മാതാവിന്റെത്. ഉണ്ടാക്കുന്നവനും ടേസ്റ്റ്‌ചെയ്യുന്നതും ഒക്കെ നല്ല സാമൂഹിക പദവിയും അംഗീകാവുമുള്ള ജോലികളാണ്. ഓരോ നാടിന്റെയും പേരിലാണ് അവിടുത്തെ സവിശേഷതരം ബിയറുകളും ബ്രാൻഡികളും അറിയപ്പെടുന്നത്. നൂറും അഞ്ചൂറും വർഷമുള്ള മദ്യങ്ങൾ അവിടെ ലക്ഷങ്ങൾക്കാണ് വിറ്റുപോവന്നേത്.( മദ്യത്തിന്റെ വീര്യം പഴക്കമനുസരിച്ച് കൂടുമെന്ന് പറയുന്നതും അശാസ്ത്രീയവും അന്ധവിശ്വാസവുമാണ്. മദ്യം വേദനാസംഹാരിയാണ്, സർഗശേഷി വർധിപ്പിക്കും എന്നതുപോലെ മറ്റൊരു അന്ധ വിശ്വാസം.) സ്‌കോച്ച് വിസ്‌ക്കി തോറ്റുപോവുന്ന നാടൻ മദ്യം നെല്ലിൽനിന്നും പറങ്കിമാങ്ങയിൽനിന്നും വാറ്റിയെടക്കാൻ കഴിയുന്നവർ നമ്മുടെ നാട്ടിൽ പണ്ട് ഉണ്ടായിരുന്നു. ഇന്നാൽ നാം അവരെയാക്കെ വ്യാജ ആദശഭ്രമംമൂലം തല്ലിയോടിച്ചു. ലണ്ടനിലോ, ജർമ്മനിയിലോ എത്തിയിരുന്നെങ്കിൽ അവരിന്ന് കോടീശ്വന്മാർ ആയേനെ. ഈ വാറ്റ് വിദേശത്തേക്ക് കയറ്റിയിരുന്നെങ്കിൽ നമുക്ക് വൻതുക വിദേശനാണ്യവും കിട്ടിയേനെ.അയെല്ലാം നാം എരുമച്ചാണകം കലക്കിയത് വാങ്ങക്കുടിക്കുന്നു.

സ്‌പെഷ്യലിസ്റ്റാവൻ പ്രയാസമുണ്ടെിലും, അത്രയൊന്നും മൂളവേണ്ടാത്ത തൊഴിലാണ് മദ്യ നിർമ്മാണം. നമ്മുടെ പഴയ തറവാടുകളിൽ കാണുന്ന വലിയൊരു ഉപ്പുമാങ്ങാ ഭരണിവേണം. ഒരു അഞ്ചുകിലോ മുന്തിരിയും ഒരു കിലോ പഞ്ചസാരയും വാങ്ങി ഇതിൽ ഇട്ടുവെക്കുക. ഓരോ കിലോ മുന്തിരിയിടുമ്പോഴും 200ഗ്രാം പഞ്ചസാരയെന്ന രീതിയിൽ ഇട്ട് വായുകടക്കാത്തരീതിയിൽ അടക്കുക. എന്നിട്ട് അഞ്ചു ദിവസം കഴിഞ്ഞ് തുറന്ന് നന്നായി ഇളക്കിക്കൊടുക്കുക. ഇരുപതുദിവസം കഴിയുമ്പോൾ പത്തുശതമാനം ആൽക്കഹോളുള്ള ഒന്നാന്തരം വീഞ്ഞുകിട്ടും. വി എം സുധീരനം ഉമ്മൻ ചാണ്ടിയും എന്തുചെയ്യും? നേരത്തെ പറഞ്ഞതുപോലെ ഇത് പ്രകൃതി തരുന്നതാണ്. ഇപ്പോൾ തന്നെ പ്രഷർകുക്കറുകൾ നന്നായി വിറ്റുപോവുന്നുണ്ട്. എങ്ങനെ വാറ്റിക്കുടിക്കാമെന്നത് ഫേസ്‌ബുക്കിലും നന്നായി ഷെയർചെയ്തുപോവുന്നു.അതായത് ജനം തുനിഞ്ഞിറങ്ങിയാൽ എല്ലാ നിയമവും തോറ്റുപോവുമെന്നർഥം. മാത്രമല്ല, നമ്മൾ ഉൽപ്പാദിപ്പിക്കുന്ന സാധനത്തിന് പെഗ്ഗിന് പത്തുരൂപപോലും വരില്ല. അതാണ് 100രൂപക്ക് ടു സ്റ്റാറുകാർ വെള്ളംചേർത്ത് വിൽക്കുന്നത്. ബുദ്ധിയുള്ള സർക്കാറാണെങ്കിൽ, വർഷങ്ങൾക്കുമുമ്പ് എം.പി നാരാണപ്പിള്ള ചൂണ്ടിക്കാട്ടിയുതാടെ തെങ്ങിനും പനക്കും വാറ്റിനുമൊക്കെ ചെറിയ നികുതി ഈടാക്കി സാമ്പത്തിക പ്രതിസന്ധിമറികടക്കും.[BLURB#3-H]

