- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരുൺകുമാർ സിൻഹ കേരളത്തിലേക്ക് വരുമോ എന്ന കാര്യത്തിൽ ഇനിയും മനസ്സു തുറന്നിട്ടില്ല; സുധേഷ് കുമാറിനോട് സർക്കാരിന് താൽപ്പര്യമില്ല; ഡൽഹിയിൽ നിന്നും വെട്ടിയില്ലെങ്കിൽ പൊലീസ് മേധാവി തച്ചങ്കരി; അട്ടിമറി നടന്നാൽ സന്ധ്യയ്ക്ക് കുറി വീഴും; ഡിജിപി ആകാനുള്ള 12 പേരുടെ ലിസ്റ്റ് 9ആയി കുറയുമ്പോൾ
തിരുവനന്തപുരം: അരുൺകുമാർ സിൻഹ കേരളത്തിലേക്ക് വരുമോ എന്ന കാര്യത്തിൽ ഇനിയും മനസ്സു തുറന്നിട്ടില്ല. പൊലീസ് മേധാവി സ്ഥാനത്തേക്ക് സുധേഷ് കുമാറിനോട് പിണറായി സർക്കാരിന് താൽപ്പര്യവുമില്ല. ഡൽഹിയിൽ നിന്നും വെട്ടിയില്ലെങ്കിൽ പൊലീസ് മേധാവിയായി ടോമിൻ തച്ചങ്കരി തന്നെ വരാനാണ് സാധ്യത. ഈ മാസം ലോക്‌നാഥ് ബെഹ്‌റ വിരമിക്കും. ഇതോടെയാണ് അടുത്ത പൊലീസ് മേധാവിയെ കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നത്.
പട്ടികയിലെ ആദ്യ 3 സ്ഥാനക്കാർ ഇപ്പോഴും 1987 ബാച്ചിലെ അരുൺ കുമാർ സിൻഹ, ടോമിൻ തച്ചങ്കരി, സുദേഷ് കുമാർ എന്നിവരാണ്. അരുൺ കുമാർ കേരള സർവീസിലേക്കു വന്നില്ലെങ്കിൽ മത്സരം തച്ചങ്കരിയും സുദേഷും തമ്മിലാകും. സുദേഷിനോട് സംസ്ഥാന സർക്കാരിന് താൽപ്പര്യമില്ല. ബി.സന്ധ്യ, അനിൽകാന്ത് , നിതിൻ അഗർവാൾ, എസ്.ആനന്തകൃഷ്ണൻ, കെ. പത്മകുമാർ, ഹരിനാഥ് മിശ്ര എന്നിവരാണു പട്ടികയിലുള്ള മറ്റുള്ളവർ. ഇവരിൽ 3 പേരുകൾ യുപിഎസ്‌സി സംസ്ഥാനത്തിനു തിരികെ കൈമാറും. അതിൽ നിന്നു പുതിയ ഡിജിപിയെ നിയമിക്കണം.
തച്ചങ്കരിയുടെ പേര് യുപിഎസ് സി വെട്ടിയാൽ സന്ധ്യയുടെ പേര് മൂന്ന് അംഗ പട്ടികയിൽ എത്തും. അത്തരമൊരു അട്ടിമറിയുണ്ടായാൽ കേരളത്തിലെ ആദ്യ വനിതാ പൊലീസ് മേധാവിയായി സന്ധ്യമാറും. അപ്പോഴും സന്ധ്യയ്ക്ക് മുകളിൽ സീനിയോറിട്ടിയുള്ള രണ്ടു പേർ കേരളത്തിലെ സർവ്വീസിലുണ്ടാകും. സുദേഷ് കുമാറും തച്ചങ്കരിയും. സാധാരണ സീനിയോറിട്ടിയാണ് യുപിഎസ് സി പരിഗണിക്കുക. അതിനാൽ തച്ചങ്കരിക്ക് തന്നെയാണ് പൊലീസ് മേധാവിയാകാൻ കൂടുതൽ സാധ്യത.
