കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വകവരുത്താൻ കൊച്ചിയിൽ തീവ്രവാദികൾ എത്തിയിരുന്നുവെന്ന സൂചന നൽകി പൊലീസ് മേധാവി സെൻകുമാർ. വലിയ തീവ്രവാദ ഭീഷണിയിലാണ് കൊച്ചി മെട്രോയുടെ ഉദ്ഘാടനം നടന്നതെന്നാണ് സെൻകുമാർ തുറന്നു പറയുന്നത്. പുതുവൈപ്പിനിലെ സമരക്കാർക്ക് നേരെ ഡിസിപി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ കർശന നടപടികളുണ്ടായത് ഈ സാഹചര്യത്തിലാണ്. ഈ പ്രതിഷേധത്തെ ചെറുത്തില്ലായിരുന്നുവെങ്കിൽ അത് വലിയ സുരക്ഷാ ആശങ്കയ്ക്ക് വഴിവയ്ക്കുമായിരുന്നുവെന്നാണ് സെൻകുമാറിന്റെ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്നത്. തീവ്രവാദ സ്വഭാവമുള്ളവർ നുഴഞ്ഞു കയറിയതുകൊണ്ടാണ് സമരക്കാരെ പൊലീസ് കർശനമായി നേരിട്ടതെന്ന് നേരത്തെ കൊച്ചി പൊലീസും വിശദീകരിച്ചിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് സെൻകുമാർ കാര്യങ്ങൾ തുറന്നു പറഞ്ഞത്.

പ്രധാനമന്ത്രി മോദി എത്തിയപ്പോൾ കൊച്ചിയിൽ ഒരു ടെറർ മോഡ്യൂൾ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ എൻഎസ്ജി പിടിമുറുക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പൊലീസിന് ഇടപെടൽ നടത്തേണ്ടി വന്നത്. പുതുവൈപ്പിനിൽ സമരം നടക്കുന്ന സ്ഥലത്ത് ഒരിക്കലും യതീഷ് ചന്ദ്ര പോയിട്ടില്ല. പ്രധാനമന്ത്രിയുടെ യാത്ര അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്ക് തടയിടാനാണ് യുവ ഓഫീസർ ചെയ്‌തെന്നാണ് സെൻകുമാർ പറയുന്നത്. യതീഷ് ചന്ദ്രയെ സസ്‌പെന്റ് ചെയ്യണമെന്ന് വി എസ് അച്യുതാനന്ദൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് യതീഷ് ചന്ദ്രയെ ശക്തമായി പിന്തുണച്ച് ഡിജിപി എത്തുന്നത്. ഇന്നലെ എറണാകുളം റൂറൽ എസ് പി എവി ജോർജും തീവ്രവാദ ബന്ധം ഇന്നലെ ആരോപിച്ചിരുന്നു. ഇതും സെൻകുമാർ ശരിവയ്ക്കുകയായിരുന്നു.

മെട്രോ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കൊച്ചിയിൽ തീവ്രവാദ ഭീഷണിയുണ്ടായിരുന്നു. പുതുവൈപ്പ് ഐഒസി ടെർമിനൽ വിരുദ്ധ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ സമരക്കാർ പ്രതിഷേധിച്ചത് പ്രധാനമന്ത്രി പോകേണ്ട വഴിയിലാണ്. ഈ സാഹചര്യത്തിൽ ഡിസിപി യതീഷ് ചന്ദ്ര ചെയ്തത് ശരിയെന്നും ഡിജിപി കൊച്ചിയിൽ വിശദീകരിച്ചു. മുൻകൂട്ടി പ്രഖ്യാപിച്ച സമരമല്ല നടന്നത്. ഈ സമരത്തെ നേരിടാൻ യതീഷ് ചന്ദ്ര അവിടെ എത്തി. സമരക്കാരെ ഒഴിക്കുക മാത്രമായിരുന്നു ഓഫീസറുടെ മുന്നിലുള്ള വഴി. സമരത്തിന് പിന്നിൽ തീവ്രസംഘടനകളുണ്ടായിരുന്നുവെന്നും സെൻകുമാർ പറഞ്ഞു. പ്രധാനമന്ത്രിക്ക് നേരയുണ്ടായ ഭീഷണി ഏത് തരത്തിലുള്ളതാണെന്ന് സെൻകുമാർ വിശദീകരിച്ചില്ല. പൊലീസിന്റെ പേരിൽ വിമർശനം നേരിടുന്ന മുഖ്യമന്ത്രി പിണറായി വിജയനും ആശ്വാസമാണ് സെൻകുമാറിന്റെ പ്രതികരണം.

