- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തച്ചങ്കരിയുടെ കേസിലെ പുനരന്വേഷണ ഫയൽ വിജിലൻസ് ആസ്ഥാനത്ത് പൂഴ്ത്തിയത് സുധേഷ് കുമാറിനും തിരിച്ചടിയായി; ക്ലീൻ ഇമേജുള്ള അനിൽകാന്തിന് പൊലീസ് മേധാവിയാക്കുന്നത് മാവുങ്കൽ-നമ്പർ 18 ഹോട്ടൽ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ; ഡിജിപിക്ക് കാലാവധി നീട്ടുന്നതിന് പിന്നിലെ പൊലീസ് കഥ
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന് സ്ഥാനത്തുടർച്ച കിട്ടാൻ കാരണം വിവാദങ്ങളില്ലെന്ന പ്രതിച്ഛായ. മോൻസൺ മാവുങ്കലും നമ്പർ 18 ഹോട്ടൽ വിവാദത്തിലുമെല്ലാം മുതിർന്ന ഐപിഎസുകാർ ഉൾപ്പെട്ടു. അത് സർക്കാരിന് തലവേദനയുമായി. ഈ സാഹചര്യത്തിൽ പ്രശ്‌നങ്ങളിൽ ചെന്ന് ചാടാത്ത അനിൽകാന്താണ് നല്ലതെന്ന നിലപാടിലേക്ക് പിണറായി എത്തുകയായിരുന്നു. പൊലീസിലെ ചേരിത്തിരിവുകളും അനിൽകാന്തിനെ തുണച്ചു.
ഡിജിപി റാങ്കിലുള്ള 2 ഉന്നത ഉദ്യോഗസ്ഥർ പൊലീസ് മേധാവിയുടെ കസേര ലക്ഷ്യമിട്ടു നടത്തിയ ചേരിപ്പോരാണു ജനുവരിയിൽ നൽകേണ്ട ഉത്തരവ് 2 മാസം മുൻപേ ഇറക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ പ്രേരിപ്പിച്ചത്. സുപ്രീംകോടതി വിധിയും അനുകൂല ഘടകമായി. ഇതോടെ അനിൽകാന്ത് ഡിജിപി കസേരയിൽ ഉറയ്ക്കുകയാണ്. ഡിജിപിയാകാൻ തൽകാലം ആരും ലോബിയിംഗും നടത്തില്ല. ഇതിനൊപ്പം വിവാദങ്ങൾ ഉണ്ടാക്കാതെ പൊലീസിനെ നയിക്കുന്ന ആൾ തലപ്പത്തുണ്ടെന്ന ആശ്വാസം മുഖ്യമന്ത്രിക്കും വരും.
ലോക്‌നാഥ് ബെഹ്‌റയുടെ പിൻഗാമിയായി ജൂലൈയിൽ അനിൽകാന്ത് എത്തിയതു തന്നെ അപ്രതീക്ഷിതമായിട്ടാണ്. അരുൺകുമാർ സിൻഹ, ടോമിൻ തച്ചങ്കരി, സുധേഷ് കുമാർ, ബി.സന്ധ്യ എന്നിവരായിരുന്നു അനിൽകാന്തിനെക്കാൾ സീനിയർ. അന്ന് സിൻഹ പിൻവാങ്ങിയതോടെ 3 പേരായി. തച്ചങ്കരിക്കും സുധേഷിനുമെതിരായ ആരോപണങ്ങളും കേസുകളും സംബന്ധിച്ച വിവരങ്ങൾ അതിനകം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും യുപിഎസ്‌സിക്കും ലഭിച്ചു. ഇത് വിനയായത് തച്ചങ്കരിക്കായിരുന്നു. തച്ചങ്കരി പുറത്തുമായി.
