- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്രത്ത് ജഹാൻ തീവ്രവാദി ആയിരുന്നെന്ന് ഹെഡ്ലി പറഞ്ഞിട്ടുമുണ്ട്; മൊഴി കൃത്രിമമാണെന്ന ആരോപണം തെറ്റ്'; ഹരെൻ പാണ്ഡ്യ കൊലപാതകത്തിൽ നരേന്ദ്ര മോദിക്ക് പങ്കില്ല; കേസ് അന്വേഷണം തെളിയിച്ചതിൽ പൂർണ സംതൃപ്തി; ദേശീയ തലത്തിൽ വിവാദമായ കേസുകളെ കുറിച്ച് കേരള ഡിജിപി ലോകനാഥ് ബെഹ്റയുടെ വെളിപ്പെടുത്തലുകൾ
തിരുവനന്തപുരം: ഇസ്രത്ത് ജഹാൻ തീവ്രവാദി ആയിരുന്നെന്ന് ഡേവിഡ് കോൾമാൻ ഹെഡ്ലി പറഞ്ഞിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഗുജറാത്ത് മുൻ ആഭ്യന്തരമന്ത്രി ഹരെൻ പാണ്ഡ്യയുടെ കൊലപാതകത്തിൽ നരേന്ദ്ര മോദിക്ക് പങ്കില്ലെന്നും അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. ജൂൺ 30 ന് ഡിജിപി സ്ഥാനത്ത് നിന്നും വിരമിക്കാനിരിക്കെ ഒരു ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ലോക്നാഥ് ബെഹ്റ തന്റെ സർവീസ് കാലയളവിലെ വിവിധ സംഭവങ്ങളെ കുറിച്ച് പ്രതികരിച്ചത്.
ഇസ്രത്ത് ജഹാൻ തീവ്രവാദി ആയിരുന്നെന്ന് മുബൈ ഭീകരാക്രമണക്കേസിൽ തടവിൽ കഴിയുന്ന പാക്കിസ്ഥാൻ വംശജനായ അമേരിക്കൻ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്ലി പറഞ്ഞിട്ടുണ്ട്, ഈ ധാരണയിൽ മാറ്റമില്ലെന്നും ബെഹ്റ ആവർത്തിച്ചു. ഗുജറാത്തിൽ 2004ലെ ഇസ്രത്ത് ജഹാൻ കേസ് അന്വേഷിച്ച എൻഐഎ ഉദ്യോഗസ്ഥൻ എന്ന നിലയിലും ഹെഡ്ലിയെ യുഎസിൽ എത്തി ചോദ്യം ചെയ്ത വ്യക്തി എന്ന നിലയിലുമുള്ള വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്രത്ത് ജഹാനെ കുറിച്ചുള്ള ഡേവിഡ് കോൾമാൻ ഹെഡ്ലിയുടെ മൊഴി അഭ്യന്തര വകുപ്പിനെ അന്ന് തന്നെ അറിയിച്ചിരുന്നു. ഇക്കാര്യം അഭ്യന്തര വകുപ്പ് അന്വേഷണ സംഘത്തെ അറിയിച്ചു. ഇസ്രത്ത് ജഹാൻ ലഷ്കറിന്റെ ഒരു ടെററിസ്റ്റ് മൊഡ്യൂൾ ആണെന്ന് ഹെഡ്ലി പറഞ്ഞു. ഈ വരി മാത്രമെടുത്താണ് ആഭ്യന്തര മന്ത്രാലയത്തിന് കൊടുത്തത്. പ്രത്യേക അന്വേഷണ സംഘമായിരുന്നു അനുബന്ധ തെളിവുകൾ ശേഖരിക്കേണ്ടത്. ഇസ്രത്ത് ജഹാനെ കുറിച്ച് അന്വേഷിക്കാൻ അധികാരം ഹെഡ്ലിയെ ചോദ്യം ചെയ്യുന്ന സംഘത്തിന് ഉണ്ടായിരുന്നില്ലെന്നും ബെഹ്റ വ്യക്തമാക്കുന്നു.
ഹെഡ്ലിയുടെ മൊഴിയെടുത്ത തങ്ങളെ സിബിഐ വിസ്തരിക്കേണ്ടതായിരുന്നു. പക്ഷേ സിബിഐ അത് ചെയ്തില്ലെ എന്നതാണ് സത്യം. സിബിഐ അക്കാര്യം ആവശ്യപ്പെട്ടിരുന്നെങ്കിൽ മൊഴി നൽകാൻ തയ്യാറാവുമായിരുന്നു. എന്നാൽ വിസ്തരിക്കേണ്ടതില്ലെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. താൻ ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥനാണ് സ്വയം പോയി മൊഴി കൊടുക്കാനാവില്ല.