സുധീരന്റെ ആദർശഭ്രമംകൊണ്ടണ്ടോയ ഈ ഈഗോ പ്രതിസന്ധിക്ക്, ജനം മറുപടി നൽകേണ്ടത് സ്വന്തമായി വാറ്റിക്കുടിച്ചുകൊണ്ടുള്ള സമരം കൊണ്ടാണ്. ( വിദേശ രാജ്യങ്ങളിൽ പലേടത്തും ഇത്തരം മദ്യ സമരങ്ങൾ നടന്നിട്ടുണ്ട്. ബിവറേജസ് ഔട്ട്‌ലെറ്റുകൾക്കായി കോട്ടയം ജില്ലയിലെ ചിലയിടത്തും തിരുന്തപുരം പാറശ്ശാലയിയും സമരം നടന്നതായി ഓർക്കുന്നു) സുധീരനെപ്പോലെ 'പരിശുദ്ധമായ' മദ്യമായിരിക്കട്ടെ ബ്രാൻഡ് സുധീരനും. പക്ഷേ പുറമേക്ക് ഒന്നുപറയുകയും മറ്റൊന്ന് പ്രവർത്തിക്കുകയുംചെയ്യുന്ന ഹിപ്പോക്രാറ്റുകളുള്ള നമ്മുടെ നാട്ടിൽ അത്തരം സമരം ആരു നയിക്കും?

വാൽക്കഷ്ണം:നമ്മുടേത് മദ്യപാനത്തേക്കാളുപരി മദ്യ സാക്ഷരതയുടെ പ്രശ്‌നമായിരുന്നില്ലേ. ഒരു സായിപ്പ് മദ്യപിക്കുന്നതും നമ്മുടെയൊരു യുവാവിന്റെ 'വെള്ളമടിയും' താരതമ്യം ചെയ്തുനോക്കുക. സായിപ്പ് മണിക്കുറുളെടുത്ത് ഒന്നോരണ്ടോ പെഗ്ഗ് കഴിക്കുമ്പോൾ നമ്മുടെ പയ്യൻ ടപ്പേന്ന് അഞ്ചെണ്ണം കയറ്റിയിരിക്കും. ആവശ്യത്തിന് വെള്ളംപോലും ഒഴിക്കാതെ. പട്ടിണിക്കിട്ട കാടി പിണ്ണാക്ക്വെള്ളംകുടിക്കുന്നപോലെ ഒറ്റവലി. എന്നിട്ട് വൃത്തികെട്ട രീതയിയിലൊരു ചുണ്ടുകോട്ടലും തുടക്കലും! കണ്ടാൽ ചർദിക്കാൻ വരും. സായിപ്പ് ധാരളം പച്ചക്കറികൾ കഴിക്കുമ്പോൾ യെവൻ ചിക്കനും ബീഫും തിന്ന് സ്വന്തം കിഡ്‌നിക്ക് പണികൊടുക്കുന്നു. അങ്ങനെയാണ് നമ്മുടെ നാട്ടിൽ രോഗികൾ ഏറിയത്. ഇനി വെള്ളമടിച്ചെന്ന് നാലാളെ അറിയിക്കേണ്ടേ. അതിന് ബൈക്കെടുത്തള കറങ്ങും അയൽക്കാരെ തെറിപറയും.അങ്ങനെ കലാപരിപാടികൾ നിരവധി.പക്ഷേ, നമ്മുടെ യുവാക്കൾക്ക് മദ്യ സാക്ഷരതകൊടുക്കാൻ 'സമ്പൂർണ സാച്ചരതയുടെ' ഈ നാട് എന്നെങ്കിലും ശ്രമിച്ചിട്ടുണ്ടോ?