ബാലരാമപുരം: കുട്ടികളുടെ ആദ്യ കുർബാന സ്വന്തം ഇടവകയിൽ നടത്താനാകില്ലെന്ന് പറഞ്ഞ വികാരിയെ വിശ്വാസികൾ പള്ളിയിൽ തടഞ്ഞ് വെച്ചത് മണിക്കൂറുകളോളം. ബാലരാമപുരം സെബസ്ത്യാനോസ് ഫെറോന ദേവാലയത്തിലാണു സംഭവം. മംഗലത്തുകോണം ഇടവക വികാരി ഫാ. ഷൈജുദാസിനെയാണ് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘം തടഞ്ഞുവച്ചത്.

ബിഷപ്പുമായി സംസാരിച്ച് ചടങ്ങുകൾക്കു നടപടി സ്വീകരിക്കാമെന്നു രേഖാമൂലം നെയ്യാറ്റിൻകര ഡിവൈഎസ്‌പി ബി.അശോകൻ, പാറശാല സിഐ ജി.ബിനു എന്നിവർ ഉറപ്പ് നൽകിയതിനെത്തുടർന്നാണ് ഫാ. ഷൈജു ദാസിനെ രാത്രിയോടെ പള്ളിയിൽ നിന്നു പുറത്തുവിട്ടത്. നേരത്തെ പൊലീസ് ഉദ്യോഗസ്ഥരും നെയ്യാറ്റിൻകര രൂപതയെ പ്രതിനിധീകരിച്ചെത്തിയ വൈദികരും ചർച്ച നടത്തിയെങ്കിലും തർക്കം പരിഹരിക്കാൻ കഴിഞ്ഞില്ല.

സ്ഥലം എംഎൽഎയും ഇടവകാംഗവുമായ എം.വിൻസന്റും ഒത്തുതീർപ്പ് ചർച്ചകളിൽ പങ്കെടുത്തു. 10 മാസമായി വിശ്വാസികളും രൂപതയും തമ്മിൽ തർക്കമുണ്ടെന്നു പൊലീസ് അറിയിച്ചു. രൂപതയിൽ നിന്ന് സ്ഥിരമായി ഒരു വികാരിയെ പള്ളിയിൽ നിയമിക്കാത്തതാണ് കാരണം. മംഗലത്തുകോണം പള്ളിയിലെ വികാരിയായ ഫാ.ഷൈജു ദാസ് ഞായറാഴ്ച പ്രാർത്ഥനയ്ക്ക് മാത്രമായി എത്തി മടങ്ങുകയാണു പതിവ്. മരണാനന്തര ചടങ്ങുകൾക്ക് ഉൾപ്പെടെ മറ്റ് പള്ളികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ഇവിടത്തെ നൂറുകണക്കിന് വിശ്വാസികൾ.

അതിനിടെ ഇന്നലെ രാവിലെ 40 കുട്ടികളുടെ ആദ്യ കുർബാന സംബന്ധിച്ച ചർച്ചയ്ക്കിടെ രക്ഷാകർത്താക്കളോട് സ്വന്തം ഇടവകയിൽ വച്ച് ആദ്യ കുർബാന നൽകാനാവില്ലെന്ന് ഫാ. ഷൈജു ദാസ് അറിയിച്ചെന്നു വിശ്വാസികൾ പറഞ്ഞു. ഇതാണ് ഇവരെ പ്രകോപിപ്പിച്ചത്. പൊലീസുമായുള്ള ആദ്യഘട്ട ചർച്ച പരാജയപ്പെട്ടതോടെ വൈകിട്ടോടെ പള്ളിമണിയടിച്ച് വിശ്വാസികൾ ആളെക്കൂട്ടി.

തുടർന്നാണ് പൊലീസ് രൂപതാ അധികൃതരുമായി സംസാരിച്ച് ഒത്തുതീർപ്പിനു ശ്രമിച്ചത്. പൊലീസ് സ്റ്റേഷനിൽ ഡിവൈഎസ്‌പിയുടെ മധ്യസ്ഥതയിൽ ചർച്ച നടത്തിയെങ്കിലും ആദ്യ കുർബാന മാത്രം ഇടവകയിൽ നടത്തിനൽകാമെന്നു രൂപതാ പ്രതിനിധികൾ അറിയിച്ചു. ഇതു പോരെന്നും എല്ലാ കുർബാനകളും മറ്റു ചടങ്ങുകളും തിരുനാളും സംബന്ധിച്ച തീരുമാനം ഉണ്ടാകണമെന്നുമായിരുന്നു വിശ്വാസികളുടെ ആവശ്യം. തുടർന്നാണ് ഇതിനു വേണ്ട ചർച്ചയും മറ്റും പൊലീസിന്റെ മധ്യസ്ഥതയിൽ നടത്താമെന്ന് അധികൃതർ എഴുതി നൽകിയത്.