ലഷ്കർ ഇന്ത്യ ഓപ്പറേഷൻ മേധാവി മുസമിൽ പറഞ്ഞിട്ട് ഹെഡ്ലി അറിഞ്ഞു. അത് അതേ വാക്കുകൾ എടുത്ത് ആഭ്യന്തര മന്ത്രാലയത്തിന് നൽകി. സുശീൽ കുമാർ ഷിൻഡേ അഭ്യന്തരമന്ത്രിയായിക്കെയാണ് അന്ന് സിബിഐ ഇസ്രത്ത് ജഹാൻ കേസ് അന്വേഷിക്കുന്നത്. എന്നാൽ സിബിഐക്കോ പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പാകെ എത്താൻ കഴിഞ്ഞില്ല. അതിൽ രാഷ്ട്രീയം ഉണ്ടോ എന്ന് അറിയില്ല. അതിൽ എന്ത് രാഷ്ട്രീയമാണ് ഉണ്ടായിരുന്നത് എന്ന് പറയുന്നില്ല. ഹെഡ്ലിയുടെ മൊഴി കൃത്രിമമായി സൃഷ്ടിച്ചതാണ് എന്ന ആരോപണം ശരിയല്ല. ഒമ്പത് ദിവസത്തെ നീണ്ടു നിന്ന നടപടിയായിരുന്നു ഹെഡ്ലിയുടെ മൊഴിയെടുപ്പ്. ആളുകൾക്ക് എന്ത് ആരോപണവും ഉന്നയിക്കാമെന്നും ബെഹ്റ വ്യക്തമാക്കി.
ഹരെൻ പാണ്ഡ്യയുടെ കൊലപാതകത്തിൽ നരേന്ദ്രമോദിക്ക് പങ്കില്ലെന്നും ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. മോദിയുടെ ആസൂത്രണമാണെന്നതിന് തെളിവില്ലെന്നും കൊലപാതകത്തിൽ മോദിയുടെ പങ്കാളിത്തം വാർത്തയാക്കാൻ ശ്രമമുണ്ടായിരുന്നെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു. സംഭവത്തിലെ പ്രധാന കൊലയാളിയെ താൻ തന്നെ പിടിച്ചതെന്നും കേസ് അന്വേഷണം തെളിയിച്ചതിൽ പൂർണ സംതൃപ്തിയുണ്ടെന്നും ബെഹ്റ പറഞ്ഞു.
അതേസമയം, കേരള മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇടയിലുള്ള പാലമായിരുന്നു ബെഹ്റയെന്ന ആരോപണമെല്ലാം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആരെയും കുറ്റം പറയുന്നില്ല. വിവാദങ്ങളിലേക്ക് പോവാനില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു വിഷയത്തിലും നരേന്ദ്ര മോദിയെയും അമിത് ഷായെയും സഹായിച്ചിട്ടില്ല, ചെയ്തത് തന്റെ ജോലി മാത്രമാണ്. സിബിഐ ഡയറക്ടർ പദവിയിലേക്ക് പരിഗണിക്കാത്തതിൽ വിഷമമില്ലെന്നും ബെഹ്റ വ്യക്തമാക്കി.
എല്ലാ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കും എല്ലാ പദവിയും ലഭിക്കണമെന്നില്ലല്ലോ എന്നായിരുന്നു ഈ ചോദ്യത്തോടുള്ള ബെഹ്റയുടെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയനുമായി മികച്ച ബന്ധമാണെന്നും തീർത്തും പ്രൊഫഷണലായ വ്യക്തിയാണ് അദ്ദേഹമെന്നും ബെഹ്റ വ്യക്തമാക്കി. പൊലീസിനെ കുറിച്ച് മികച്ച ധാരണയുള്ള വ്യക്തിയാണ് അദ്ദേഹം. അതിന്റെ മാറ്റം ഇപ്പോൾ പൊലീസ് സേനയിലുണ്ടെന്നും ബെഹ്റ ചൂണ്ടിക്കാട്ടി.
ദേശീയ സുരക്ഷയും നിയമം അനുശാസിക്കുന്നതുമായി പ്രവർത്തനങ്ങൾ മാത്രമാണ് സർവീസ് കാലയളവിൽ ചെയ്തിട്ടുള്ളതെന്ന് ബെഹ്റ പ്രതികരിച്ചു.
ന്യൂസ് ഡെസ്ക്