തിരുവനന്തപുരം: ജേക്കബ് തോമസിനെതിരായ അച്ചടക്ക നടപടിയിൽ എന്ത് നടപടി വേണമെന്ന് ഡിജിപി സെൻകുമാറിന് ശുപാർശയില്ല. ജേക്കബ് തോമസ് നൽകിയ വിശദീകരണ മറുപടിയിൽ ശുപാർശകളൊന്നും രേഖപ്പെടുത്താതെ ഡിജിപി ചീഫ് സെക്രട്ടറിക്ക് കൈമാറി. സർക്കാരിന് ഇക്കാര്യത്തിൽ ഉചിതമായ നിലപാട് സ്വീകരിക്കാമെന്ന് മാത്രമാണ് ഡിജിപി രേഖപ്പെടുത്തിയത്. അതേസമയം മാദ്ധ്യമങ്ങളിൽ വന്ന വാർത്തകളുടെ പകർപ്പ് സർക്കാരിന്റെ ആവശ്യപ്രകാരം ഡിജിപി കൈമറുകയും ചെയ്തു. അച്ചടക്ക ലംഘനം നടന്നുവെന്ന് തന്നെയാണ് ഡിജിപിയുടെ വിലയിരുത്തൽ. എന്നാൽ അച്ചടക്ക നടപടി സർക്കാർ തീരുമാനിക്കട്ടേ എന്നാണ് നിലപാട്.

ഇതോടെ സർക്കാരിന് വേണമെങ്കിൽ ജേക്കബ് തോമസിനെതിരെ നടപടി എടുക്കാതിരിക്കാനുള്ള സാധ്യതയും തുറന്നുകിട്ടി. ഡിജിപി നടപടിക്ക് ശുപാർശ ചെയ്തിട്ടും നടപടി എടുത്തില്ലെങ്കിൽ അത് പുതിയ വിവാദമുണ്ടാക്കുമായിരുന്നു. സർക്കാരിനെയും മുഖ്യമന്ത്രിയും മാദ്ധ്യമങ്ങളിലൂടെ പരസ്യമായി വിമശിച്ചുവെന്നാരോപിച്ചാണ് ചീഫ് സെക്രട്ടറിയും, ഡിജിപിയും ജേക്കബ് തോമസിന് രണ്ടു വിശദീകരണ നോട്ടീസുകൾ നൽകിയത്. രണ്ടിനും ഒരു മറുപടിയാണ് ജേക്കബ് തോമസ് നൽകിയത്. സർക്കാർ നയങ്ങളെയോ മുഖ്യമന്ത്രിയെയോ വിമർശിച്ചിട്ടില്ലെന്നും, മാദ്ധ്യമങ്ങളിലൂടെ പറഞ്ഞ വാചകങ്ങൾ കൃത്യമായി ഓർക്കുന്നില്ലെന്നുമായിരുന്നു മറുപടി. ഈ മറുപടിയിൽ ഡിജിപിയുടെ നിലപാട് സർക്കാർ ചോദിച്ചിരുന്നു. പക്ഷെ സ്വന്തം അഭിപ്രായം രേഖപ്പെടുത്താതെ ഡിജിപി ചീഫ് സെക്രട്ടറിക്ക് മടക്കി അയക്കുകയായിരുന്നു.

സർക്കാരിന് ഇക്കാര്യത്തിൽ ഉചിതമായ നിലപാട് സ്വീകരിക്കാമെന്ന് മാത്രമാണ് ഡിജിപി രേഖപ്പെടുത്തിയത്. ബാർകോഴ കേസ് വിധിയെ സ്വാഗതം ചെയ്ത ജേക്കബ് തോമസ് മാദ്ധ്യമങ്ങളിലൂടെ നടത്തിയ പരാമർശങ്ങൾ അച്ചടക്ക ലംഘനമാണെന്ന നിലപാടാണ് ഡിജിപി സെൻകുമാർ സ്വീകരിച്ചിരുന്നത്. ഇതിനുശേഷം ഉദ്യോഗസ്ഥരുടെ അഭിപ്രായ പ്രകടനത്തിന്റെ അതിർവരുമ്പുകളെ കുറിച്ച് ഡിജിപിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റുകളും ചർച്ചയായിരുന്നു. മന്ത്രിസഭായോഗമാണ് ജേക്കബ് തോമസിനോട് വിശദീകരണം ചോദിക്കാൻ തീരുമാനമെടുത്തത്. അതിനാൽ തുടർനടപടികൾ ഇനി ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയുമാണ് തീരുമാനിക്കേണ്ടത്.

