തിരുവനന്തപുരം: സംഗീത സംവിധായകൻ ബാലഭാസ്‌കർ കാറപകടത്തിൽ മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ഡിജിപിയുടെ നിർദ്ദേശം. മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ പിതാവ് നൽകിയ പരാതിയെ തുടർന്നാണ് നിർദ്ദേശം നൽകിയത്. അന്വേഷണത്തിൽ ലാക്കൽ പൊലീസിനെ സഹായിക്കാൻ ക്രൈംബ്രാഞ്ചിനോട് ഡിജിപി ആവശ്യപ്പെട്ടു.

ബാലഭാസ്‌ക്കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി പിതാവ് സി. ഉണ്ണി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത് ബാലുവിന്റെ ഭാര്യ ലക്ഷ്മിയുടെ അനുവാദത്തോടെയായിരുന്നു. കാർ ഡ്രൈവർ അർജ്ജുന്റെ മൊഴിയിലെ വൈരുദ്ധ്യം സംശയം ജനിപ്പിച്ചിരുന്നു. അപ്പോഴത്തെ സാഹചര്യത്തിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഇപ്പോഴെങ്കിലും എന്താണ് സംഭവിച്ചതെന്നറിയണം. അതിനാണ് പരാതി നൽകാൻ ലക്ഷ്മി സമ്മതം അറിയിച്ചത് എന്ന് ബന്ധുക്കൾ മറുനാടൻ മലയാളിയോട് പറഞ്ഞു. അപകടസമയത്ത് ബാലഭാസ്‌ക്കറാണ് വാഹനം ഓടിച്ചത് എന്നായിരുന്നു ഡ്രൈവർ അർജ്ജുന്റെ മൊഴി. എന്നാൽ ചികിത്സ കഴിഞ്ഞ് ആരോഗ്യവതിയായ ശേഷം ലക്ഷ്മി പൊലീസിന് നൽകിയ മൊഴിയിൽ അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കറായിരുന്നില്ല ഡ്രൈവർ അർജ്ജുനായിരുന്നുവെന്നായിരുന്നു.

അപകട സമയത്ത് ബാലഭാസ്‌കർ പിൻസീറ്റിൽ വിശ്രമിക്കുകയായിരുന്നു. ദീർഘദൂര യാത്രയിൽ ബാലഭാസ്‌കർ വണ്ടി ഓടിക്കാറില്ലെന്നും ഭാര്യ ലക്ഷ്മി മൊഴി നൽകിയിരുന്നു. എന്നാൽ കാർ ഓടിച്ചത് ബാലഭാസ്‌കർ ആണെന്നായിരുന്നു അർജ്ജുന്റെ മൊഴി. കൊല്ലത്ത് എത്തി വിശ്രമിച്ച ശേഷം ബാലഭാസ്‌കർ ആണ് കാർ ഓടിച്ചതെന്നായിരുന്നു ഡ്രൈവർ വിശദമാക്കിയത്. ഇത് പച്ചക്കള്ളമെന്ന് പറഞ്ഞുകൊണ്ടാണ് പൊലീസിന് മുമ്പിൽ ലക്ഷ്മിയുടെ വെളിപ്പെടുത്തൽ. ഡ്രൈവർ അർജുന്റേയും ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മിയുടേയും മൊഴികളിൽ വൈരുദ്ധ്യം രേഖപ്പെടുത്തിയതോടെയാണ് ബാലഭാസ്‌ക്കറിന്റേയും മകളുടേയും മരണത്തിലെ ദുരൂഹത മറ നീക്കി പുറത്തു വരുന്നത്. മൊഴിയിലെ വൈരുദ്ധ്യം പൊലീസ് തിരിച്ചറിഞ്ഞെങ്കിലും അന്വേഷിക്കാൻ പൊലീസ് തയ്യാറായില്ല. ഇതിനിടയിൽ അർജ്ജുന് കിമിനൽ പശ്ചാത്തലം ഉണ്ട് എന്ന വിവരം വീട്ടുകാർക്ക് ലഭിച്ചു. പല ഇടപാടുകളെ പറ്റിയുള്ള വിവരങ്ങളും ലഭിച്ചതോടെയാണ് പരാതി നൽകാൻ പിതാവ് തയ്യാറായത്.

അപകടസമയത്ത് കാർ ഓടിച്ചത് ഡ്രൈവർ അർജുൻ തന്നെയായിരുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. അപകടത്തിന് ശേഷം ആശുപത്രിയിൽ ലക്ഷ്മിയുടെ 'അമ്മ സന്ദർശിച്ചപ്പോൾ ഡ്രൈവർ അർജുൻ പറഞ്ഞിട്ടുണ്ട് കാർ ഓടിച്ചത് താൻ തന്നെയായിരുന്നുവെന്ന്. അറിയാതെ കണ്ണ് ചിമ്മി പോയി. അപ്പോഴാണ് അപകടം സംഭവിച്ചത്. ഡ്രൈവർ അർജുൻ പറഞ്ഞതായി കുടുംബം പറയുന്നു. അതിനു ശേഷം എന്തിനാണ് അർജുൻ മൊഴി മാറ്റി പറയുന്നത് എന്ന് ഇവർക്ക് അറിയില്ല. ബാക്കിയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ച് കണ്ടുപിടിക്കേണ്ടതാണ്. കുടുംബം പ്രതികരിക്കുന്നു.

