തിരുവനന്തപുരം: കെ റെയിൽ സർവേക്കെതിരായ പ്രതിഷേധങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പൊലീസ് സംയമനം പാലിക്കണമെന്ന് ഡി.ജി.പി അനിൽ കാന്ത്. ജില്ലാ പൊലീസ് മേധാവികൾക്ക് ഇതുസംബന്ധിച്ച് നിർദ്ദേശം ഡി.ജി.പി കൈമാറി. കെ റെയിൽ സർവേയുടെ ഭാഗമായി കല്ലിടുന്നതിനെതിരെ സംസ്ഥാനത്തിന്റെ പല ഭാഗത്തും പ്രതിഷേധങ്ങൾ അരങ്ങേറുന്നുണ്ട്. സ്ത്രീകളടക്കം പ്രതിഷേധ രംഗത്തുണ്ട്. പ്രതിഷേധക്കാരെ മാറ്റാൻ പൊലീസ് നടത്തുന്ന ഇടപെടലിനെതിരെ ശക്തമായ വിമർശനമുയർന്ന സാഹചര്യത്തിലാണ് ഡി.ജി.പിയുടെ നിർദ്ദേശം. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ പൊലീസിന്റെ അതിക്രമ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പല സ്ഥലങ്ങളിൽ നിന്നും മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.

പൊലീസിന്റെ ഭാഗത്തു നിന്ന് പ്രകോപനമുണ്ടാകരുതെന്നാണ് ഡി.ജി.പിയുടെ നിർദ്ദേശം. പ്രാദേശിക ഭരണകൂടങ്ങളുടെ സഹായത്തോടെ ബോധവത്കരണം നടത്തുകയാണ് വേണ്ട?െതന്നും സംയമനത്തോടെ പ്രശ്‌നം കൈകാര്യം ചെയ്യണമെന്നും ജില്ലാ പൊലീസ് മേധാവികൾക്ക് ഡി.ജി.പി നിർദ്ദേശം നൽകി. അതിനിടെ, മലപ്പുറം തിരുനാവായയിൽ പ്രതിഷേധത്തെ തുടർന്ന് കെ റെയിൽ സർവേ മാറ്റിവെച്ചു. സർവേയുടെ ഭാഗമായി കല്ലിടാനുള്ള നീക്കമാണ് പ്രതിഷേധത്തെ തുടർന്ന് മാറ്റിയത്.

അതേസമയം കോട്ടയം മാടപ്പള്ളിയിലെ കെ-റയിൽ സമരത്തിൽ പങ്കെടുത്ത 150 പേർക്കെതിരെ കേസെടുത്തു. പൊലീസ് വലിച്ചിഴച്ച വീട്ടമ്മ ജിജി ഫിലിപ്പ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്. പൊലീസിനെതിരെ മണ്ണെണ്ണ ഒഴിച്ചതിനും വനിതാ പൊലീസിനെ ആക്രമിച്ചതിനുമാണ് കേസ് എടുത്തത്. കെ റെയിൽ കല്ലിടലിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധം പൊലീസുകാരുമായുള്ള സംഘർഷത്തിലേക്ക് വഴിവെച്ചിരുന്നു. നാട്ടുകാർക്ക് നേരെ പൊലീസിന്റെ ബലപ്രയോഗം ഉണ്ടായി. സ്ത്രീകളെ പൊലീസ് വലിച്ചിഴച്ച് നീക്കി. സമരത്തിന്റെ മുൻ നിരയിലുണ്ടായിരുന്നവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നാല് സ്ത്രീകൾ ഉൾപ്പടെ 23 പേരാണ് അറസ്റ്റിലായിരുന്നത്. പൊലീസിന് നേരെ മണ്ണെണ്ണ ഒഴിച്ചതുകൊണ്ടാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

അതിനിടെ സംസ്ഥാനത്തെ വർഗീയ കലാപങ്ങൾ തടയാൻ കേരളാ പൊലീസിൽ കലാപ വിരുദ്ധ സേനയ്ക്ക് ആഭ്യന്തര വകുപ്പ് രൂപം നൽകാൻ ഒരുങ്ങുകയാണ്. നിലവിൽ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമ്പോൾ ബറ്റാലിയനിൽ നിന്നുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കുന്നുണ്ട്. എന്നാൽ, വർഗീയ കലാപങ്ങൾ നേരിടാൻ സേനയിലെ നിലവിലെ പരിമിതികൾ ചൂണ്ടിക്കാട്ടിയാണ് പുതിയ സംവിധാനം പൊലീസ് സേനയ്ക്കുള്ളിൽ രൂപീകരിക്കുന്നത്. ബറ്റാലിയനുകൾ രണ്ടായി വിഭജിച്ചാണ് സേന രൂപീകരിക്കുന്നത്. ഇതിലേക്ക് തെരഞ്ഞെടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകാനും തീരുമാനമായി.

കലാപ വിരുദ്ധ സേന രൂപീകരിക്കുന്നതിനുള്ള ശുപാർശ സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തരവകുപ്പിന് കൈമാറിയതായാണ് വിവരം. ഇതോടൊപ്പം, കേസുകളുടെ എണ്ണം അനുസരിച്ച് പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരുടെ എണ്ണം ക്രമീകരിക്കാനും തീരുമാനമായിട്ടുണ്ട്. കേസുകൾ കുറവുള്ള പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരെ പുനർവിന്യസിക്കാനാണ് തീരുമാനം.

സംസ്ഥാന പൊലീസ് സേനയിൽ വമ്പൻ മാറ്റത്തിനൊരുങ്ങിയ തീരുമാനം നേരത്തെ, സംസ്ഥാന സർക്കാർ കൈക്കൊണ്ടിരുന്നത് ഏറെ ചർച്ചയായിരുന്നു. ചരിത്രത്തിലാദ്യമായി ട്രാൻസ്‌ജെൻഡേഴ്‌സിനെ സേനയുടെ ഭാഗമാക്കാനുള്ള ശുപാർശ സംസ്ഥാന സർക്കാർ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് കൈമാറിയിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം ആരായാനാണ് തീരുമാനം. ഇത് സംബന്ധിച്ച സേനയുടെ നിലപാട് എ.ഡി.ജി.പിമാരുടെ യോഗത്തിൽ സ്വീകരിക്കും. പൊലീസിന്റെ കൂടി നിലപാട് അറിഞ്ഞ ശേഷമായിരിക്കും അന്തിമ നിലപാട് സർക്കാർ സ്വീകരിക്കുക.