പ്രധാനമന്ത്രിയുടെ കൊച്ചി സന്ദർശന സമയത്ത് തീവ്രവാദ ഭീഷണിയുണ്ടായിരുന്നതിനാലാണ് പുതുവൈപ്പിൻ സമരക്കാർക്കെതിരെ നടപടിയെടുത്തത്. ഇക്കാര്യത്തിൽ പൊലീസ് അവരുടെ ഉത്തരവാദിത്വമാണ് നിറവേറ്റിയതെന്നും അദ്ദേഹം പറഞ്ഞു. സമരത്തിന് പിന്നിൽ തീവ്രവാദി സംഘടനകളുണ്ടെന്ന് പറഞ്ഞ ഡിജിപി സമരത്തിൽ സ്ഥലവാസികളല്ലാത്തവരും പങ്കെടുക്കുന്നുണ്ടെന്നും പറഞ്ഞു. ഡിസിപി യതീഷ് ചന്ദ്ര പുതുവൈപ്പിനിൽ പോയിട്ടില്ല. അദ്ദേഹം ഹൈക്കോടതി ജംഗ്ഷനിലായിരുന്നു. അവിടുത്തെ ദൃശ്യങ്ങൾ പുതുവൈപ്പിനിലേതെന്ന രീതിയിൽ മാധ്യമങ്ങൾ കാണിക്കുകയാണ്. സമരക്കാരെ യതീഷ് ചന്ദ്ര മർദിക്കുന്നതിന്റെ ദൃശ്യങ്ങളില്ല. അത് കാണിച്ചാൽ അദ്ദേഹത്തിനെതിരെ നടപടി എടുക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയാമെന്നും ഡിജിപി പറഞ്ഞു. പ്രധാനമന്ത്രിയുടെ വഴിയിൽ തടസമുണ്ടാക്കാൻ സമരക്കാർ ശ്രമിച്ചു. സമരക്കാരെ നേരിടുന്ന കാര്യത്തിൽ പൊലീസ് അവരുടെ കടമയാണ് ചെയ്തത്. പൊലീസ് ഒരു ലബോറട്ടറിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡിസിപി യതീഷ് ചന്ദ്ര, എറണാകുളം റൂറൽ എസ്‌പി എ.വി. ജോർജ് എന്നിവരെ വിളിച്ചു വരുത്തി വിശദീകരണം തേടിയ ശേഷമാണ് ഡിജിപി ഇക്കാര്യങ്ങൾ വിശദാകരിച്ചത്. സമരക്കാരെ ക്രൂരമായി മർദിച്ച ഡിസിപിക്കെതിരെ വിവിധ കോണുകളിൽ നിന്ന് രൂക്ഷമായ വിമർശമുയർന്ന സാഹചര്യത്തിലാണ് ഡി.ജി.പി നേരിട്ടെത്തി വിശദീകരണം തേടിയത്. ഇതിന് ശേഷമാണ് നിർണ്ണായക വിവരങ്ങൾ ഡിജിപി പങ്കുവച്ചത്. പ്രധാനമന്ത്രിയുടെ സുരക്ഷ ആശങ്കകളാണ് സമരക്കാരെ കർശനമായി നേരിടാനുണ്ടായ കാരണമെന്ന് യതീഷ് ചന്ദ്രയും വിശദീകരിച്ചു. ഈ സംഭവത്തിലെ ദൃശ്യങ്ങൾ സെൻകുമാർ പരിശോധിക്കുകയും ചെയ്തു. പുതുവൈപ്പിനിലെ സമരം ഹൈക്കോടതി ജംഗ്ഷനിലെത്തിച്ചതിൽ ദുരൂഹത ഏറെയാണെന്ന് പൊലീസ് വിലയിരുത്തുന്നു. ഇതിനെ അടിവര ഇടുകയാണ് തന്റെ പ്രസ്താവനയിലൂടെ ഡിജിപി. ഇതോടെ കൊച്ചിയിലെ പൊലീസ് ലാത്തിച്ചാർജ്ജിന് പുതിയ മുഖമെത്തുകയാണ്.