ജേക്കബ് തോമസിന്റെ നടപടിക്കാര്യത്തിൽ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും രണ്ട് തട്ടിലാണ്. ഡിജിപിയുടെ വിശദീകരണം കിട്ടയ സാഹചര്യത്തിൽ ജേക്കബ് തോമസിനെതിരെ വകുപ്പ് തല അന്വേഷണത്തിന് മുഖ്യമന്ത്രി ശുപാർശ ചെയ്യുമെന്നാണ് സൂചന. വിജലൻസ് ഡിജിപിയായി ജേക്കബ് തോമസിനെ നിയമിക്കാതിരിക്കാനാണ് നീക്കം. അടുത്ത വിജിലൻസ് ഡയറക്ടറായി എഡിജിപി എൻ ശങ്കർ റെഡ്ഡിയെ നിയമിച്ചത് വിവാദമായ സാഹചര്യത്തിലാണ് വകുപ്പുതല അന്വേഷണത്തിനുള്ള നീക്കങ്ങൾ പുരോഗമിക്കുന്നത്. നിലവിലെ വിജിലൻസ് ഡറയക്ടർ വിൻസൺ എം പോൾ നവംബർ 30 ന് വിരമിക്കുമ്പോൾ സംസ്ഥാന കാഡറിൽ സീനിയോറിറ്റിയിൽ രണ്ടാമതുള്ള ജേക്കബ്ബ് തോമസിനെയാണ് നിയമിക്കേണ്ടത്. ഡിജിപി പോസ്റ്ററായ വിജിലൻസ് ഡയറക്ടർ സ്ഥാനത്തേക്ക് എഡിജിപിയെ കൊണ്ടുവന്നതിനെ ആദ്യന്തര സെക്രട്ടറി നളിനി നെറ്റോ ഉൾപ്പെടെയുള്ളവർ ചോദ്യം ചെയ്തിരുന്നു.

ജേക്കബ്ബ് തോമസിനെയാണ് വിജിലൻസിലെത്തിക്കേണ്ടതെന്ന നിലപാടാണ് നളിനി നെറ്റോ കൈക്കൊണ്ടത്. ഈ നിർദ്ദേശം പാടേ തള്ളിയാണ് ആഭ്യന്തര വകുപ്പ് ശങ്കർ റെഡ്ഡിയെ കൊണ്ടുവരുന്നത്. എന്നാൽ ഇത് നിയമക്കുരുക്കുകളിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് തയ്യാറെടുക്കുന്നത്. നേരത്തേ സർക്കാരിനെ പ്രതിരോധത്തിലാക്കുന്നതരത്തിൽ മാദ്ധ്യമങ്ങളിലൂടെ പ്രതികരിച്ച ജേക്കബ്ബ് തോമസ് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന പേരിൽ തള്ളാനും വകുപ്പുതല അന്വേഷണത്തിന് നിർദ്ദേശം നൽകാനുമാണ് ശ്രമം. വകുപ്പുതല അന്വേഷണം നടക്കുന്ന സാഹര്യത്തിൽ ജേക്കബ്ബ് തോമസിനെ വിജിലൻസിൽ എടുക്കാൻ സാധിക്കില്ലെന്ന് വരുത്തിത്തീർക്കാനുള്ള ഉദ്ദേശ്യമാണ് ഇതിനു പിന്നിൽ. ജേക്കബ്ബ് തോമസ് വിജിലൻസ് തലപ്പത്ത് ഒരു സാഹചര്യത്തിലും എത്തരുതെന്ന കർശന നിർദ്ദേശമാണ് മുഖ്യമന്ത്രി നൽകിയിട്ടുള്ളത്.

അദ്ദേഹം വിജിലൻസ് ഡറയക്ടറായാൽ താൻ സംശയത്തിന്റെ മുൾമുനയിൽ നിൽക്കുന്ന പാറ്റൂർ കേസ് ഉൾപ്പെടെ തിരിച്ചടിയാകുമെന്ന വിലയിരുത്തലും മുഖ്യമന്ത്രിക്കുണ്ട്. ഇതിനൊപ്പം ബാർ കോഴയിലും പുലിവാലു പിടിക്കും. അതേസമയം തനിക്കെതിരെ നടപടിയുണ്ടായാൽ നിയമപരമായി നേരിടാനുള്ള തയ്യാെറടുപ്പിലാണ് ജേക്കബ്ബ് തോമസ്.