കൊച്ചി: ഓണസദ്യ ഒരുക്കി കൂട്ടുകാരും അദ്ധ്യാപകരും ദേവൂട്ടനെ കാത്തിരുന്നു. എന്നാൽ ദേവൂട്ടൻ ആ സദ്യ ഉണ്ണാൻ എത്തിയില്ല. ഒടുവിൽ സ്‌കൂൾ തുറക്കുമ്പോൾ കാണാമെന്ന പ്രതീക്ഷയോടെ അവർ പിരിഞ്ഞു. ഓണാവധിക്ക് പിരിയുംമുമ്പെ സ്‌കൂളിൽ സംഘടിപ്പിച്ച അത്തപ്പൂക്കള മൽസരത്തിലും മറ്റും ദേവൂട്ടനും പങ്കെടുക്കേണ്ടിയിരുന്നതാണ്്.

കഴിഞ്ഞ വ്യാഴാഴ്‌ച്ചയായിരുന്നു സ്‌കൂളിലെ ഓണാഘോഷങ്ങളുടെ സമാപനം. ഓണക്കോടി ധരിച്ച് സ്‌കൂൾ അങ്കണത്തിലേക്ക് ഇനി ദേവൂട്ടൻ എത്തില്ല. കൂട്ടുകാർക്കും അദ്ധ്യാപകർക്കും പൊന്നോമനയായി സ്‌കൂളിൽ പാറിപ്പറന്ന് നടന്ന ദേവൂട്ടൻ ഇനി ഓർമ്മമാത്രമാണ്. പെരുമ്പാവൂരിൽ പിതാവിന്റെ അരുംകൊലയ്ക്ക് ഇരയായ വാസുദേവന്റെ മരണവാർത്ത കേട്ട് പെരുമ്പാവൂർ ഇനിയും ഞെട്ടലിൽനിന്നും മോചിതമായിട്ടില്ല,.

മിടുമിടുക്കാനായ ദേവൂട്ടന്റെ മരണവാർത്ത കേട്ട് പ്രതികരിക്കാനാവാതെ സ്‌കൂളിൽ അദ്ധ്യാപകർ പകച്ചുനിന്നു. സ്‌കൂളിലെ പ്രീ പ്രൈമറി വിഭാഗത്തിൽ യു.കെ.ജി വിദ്യാർത്ഥിയായിരുന്നു വാസുദേവൻ. നല്ല ഓമനത്തം നിറഞ്ഞ കുട്ടി. ക്ലാസ്സിൽ പഠനത്തിലും മിടുക്കൻ. ഈ കുരുന്നിനോട് ഇത്രയും വലിയ ക്രൂരത കാട്ടിയതിന്റെ പൊരുൾ തേടുകയാണ് അദ്ധ്യാപകരും മറ്റ് രക്ഷകർത്താക്കളും. ക്ലാസ്സ് ടീച്ചറായ ഷൈനി ടീച്ചറുമൊക്കെ.

ഇക്കഴിഞ്ഞ വ്യാഴാഴ്ച അദ്ധ്യാപകരും പിറ്റിഎയും ചേർന്നാണ് സ്‌കൂളിൽ ഓണസദ്യ ഒരുക്കിയിരുന്നത്. എന്നാൽ അന്ന് വാസുദേവൻ സ്‌കൂളിൽ എത്തിയിരുന്നില്ല. പ്രവൃത്തി ദിനത്തിന്റെ അവസാന ദിനമായതിനാൽ സന്തോഷത്തോടെയാണ് കുട്ടികൾ ഉൾപ്പെടെയുള്ള എല്ലാവരും പിരിഞ്ഞത്. ശനിയാഴ്ച പുലർച്ചയാണ് ബാബു തന്റെ മകനെ അരുംകൊല ചെയ്യുന്നത്. ഭാര്യ രജിത ആലുവ രാജഗിരി ആശുപത്രിയിൽ രാത്രി ഡ്യൂട്ടിയിലായിരുന്നു. രാവിലെ വീട്ടിലെത്തിയപ്പോൾ് രജിതക്ക് തന്റെ ഭർത്താവിനെയും മകനെയും കാണാൻ കഴിഞ്ഞില്ല. ബന്ധുക്കളെയും ബാബുവിന്റെ സുഹൃത്തുക്കളുടെയും സഹായത്തോടെ ഭാര്യ രജിത അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് രജിത കോടനാട് പൊലീസിൽ പരാതി നൽകുകയായിരുന്നു.

പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ബാബു ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പൊലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരായത്. കൊലപാതകത്തിന് ശേഷം പെരുമ്പാവൂരിൽ എത്തിയ ബാബു ചോറ്റാനിക്കരക്ക് പോകുകയായിരുന്നു. തുടർന്ന് പളനിയിലേക്ക് പോകുകയും തല മുണ്ഡനം ചെയ്യുകയും ചെയ്തു. ഇവിടെ വച്ച് തോന്നിയ.കുറ്റബോധത്താലാണ് ബാബു പൊലീസിനു കീഴടങ്ങിയത്.

നാട്ടിൽ തടിമില്ലിൽ ജോലി ചെയ്തിരുന്ന ബാബു ആഴ്ച തോറും പണം പിരിക്കുന്ന ഓണ ഫണ്ട് എന്ന പേരിൽ കളക്ഷനും നടത്തിയിരുന്നു. ഈയടുത്താണ് ബാബു തന്റെ വീടുപണി പൂർത്തിയാക്കിയത്. ഇതിനായി ബാങ്കിൽ നിന്ന് ലോണെടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങുകയും ജനങ്ങളിൽ നിന്ന് ശേഖരിച്ച ഓണഫണ്ട് ഈ ഓണാഘോഷസമയത്ത് തിരിച്ചുകൊടുക്കാൻ കയ്യിൽ പണമില്ലാതാകുകയും ചെയ്തതോടെ ബാബു മാനസിക സമ്മർദ്ദത്തിലാകുകയായിരുന്നു.

തുടർന്നാണ് തന്റെ മകനെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യാൻ ബാബു തീരുമാനിക്കുകയായിരുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന മകന്റെ മുഖത്ത് നനഞ്ഞ തുണി ഇട്ട് ശ്വാസം മുട്ടിച്ച ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ആത്മഹത്യ ചെയ്യാനുള്ള ബാബുവിന്റെ ശ്രമം പരാജയപ്പെടുകയും ചെയ്തതോടെ നാടുവിടുകയായിരുന്നു. എന്നാൽ ബാബുവിനെ കുറിച്ച് നാട്ടുകാർക്കോ സുഹൃത്തുക്കൾക്കോ മോശപ്പെട്ട ഒരു അഭിപ്രായം പറയാനില്ല. കൊലയ്ക്ക് പിന്നിൽ സാമ്പത്തിക പ്രശ്നം മാത്രമാണോയെന്നും നാട്ടുകാർ സംശയിക്കുന്നുണ്ട്.