പുതുവൈപ്പ് ഇന്ത്യൻ ഓയിൽ കോർപ്പറേഷനെതിരായ സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരേ രൂക്ഷ പ്രതികരണവുമായി സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു രംഗത്ത് വന്നിരുന്നു. ആഭ്യന്തരവകുപ്പ് കൂടി ഭരിക്കുന്ന മുഖ്യമന്ത്രി പൊലീസിനെ നിലയ്ക്ക് നിർത്തിയില്ലെങ്കിൽ തങ്ങൾക്ക് നിർത്താൻ അറിയാമെന്ന് അദ്ദേഹം പറഞ്ഞു. ഡിസിപി യതീഷ് ചന്ദ്ര പൊലീസിലെ മനുഷ്യ മൃഗമാണ്. ഗുണ്ടകളെ പോലും നാണിപ്പിക്കുന്ന പെരുമാറ്റമാണ് യതീഷ് ചന്ദ്രയുടേതെന്നും പി.രാജു ആരോപിച്ചു. പുതുവൈപ്പിലെ സമരക്കാർക്കെതിരേ പൊലീസ് അതിക്രമം കാടത്തമാണ്. ജനകീയ സമരങ്ങളെ പൊലീസ് ലാത്തികൊണ്ടു നേരിട്ടാൽ ചെറുക്കുമെന്നും സമരക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച് പി.രാജു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യതീഷ് ചന്ദ്രയെ ബലികൊടുക്കാനാവില്ലെന്ന് സെൻകുമാർ തുറന്നു പറയുന്നത്.

പുതുവൈപ്പ് ഐഒസി സമരക്കാരെ അടിച്ചമർത്തിയ ഡി.സി.പി യതീഷ് ചന്ദ്രക്കെതിരെ വി എസ് അച്ചുതാനന്ദനും രംഗത്ത് എത്തിയിരുന്നു. യതീഷ് ചന്ദ്രയെ സസ്പന്റെ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി എസ് മുഖ്യമന്ത്രിക്ക് കത്തു നൽകുകയും ചെയ്തു. പ്രദേശത്ത് പൊലീസ് നടപടികൾ നിർത്തിവെക്കണമെന്നും വി എസ് കത്തിൽ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച ഹൈക്കോടതി ജങ്ഷനിലെ സമരപന്തലിലേക്ക് ഐക്യദാർഢ്യവുമായി എത്തിയ സമരക്കാരെ ഡെപ്യൂട്ടി കമ്മീഷണറായ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ പൊലീസാണ് മർദ്ദിച്ചത്. ഐ.ഒ.സി പ്ലാൻിനെതിരെ സമരത്തിലും പൊലീസ് സമരക്കാർക്ക് നേരെ ലാത്തി വീശിയിരുന്നു. ഇതിന് ശേഷമാണ് യതീഷ് ചന്ദ്രയ്‌ക്കെതിരെ പ്രതിഷേധം ശക്തമായത്. രണ്ടിടത്തും യതീഷ് ചന്ദ്ര ആക്രമണം നടത്തിയെന്ന പൊതു വിലയിരുത്തലാണ് ഉയർന്നത്. ഇതിനെയാണ് നരേന്ദ്ര മോദിയുടെ സുരക്ഷാ ക്രമീകരണവുമായി ബന്ധപ്പെടുത്തുന്നത്.

കൊച്ചിയിൽ പ്രധാനമന്ത്രിയുടെ വരവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ നടക്കുകയായിരുന്നു. മെട്രോ ട്രെയിനിന്റെ ട്രയിൽ റൺ നടക്കുന്നു. എൻ എസ് ജി മുക്കുമൂലയും പരിശോധിക്കുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത സമരമെത്തിയത്. ഇത് സുരക്ഷാ ക്രമീകരണങ്ങളെ ബാധിക്കുമായിരുന്നുവെന്നും പൊലീസ് വിലയിരുത്തുന്നു. അതുകൊണ്ടാണ് യതീഷ് ചന്ദ്ര കടുത്ത നിലപാട് എടുത്തതെന്നാണ് ഡിജിപിയും വിശദീകരിക്കുന്നത്.