ദുബായ്: ടി20 ലോകകപ്പിൽ ന്യൂസിലൻഡ് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഡെവൺ കോൺവെയ്ക്ക് ഓസ്ട്രേലിയക്കെതിരായ ഫൈനൽ നഷ്ടമാകും. സെമിയിൽ ഇംഗ്ലണ്ടിനെതിരെ പുറത്തായതിന്റെ അരിശത്തിൽ ബാറ്റ് അടിച്ചപ്പോൾ കൈക്ക് പരിക്കേറ്റതാണ് വിനയായത്. ഈ മാസം 17ന് തുടങ്ങുന്ന ഇന്ത്യൻ പര്യടനവും താരത്തിന് നഷ്ടമാകും. ദുബായിൽ ഞായറാഴ്ചയാണ് ന്യൂസിലൻഡ്-ഓസ്ട്രേലിയ കലാശപ്പോര്.

ഇംഗ്ലണ്ടിനെതിരായ സെമിയിൽ കോൺവേ 38 പന്തിൽ 46 റൺസെടുത്തിരുന്നു. സ്‌പെഷ്യലിസ്റ്റ് ബാറ്ററായി ലോകകപ്പ് തുടങ്ങിയ കോൺവേ, ആഡം മിൽനേയെ ടീമിൽ ഉൾപ്പെടുത്താനായി ടീം സീഫെർട്ടിനെ തഴഞ്ഞപ്പോഴാണ് വിക്കറ്റ് കീപ്പിങ് ദൗത്യവും ഏറ്റെടുത്തത്. ടൂർണമെന്റിലെ ആറ് കളിയിൽ 129 റൺസാണ് കോൺവെയുടെ സമ്പാദ്യം.

ഞായറാഴ്‌ച്ചയാണ് ന്യൂസിലാന്റ് ഓസ്‌ട്രേലിയ ഫൈനൽ.ഇംഗ്ലണ്ടിനെ ആദ്യ സെമിയിൽ അഞ്ച് വിക്കറ്റിന് വീഴ്‌ത്തിയാണ് കിവികൾ ഫൈനലിലെത്തിയത്. 167 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കിവീസിന് ഓപ്പണർ മാർട്ടിൻ ഗുപ്റ്റിലിനെയും നായകൻ കെയ്ൻ വില്യംസണിനേയും നഷ്ടമാകുമ്പോൾ സ്‌കോർ 13 മാത്രമാണുണ്ടായിരുന്നത്. എന്നാൽ ഒരറ്റത്ത് ഉറച്ചുനിന്ന ഡാരിൽ മിച്ചൽ(47 പന്തിൽ 72*) അർധ സെഞ്ചുറിയോടെ കിവീസിനെ വിജയത്തിലെത്തിച്ചു. കളി ന്യൂസിലൻഡിന്റെ വരുതിക്കാക്കിയ വെടിക്കെട്ടുമായി ജയിംസ് നീഷം(11 പന്തിൽ 27) ഗെയിം ചേഞ്ചറായി.

അതേസമയം രണ്ടാം സെമിയിൽ പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിന് തകർത്താണ് ഓസീസിന്റെ വരവ്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ മുഹമ്മദ് റിസ്വാന്റെയും(52 പന്തിൽ 67) ഫക്കർ സമാന്റേയും(32 പന്തിൽ 55) തകർപ്പൻ അർധ സെഞ്ചുറികളുടെ കരുത്തിൽ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ ഓസീസ് 19 ഓവറിൽ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഡേവിഡ് വാർണർ (30 പന്തിൽ 49), മാത്യൂ വെയ്ഡ്(17 പന്തിൽ 41*), മാർക്കസ് സ്റ്റോയിനിസ് (31 പന്തിൽ 40*) എന്നിവരാണ് ഓസീസിന്റെ വിജയശിൽപ്പികൾ.