ഇന്നലെയാണ് വിശദമായ പരാതി പിതാവ് ഉണ്ണി ഡിജിപിക്ക് നൽകിയത്. സംശയമുള്ളവരുടെ പേരുൾപ്പെടെയാണ് പരാതി നൽകിയത്. എന്തൊക്കെയോ ദുരൂഹതകൾ ബാലഭാസ്‌ക്കറിന്റെ മരണത്തെ ചുറ്റിപ്പറ്റി നിൽക്കുന്നു എന്ന സംശയം ബലപ്പെട്ടതോടെയാണ് ലക്ഷ്മിയുമായി ആലോചിച്ച് പരാതി നൽകിയത് എന്ന് ഉണ്ണി മറുനാടൻ മലയാളിയോട് പറഞ്ഞു. പരാതി നൽകിയപ്പോൾ ഡിജിപി വേണ്ട രീതിയിൽ അന്വേഷണം നടത്താമെന്ന് വാക്ക് നൽകി എന്നും പരാതിയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയാക്കാമെന്നും അദ്ദേഹം പറഞ്ഞു. ലക്ഷ്മി സ്വന്തം വീട്ടിൽ തന്നെയാണ്. ബാലഭാസ്‌ക്കറിന്റെ അമ്മാവൻ ശശികുമാറിന്റെ ജഗതിയിലെ വീട്ടിലാണ് പിതാവും മാതാവും താമസിക്കുന്നത്. മകന്റെ മരണത്തിന് പിന്നിലെ സത്യം ഒരുനാൾ പുറത്ത് വരും എന്ന വിശ്വാസത്തിലാണ് അവർ.

ബാലഭാസ്‌ക്കറും കുടുംബവും തൃശൂർ വടക്കം നാഥ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങി വരവേയാണ് അപകടം ഉണ്ടായത്. അന്നേ ദിവസം ഇവർ തൃശൂരിൽ താമസിക്കാൻ റൂം ബുക്ക് ചെയ്തിരുന്നു. എന്നാൽ അവിടെ താമസിച്ചില്ല. വീട്ടുകാരെ പോലും അറിയിക്കാതെ ഇവർ തിരിച്ചു പോരുകയായിരുന്നു. എന്തിനാണ് ഇവർ ഇത്ര ധൃതിപ്പെട്ട് തിരികെ പോന്നതെന്നും വ്യക്തമല്ല. ഇതെല്ലാം മരണത്തിലെ ദുരൂഹതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. കുടുംബക്കാരും ഇതേ സംശയം പറഞ്ഞിരുന്നു. അതേസമയം ഡ്രൈവർ അർജുൻ ഗൾഫിലേക്ക് കടക്കാൻ ശ്രമിക്കുന്നതായും സൂചനയുണ്ട്.

ബാലുവിന്റെ മരണത്തിന് പിന്നാലെ കുടുംബക്കാരും ചില സംശയങ്ങൾ പറഞ്ഞിരുന്നു. വടക്കുംനാഥനെ സന്ദർശിച്ച രാത്രിയിൽ തങ്ങാൻ തൃശൂരിൽ മുറിയും ബുക്ക് ചെയ്തതായി ബന്ധുക്കൾക്ക് അറിയാം. രാത്രി വരില്ലെന്നായിരുന്നു ബന്ധുക്കൾക്ക് കിട്ടിയ അറിവും. രാത്രി തൃശൂരിൽ ഉറങ്ങിയ ശേഷം രാവിലെ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിച്ച ബാലു പെട്ടെന്ന് നിലപാട് മാറ്റി. തൃശൂരിൽ നിന്ന് 11 മണിയോടെ തിരുവനന്തപുരത്തേക്ക് തിരിച്ചു. അതിരാവിലെ പള്ളിപ്പുറത്തിനടുത്ത് അപകടവും. രാത്രിയാത്രയ്ക്ക് പിന്നിലെ തീരുമാനമാണ് ബന്ധുക്കളുടെ സംശയത്തിന് ഇട വെച്ചത്. ഇതിന് പിന്നാലെയാണ് ഡ്രൈവറുടെ മൊഴി തെറ്റായിരുന്നെന്ന് ലക്ഷ്മി പൊലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്.