പുതിയ പൊലീസ് മേധാവിയെ(ഡിജിപി) നിശ്ചയിക്കാൻ സംസ്ഥാന സർക്കാർ നൽകിയ 12 അംഗ പട്ടികയിൽ നിന്ന് 3 പേരുകൾ കേന്ദ്ര സർക്കാർ വെട്ടിയിരുന്നു. 30 വർഷം സർവീസ് പൂർത്തിയാക്കാത്തവരാണ് ഇവർ. ഇനി 9 പേരുകളാകും പുതിയ ഡിജിപി സ്ഥാനത്തേക്കു യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യുപിഎസ്‌സി) പരിഗണിക്കുക. 30 വർഷം സർവീസ് പൂർത്തിയാക്കിയ ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടികയാണു കേന്ദ്രം ആവശ്യപ്പെട്ടത്. അതനുസരിച്ച് 1987 മുതൽ 1991 വരെയുള്ള ഐപിഎസ് ബാച്ചിൽ ഉൾപ്പെട്ട 12 ഡിജിപിഎഡിജിപി റാങ്കിലെ ഉദ്യോഗസ്ഥരുടെ പട്ടിക സംസ്ഥാനം നൽകി. പട്ടികയിൽ അവസാന സ്ഥാനക്കാരായ 1990 ബാച്ചിലെ ഷെയ്ഖ് ദർവേഷ് സാഹിബ് (ഡയറക്ടർ, പൊലീസ് അക്കാദമി), 1991 ബാച്ചിലെ രവാഡ എ.ചന്ദ്രശേഖർ (കേന്ദ്ര ഡപ്യൂട്ടേഷൻ), സഞ്ജീവ് കുമാർ പട്‌ജോഷി (കേന്ദ്ര ഡപ്യൂട്ടേഷൻ) എന്നിവരെയാണ് ഒഴിവാക്കിയത്.
ഇതിൽ രവാഡയും പട്‌ജോഷിയും പൊലീസ് ആസ്ഥാനത്തു ബയോ ഡേറ്റ നൽകാതെ പൊതുഭരണ വകുപ്പിനു നേരിട്ടു കൈമാറുകയായിരുന്നു. 3 പേരും 30 വർഷം പൂർത്തിയാക്കിയെന്ന രേഖയാണു ബയോഡേറ്റയിൽ നൽകിയത്. 1990 ബാച്ചിലെ ഹരിനാഥ് മിശ്രയെ (കേന്ദ്ര ഡപ്യൂട്ടേഷൻ) പട്ടികയിൽ നിലനിർത്തി. ഇതാദ്യമായാണു ഡിജിപിയെ തിരഞ്ഞെടുക്കാൻ കേരളം കേന്ദ്രത്തിലേക്കു പട്ടിക അയച്ചതും കേന്ദ്രം തിരുത്തൽ വരുത്തിയതും. രവാഡ ചന്ദ്രശേഖറും ഹരിനാഥ് മിശ്രയും കേരളത്തിലേക്കു വരാൻ താൽപര്യമില്ലെന്നു സംസ്ഥാന സർക്കാരിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. എന്നാൽ പട്ടികയിലെ ഒന്നാം പേരുകാരനായ അരുൺകുമാർ സിൻഹ മനസ്സു തുറന്നിട്ടില്ല.
സാധാരണ എല്ലാ വർഷവും ഓഗസ്റ്റിലാണ് ഐപിഎസുകാർ പരിശീലനത്തിനായി ചേരുന്നത്. എന്നാൽ സ്ഥാനക്കയറ്റം ലഭിക്കാൻ ആ വർഷം ജനുവരി മുതൽ സർവീസിലുണ്ടെന്നു രേഖപ്പെടുത്തുന്നു. 13 വർഷം പൂർത്തിയാകുന്ന ജനുവരിയിൽ ഡിഐജിയായും 18 വർഷം കഴിയുമ്പോൾ ഐജിയായും 25 വർഷമാകുമ്പോൾ എഡിജിപിയായും 30 വർഷമാകുമ്പോൾ ഡിജിപിയായും ഇവർക്കു സ്ഥാനക്കയറ്റമുണ്ടാകും. ഒഴിവുകൾ വേണം.
കേരളത്തിനൊപ്പം തമിഴ്‌നാട്, ഡൽഹി, യുപി എന്നിവടങ്ങളിലെയും ഡിജിപിയെ തിരഞ്ഞെടുക്കാനുള്ള പട്ടിക യുപിഎസ്‌സി തയാറാക്കുന്നുണ്ട്. അവിടുത്തെ പട്ടികയിലുള്ളവർ സർവീസിൽ പ്രവേശിച്ച ഓഗസ്റ്റ് തന്നെയാണു കാണിച്ചത്. കേരളത്തിലുള്ളവർക്കും അതേ മാനദണ്ഡം പ്രയോഗിച്ചപ്പോഴാണു 3 പേർ പുറത്തായത്.
മറുനാടന് മലയാളി ബ്യൂറോ