സുധേഷ് ഒന്നാമതും സന്ധ്യ രണ്ടാമതും അനിൽകാന്ത് മൂന്നാമതുമായിരുന്നു. അതിൽ നിന്നാണ് 7 മാസം മാത്രം സർവീസ് ബാക്കിയുള്ള അനിൽകാന്തിനെ മേധാവിയാക്കിയത്. ബി.സന്ധ്യ സംസ്ഥാനത്തെ ആദ്യ വനിതാ പൊലീസ് മേധാവിയാകുമെന്നു കരുതിയെങ്കിലും അട്ടിമറിക്കപ്പെട്ടു. ജനുവരി 31 ന് അനിൽകാന്ത് വിരമിക്കാനിരിക്കെ തച്ചങ്കരി, സുധേഷ്‌കുമാർ എന്നിവർ പ്രതീക്ഷയിലായി. അവർക്ക് വേണ്ടി ചരടു വലികളും തുടങ്ങി. ഇതിനൊപ്പം സമീപകാല സംഭവങ്ങളും പിണറായിയെ ചിന്തിപ്പിച്ചു.
അഴിമതി കറ പുരളാത്ത, വിവാദങ്ങളിൽ ചെന്ന് ചാടാത്ത, കുഴപ്പം പിടിച്ച കൂട്ടുകെട്ടില്ലാത്ത അനിൽകാന്താണ് സാഹചര്യത്തിന് അനുയോജ്യനെന്ന് മുഖ്യമന്ത്രി വിലയിരുത്തി. ഇതോടെ വിരമിച്ചാലും 2 വർഷത്തെ സർവീസ് ഉറപ്പാക്കണമെന്ന സുപ്രീം കോടതി വിധി അംഗീകരിക്കുമോയെന്ന് അനിൽകാന്തിനോട് മുഖ്യമന്ത്രിയുടെ ഓഫിസ് തിരക്കി. അദ്ദേഹം സമ്മതം മൂളി. അതോടെ ഇന്നലത്തെ മന്ത്രിസഭയിൽ അജൻഡയ്ക്കു പുറത്തുള്ള ഇനമായി തീരുമാനമെടുത്തു.
തച്ചങ്കരിയെ പൊലീസ് മേധാവിയാക്കാൻ പിണറായി സർക്കാരിന് താൽപ്പര്യമുണ്ടായിരുന്നു. എന്നാൽ ഒരു വിജിലൻസ് കേസ് ഇതിന് തിരിച്ചടിയായി. ഈ കേസിൽ പുനരന്വേഷണത്തിന് ഉത്തരവ് വരികയും ചെയ്തിരുന്നു. എന്നാൽ വിജിലൻസ് ഡയറക്ടറായ സുധേഷ് കുമാർ ഇതിൽ തീരുമാനം ഒന്നും എടുത്തില്ല. തച്ചങ്കരിയുടെ സാധ്യത തടയാനായിരുന്നു ഇത്. ഇത് മനസ്സിലാക്കി കൂടിയാണ് അനിൽ കാന്തിനെ ഡിജിപിയാക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം.
പ്രകാശ് സിങ് കേസിൽ 2018 ലും 2019 ലും സുപ്രീം കോടതി ആവർത്തിച്ച് ഉത്തരവിട്ട കാര്യമാണ് 2 വർഷ സർവീസ് ഉറപ്പാക്കൽ. പൊലീസ് മേധാവി പദവിയിലേയ്ക്ക് പരിഗണിക്കാൻ 6 മാസമെങ്കിലും സർവീസ് ഉണ്ടായിരിക്കണം, വിരമിച്ചാലും 2 വർഷം കാലാവധി നിർബന്ധമായും നൽകണം, അച്ചടക്ക നടപടിയുടെ ഭാഗമായി മാറ്റുന്നെങ്കിൽ കോടതിയെ ബോധ്യപ്പെടുത്തണം, അല്ലെങ്കിൽ തുടരാൻ താൽപര്യമില്ലെന്ന സത്യവാങ്മൂലം പൊലീസ് മേധാവി നൽകണം ഇതെല്ലാമാണു കോടതി ഉത്തരവിൽ പറയുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ ഈ വർഷം തന്നെ തമിഴ്‌നാട്, ഹരിയാന, രാജസ്ഥാൻ, യുപി, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പൊലീസ് മേധാവിമാർക്കു 2 വർഷം സർവീസ് ഉറപ്പാക്കി ഉത്തരവിട്ടിരുന്നു. ഈ മാതൃകയാണ് കേരളവും പിന്തുടർന്നത്.
മറുനാടന് മലയാളി ബ്യൂറോ