ക്ഷേത്ര ദർശനത്തിന് ശേഷം തൃശൂരിൽ ഒരു പരിപാടിയുണ്ടായിരുന്നു. ബാലുവിന്റെ സമ്പത്തെല്ലാം ഒരു അടുത്ത സുഹൃത്താണ് നടത്തിയിരുന്നത്. നിരവധി ബിസിനസ്സുകളും ഉണ്ടായിരുന്നു. ഇതെല്ലാം ബാലുവിന്റെ സമ്പത്ത് ഉപയോഗിച്ചാണ് നടത്തിയതെന്നാണ് സൂചന. മരണത്തിൽ എന്തൊക്കെയോ അസ്വാഭാവികത തോന്നിക്കുന്നുണ്ട്- ബാലഭാസ്‌ക്കറിന്റെ മരണത്തിന് പിന്നാലെ ഇങ്ങനെയാണ് ബാലഭാസ്‌കറിന്റെ ബന്ധു മറുനാടനോട് പ്രതികരിച്ചത്. സംശയിക്കുന്ന വ്യക്തിയുടെ വിവരങ്ങൾ ശേഖരിക്കുകയാണെന്നും അതിന് ശേഷം കൂടുതൽ വെളിപ്പെടുത്തൽ നടത്താമെന്നും കുടുംബം വ്യക്തമാക്കിയിരുന്നു.

ലോകപ്രശസ്തരായ സംഗീതജ്ഞർക്കൊപ്പം ഫ്യൂഷൻ ഒരു വിരുന്നായി ജനഹൃദയങ്ങളിൽ എത്തിച്ച കലാകാരനായിരുന്നു ബാലഭാസ്‌കർ. ഇലക്ട്രിക് വയലിനിലൂടെ ലോകത്തിന്റെ വിവിധ കോണുകളിലുള്ള യുവതലമുറയെ ഹരം കൊള്ളിച്ചു. ഫ്യൂഷനെ മാത്രമല്ല ബാലു പ്രണയിച്ചിരുന്നത്. ശാസ്ത്രീയസംഗീത കച്ചേരികളിൽ ചിട്ടയായ ശുദ്ധസംഗീതത്തിനൊപ്പവും ബാലയുടെ വയലിൻ ഈണമിട്ടു. ഇങ്ങനെ ആരാധകരെ കൈയിലെടുത്ത് മുന്നേറുമ്പോഴും ചിരിച്ച മുഖവുമായി വേദികളിൽ നിറഞ്ഞ ബാലു തന്റെ മനസ്സിലെ വേദന തുറന്നു പറഞ്ഞിരുന്നു. സംഗീതം തന്നെ ഉപേക്ഷിച്ചുവെന്ന് പോസ്റ്റുമിട്ടു. ഭാര്യ ലക്ഷ്മിയുടെ അറിവോടെയാണ് ഇതെന്നും ബാലു തന്നെ വിശദീകരിക്കുകയും ചെയ്തു. ആരാധകരുടെ സ്‌നേഹം അറിഞ്ഞ് ബാലു വീണ്ടും സ്റ്റേജിൽ സജീവമായി. ബാലുവിന്റെ പഴയ വെളിപ്പെടുത്തലിന് മരണവുമായി ബന്ധമുണ്ടോ എന്നതാണ് ബന്ധുക്കളെ ആകുലപ്പെടുത്തുന്നത്.

സംഗീതവും കുടുംബവും സുഹൃത്തുക്കളുമായിരുന്നു ബാലുവിന് എല്ലാം. എന്നാൽ ഒരിക്കൽ ഒരു സുഹൃത്തിൽ നിന്ന് നേരിട്ട ചതി അദ്ദേഹത്തിനെ മാനസികമായി തകർത്തു. സംഗീതത്തെ ജീവനേക്കാൾ പ്രണയിച്ച ബാലഭാസ്‌കർ ഒരിക്കൽ കലാജീവിതം അവസാനിപ്പിക്കുകയാണെന്ന സൂചനകൾ നൽകി. ഇത് സംബന്ധിച്ച് ഫേസ്‌ബുക്കിൽ ഒരു കുറിപ്പ് പങ്കുവയ്ച്ചു. അന്ന് ആ വാർത്തയെ ഞെട്ടലോടു കൂടിയാണ് ആരാധകർ സ്വീകരിച്ചത്. എന്നാൽ പിന്നീട് അത് പിൻവലിച്ചു. വളരെ വൈകാരികമായി പ്രതികരിക്കുന്ന ഒരു വ്യക്തിയായതിനാൽ ചില അനുഭവങ്ങൾ തനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്നാണ് ബാലഭാസ്‌കർ അതെക്കുറിച്ച് പറഞ്ഞത്. ഈ തുറന്ന് പറച്ചിലുകളിൽ പലതും ഒളിച്ചിരിപ്പുണ്ട്. തന്നെ ചതിച്ചുവെന്ന് ബാലു പറഞ്ഞ വ്യക്തിക്ക് ഈ മരണവുമായി ബന്ധമുണ്ടോ എന്ന പരിശോധനായണ് ബന്ധുക്കൾ നടത്തുന്നത്. ക്ഷേത്ര ദർശനം നടത്തി ബാലു അർദ്ധരാത്രിയിൽ നാട്ടിലേക്ക് മടങ്ങിയതിന്റെ കാരണമാണ് തേടുന്നത്.